WORLD

യുക്രെയ്നിൽ റഷ്യ ജയിക്കുമെന്ന് കിം; ഉത്തരകൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ

കൂടിക്കാഴ്ചയിൽ, അടുത്ത 100 വർഷത്തേക്ക് സുസ്ഥിരവും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമായ ബന്ധം വളർത്തിയെടുക്കാൻ കിം സന്നദ്ധത പ്രകടിപ്പിച്ചതായി കെസിഎൻഎ റിപ്പോ‍ർട്ട് ചെയ്തു

വെബ് ഡെസ്ക്

ഉത്തരകൊറിയ സന്ദർശിക്കാനുള്ള കിം ജോങ് ഉന്നിന്റെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ബുധനാഴ്ച റഷ്യയിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അവസാനമാണ് കിം ജോങ് ഉൻ പുടിനെ ക്ഷണിച്ചത്. പുടിൻ ആ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയും റഷ്യ-ഡിപിആർകെ സൗഹൃദത്തിന്റെ ചരിത്രവും പാരമ്പര്യവും മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്റെ ആഗ്രഹം വീണ്ടും ഉറപ്പിക്കുകയും ചെയ്തുവെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

''സ്വീകരണത്തിനൊടുവിൽ, സൗകര്യപ്രദമായ സമയത്ത് ഡിപിആർകെ(ഉത്തര കൊറിയയുടെ ഔദ്യോഗിക നാമം) സന്ദർശിക്കാൻ കിം ജോങ് ഉൻ പുടിനെ ആദരപൂർവം ക്ഷണിച്ചു. പുടിൻ ആ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയും റഷ്യ-ഡിപിആർകെ സൗഹൃദത്തിന്റെ ചരിത്രവും പാരമ്പര്യവും മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്റെ ആഗ്രഹം വീണ്ടും ഉറപ്പിക്കുകയും ചെയ്തു''- സംസ്ഥാന വാർത്താ ഏജൻസിയായ കെസിഎൻഎ പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ഉത്തര കൊറിയ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണിത്. റഷ്യയുടെ കിഴക്കുള്ള വോസ്‌റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തിൽ വച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചയിലായിരുന്നു കിം റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, പുടിന് പ്യോങ്യാങ് സന്ദർശിക്കാൻ പദ്ധതിയില്ലെന്ന് ബുധനാഴ്ച പറഞ്ഞിരുന്നു.

കൂടിക്കാഴ്ചയിൽ, അടുത്ത 100 വർഷത്തേക്ക് സുസ്ഥിരവും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമായ ബന്ധം വളർത്തിയെടുക്കാൻ കിം സന്നദ്ധത പ്രകടിപ്പിച്ചതായി കെസിഎൻഎ റിപ്പോ‍ർട്ട് ചെയ്തു. റഷ്യ നിലവിൽ തങ്ങളുടെ പരമാധികാര അവകാശങ്ങളും സുരക്ഷയും താത്പ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ആധിപത്യ ശക്തികൾക്കെതിരായ ന്യായമായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് യുക്രെയ്ൻ യുദ്ധത്തെ പരോക്ഷമായ പരാമർശിച്ച് കിം പറഞ്ഞു. ശത്രുക്കൾക്കെതിരെ റഷ്യ 'വലിയ വിജയം' നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കിം പുടിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം യുക്രെയ്‌നെതിരെ പ്രത്യേക സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യയെ പാശ്ചാത്യ രാജ്യങ്ങൾ രൂക്ഷമായി വിമർശിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ജനാധിപത്യ രാജ്യങ്ങൾ പുറത്താക്കിയ മറ്റ് നേതാക്കളുമായി സഖ്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മോസ്കോ ഇപ്പോൾ. അതിനിടെ പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷം സുഖോയ് യുദ്ധവിമാനങ്ങളും മറ്റ് വിമാനങ്ങളും നിർമിക്കുന്ന ഫാക്ടറി സന്ദർശിക്കാൻ കിം തീരുമാനിച്ചതായി ജപ്പാനിലെ ക്യോഡോ വാർത്താ ഏജൻസി ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ ഉത്തര കൊറിയയെ സഹായിക്കുമെന്ന് കിമ്മിന് പുടിൻ ഉറപ്പ് നൽകിയിരുന്നു. യുക്രെയിനിലെ സൈനിക നടപടിക്കാവശ്യമായ ആയുധങ്ങൾ റഷ്യയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ടാണ് കിം- പുടിൻ കൂടിക്കാഴ്ച നടന്നതെന്നാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ. അതിനിടെ, കിം - പുടിൻ കൂടിക്കാഴ്ചയ്ക്കിടെ ഇന്നലെ ഉത്തര കൊറിയയിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവും നടന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ