WORLD

യുക്രെയ്‌ന്റെ പ്രത്യാക്രമണം: റഷ്യൻ മേഖലകൾ പിടിച്ചടക്കി മുന്നേറ്റം, തടയാനാകാതെ പുടിൻ, രാഷ്ട്രീയ വെല്ലുവിളികൾ ഏറെ

പ്രതിരോധപ്രവർത്തനങ്ങൾക്കായി റഷ്യൻ സൈന്യത്തെ അയക്കുന്നുണ്ടെങ്കിലും കുറഞ്ഞ അംഗബലം റഷ്യക്ക് തിരിച്ചടിയാകുകയാണ്

വെബ് ഡെസ്ക്

കുർസ്‌ക് മേഖലയിലേക്ക് കടന്നുകയറിയുള്ള യുക്രെയ്‌ന്റെ അപ്രതീക്ഷിത ആക്രമണം ചെറുക്കാനാകാതെ കുഴയുകയാണ് റഷ്യ. തങ്ങളുടെ അതിർത്തിക്കുള്ളിൽ യുക്രെയ്ൻ സേന നടത്തുന്ന മുന്നേറ്റം തടയാൻ ഇതുവരെ റഷ്യയ്ക്ക് ആയിട്ടില്ല. പ്രതിരോധപ്രവർത്തനങ്ങൾക്കായി റഷ്യൻ സൈന്യത്തെ അയക്കുന്നുണ്ടെങ്കിലും കുറഞ്ഞ അംഗബലം റഷ്യക്ക് തിരിച്ചടിയാകുകയാണ്.

കുർസ്കിലെ യുക്രെയ്ൻ സൈന്യം

റഷ്യൻ അതിർത്തികൾക്കുള്ളിലേക്ക് കടന്നുകയറി യുക്രെയ്ൻ ആക്രമണം ആരംഭിച്ചതോടെ, നിർബന്ധിത സൈനിക സേവനം നടത്തുന്ന യുവാക്കളെ പ്രതിരോധപ്രവർത്തനങ്ങൾക്കായി കുർസ്‌ക് മേഖലയിലേക്ക് അയയ്‌ക്കേണ്ട അവസ്ഥയിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അങ്ങനെ അയച്ചവരിൽ നൂറുകണക്കിന് പേരെ യുക്രെയ്ൻ സൈന്യം തടവിലാക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയ്ൻ അധിനിവേശത്തിന്റെ ആദ്യനാളുകളിൽ പുടിൻ നിർബന്ധിത സൈനിക സേവനം നടത്തുന്നവരെ യുദ്ധഭൂമിയിലേക്ക് അയച്ചത് റഷ്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് തീരുമാനം പുടിൻ പിൻവലിക്കുകയും ചെയ്തു. എന്നാൽ അതേ അവസ്ഥയിലേക്കാണ് നിലവിലെ കാര്യങ്ങൾ നീങ്ങുന്നത്.

കണക്കുകൾ പ്രകാരം, യുക്രെയ്നിൽ രണ്ടരവർഷം കൊണ്ട് റഷ്യ ഉണ്ടാക്കിയതിനേക്കാൾ മുന്നേറ്റം രണ്ടാഴ്ച കൊണ്ടുണ്ടാക്കാന്‍ യുക്രെയ്ൻ സൈന്യത്തിന് സാധിച്ചിട്ടുണ്ട്

ഒന്നുകിൽ യുക്രെയ്നിൽ ആക്രമണം നടത്തുന്ന സൈനികരിൽ കുറച്ചുപേരെ കുർസ്‌ക് മേഖലയിൽ വിന്യസിക്കുകയോ അല്ലെങ്കിൽ നിർബന്ധിത സൈനിക സേവനം നടത്തുന്നവരെ അയയ്ക്കുകയോ മാത്രമാണ് മുൻപിലുള്ള വഴി. രണ്ടായാലും പുടിന് കാര്യങ്ങൾ അത്ര സുഖകരമായിരിക്കില്ല. 2022 മാർച്ചിന് ശേഷം, പുടിൻ നിർബന്ധിത സൈനിക സേവനം ചെയ്യുന്നവരെ യുക്രെയ്നിലെ യുദ്ധഭൂമിയിലേക്ക് അയച്ചിരുന്നില്ല. എന്നാൽ യുക്രെയ്ൻ തുടങ്ങിവച്ച കുർസ്‌ക് മേഖലയിലെ ആക്രമണം പുടിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. റഷ്യയുടെ പക്കലുള്ള റിസർവ് സൈന്യത്തിന്റെ അംഗബലം റഷ്യൻ അതിർത്തിക്കുളിലെ യുക്രെയ്ൻ മുന്നേറ്റത്തെ തടയാൻ കഴിയുന്നതല്ല.

കുർസ്കിലെ യുക്രെയ്ന്‍ ആക്രമണം

യുക്രെയ്ൻ കടന്നാക്രമണം ആരംഭിച്ച് നാലുദിവസം പിന്നീടവേ, നിർബന്ധിത സൈനിക സേവനം നടത്തുന്ന യുവാക്കളുടെ അമ്മമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ മക്കളെ പുടിൻ സർക്കാർ ആക്രമണത്തിന് അയയ്ക്കുന്നു എന്നായിരുന്നു അവരുടെ പരാതി. വിഷയത്തിൽ പുടിൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

കണക്കുകൾ പ്രകാരം, യുക്രെയ്നിൽ രണ്ടരവർഷം കൊണ്ട് റഷ്യ ഉണ്ടാക്കിയതിനേക്കാൾ മുന്നേറ്റം രണ്ടാഴ്ച കൊണ്ടുണ്ടാക്കാന്‍ യുക്രെയ്ൻ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. റഷ്യയിലെ ഏകദേശം 1293 ചതുരശ്ര കിലോമീറ്റർ മേഖലയാണ് യുക്രെയ്ൻ പിടിച്ചെടുത്തിരിക്കുന്നത്. 28 കിലോമീറ്റർ ഉള്ളിലേക്ക് യുക്രെയ്ൻ സൈന്യം കടക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, 2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ അധിനിവേശത്തിൽ യുക്രെയ്‌ന്റെ 1175 ചതുരശ്ര കിലോമീറ്റർ മാത്രമാണ് അധീനതയിലാക്കാൻ സാധിച്ചത്. കഴിഞ്ഞ ആഴ്‌ച മാത്രം, 19 റഷ്യൻ സെറ്റിൽമെൻ്റുകളാണ് യുക്രെയ്ൻ പിടിച്ചെടുത്തിരിക്കുന്നത്. എല്ലാത്തരത്തിലും പുടിന് തിരിച്ചടിയായിരിക്കുന്ന ആക്രമണം യുക്രെയ്ൻ നടത്തുന്നത്. 'റഷ്യയുടെ സുരക്ഷ' എന്ന പുടിന്റെ പ്രധാന രാഷ്ട്രീയ ആയുധത്തിന്റെ മുനയൊടിക്കുന്ന നീക്കമായാണ് യുക്രെയ്‌ന്റെ അപ്രതീക്ഷിത പ്രത്യാക്രമണവും തുടർന്നുള്ള മുന്നേറ്റത്തെയും വിദഗ്ദർ വിലയിരുത്തുന്നത്. എന്നിരുന്നാലും സ്വന്തം തട്ടകത്തിൽ യുക്രെയ്ൻ ഇപ്പോഴും പ്രതിരോധത്തിലാണ്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ