WORLD

നാവ് അനക്കിയാല്‍ ആയുസൊടുങ്ങും!; പുടിനെ വിമര്‍ശിച്ച് മരണം വരിച്ച നവാല്‍നിയുടെ മുന്‍ഗാമികള്‍

ഈ മരണങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടോ റഷ്യന്‍ ഏജന്റുമാരോടോ നേരിട്ട് ബന്ധപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും ദുരൂഹതകൾ ബാക്കിയാണ്

വെബ് ഡെസ്ക്

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നിശിത വിമർശകനായിരുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മരണം ആഗോള തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിട്ടുള്ളത്. നവാല്‍നി കൊല്ലപ്പെട്ടേക്കാമെന്ന് അമേരിക്ക ഉൾപ്പടെ പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നതാണ്. നേരത്തെയും നവാല്‍നിയെ കൊലപ്പെടുത്താൻ പുടിൻ ശ്രമിച്ചിട്ടുണ്ടെന്ന് ആരോപണങ്ങൾ നിലനിൽക്കെയാണ് മരണം. അതിനാൽ നവാല്‍നിയുടെ അപ്രതീക്ഷിത മരണം വലിയ വിവാദങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്.

നേരത്തെയും പല പുടിൻ വിമർശകരും പല സാഹചര്യത്തിൽ മരിച്ചിട്ടുണ്ട് എന്ന വസ്തുത മറച്ച് വയ്ക്കാനാകാത്തതാണ്. ആ പട്ടികയിലെ ഒടുവിലത്തെയാളാണ് നവാല്‍നിയെന്നു മാത്രം. ഈ മരണങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടോ റഷ്യന്‍ ഏജന്റുമാരോടോ നേരിട്ട് ബന്ധപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും ദുരൂഹതകൾ ബാക്കിയാണ്. വിമാനാപകടങ്ങൾ മുതൽ വിഷ പ്രയോഗം വരെ മരണ കാരണങ്ങളാണ്. പലരും മരിക്കുന്നത് പുടിനുമായുള്ള സംഘർഷങ്ങൾ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴും.

ആരൊക്കെയാണ് സമാനമായി അകാല മരണം വരിക്കേണ്ടി വന്ന പുടിൻ വിമർശകർ ?

യെവ്ഗനി പ്രിഗോഷിന്‍

യെവ്ഗനി പ്രിഗോഷിന്‍

റഷ്യക്കെതിരെ അട്ടിമറി ഭീഷണിയുയര്‍ത്തിയ കൂലിപ്പടയാളി സംഘമായ വാഗ്‌നര്‍ ഗ്രൂപ്പ് തലവനായിരുന്നു യെവ്ഗനി പ്രിഗോഷിന്‍. മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പ്രിഗോഷിന്‍ ഉള്‍പ്പെടെ പത്തുപേര്‍ സഞ്ചരിച്ചിരുന്ന വിമാനം എംബറര്‍ ലഗസി 600 എക്‌സിക്യൂട്ടീവ് ജെറ്റ് അപകടം സംഭവിച്ചാണ് പ്രിഗോഷിന്‍ മരിക്കുന്നത്.

ഏകദേശം 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍, വിമാനം 28,000 അടി ഉയരത്തില്‍ നിന്ന് 8,000 അടിയിലധികം താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 30 സെക്കന്റ് മുൻപ് വരെ വിമാനം യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളും കാണിച്ചിരുന്നില്ല. ഒന്നോ അതിലധികമോ ഭൂതല മിസൈലുകള്‍ ഉപയോഗിച്ച് വിമാനം വെടിവെച്ചിടുകയായിരുന്നു എന്നാണ് അഭ്യൂഹം. ഈ വർഷം ജൂണിൽ റഷ്യയിൽ നടത്തിയ അട്ടിമറി ശ്രമത്തിന് പിന്നാലെ പ്രിഗോഷിന്‍ റഷ്യ വിട്ട് ആഫ്രിക്കയിലേക്ക് കടന്നിരുന്നു.

ബോറിസ് നെംത്‌സോവ്

ബോറിസ് നെംത്‌സോവ്

2015 ഫെബ്രുവരി 27 നാണ് യുക്രെയ്നിലെ പ്രതിപക്ഷ നേതാവ് ബോറിസ് നെംത്‌സോവ് ക്രെംലിന്‌ സമീപം വെടിയേറ്റ് കൊല്ലപ്പെടുന്നത്. യുക്രെയ്നിലെ റഷ്യൻ ഇടപെടലിനെ ചോദ്യം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മരണം.തന്റെ കാമുകിയുമൊത്ത്‌ അത്താഴം കഴിച്ചതിന് ശേഷം മോസ്കോയിലെ ഒരു പാലത്തിലൂടെ നടക്കുകയായിരുന്നു അദ്ദേഹം. അജ്ഞാതനായ അക്രമി പുറകിൽ നിന്ന് പല തവണ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാമുകി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ക്രെംലിന്‌ സമീപമുള്ള ഒരു പൊതുസ്ഥലത്ത് വളരെ പ്രശസ്തനായ ഒരു നേതാവ് വെടിയേറ്റ് കൊല്ലപ്പെടുന്നത് ഞെട്ടിച്ച സംഭവമായിരുന്നു. അക്കാലത്ത്, നെംത്‌സോവ് രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ ഒരാളും പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ഏറ്റവും ശക്തമായ വിമർശകരിൽ ഒരാളുമായിരുന്നു. കൊല ചെയ്തവരെ കണ്ടെത്തിയെങ്കിലും നിർദേശം നൽകിയ ആൾ ആരാണെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.

36-ആം വയസിൽ റഷ്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന, റഷ്യൻ പ്രസിഡന്റ് പദവിയിൽ എത്തുമെന്ന് രാജ്യം കരുതിയിരുന്ന ബോറിസ് നെംത്‌സോവിന്റെ മരണത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്താനുള്ള ആവശ്യവും നെംത്‌സോവിന് ഒരു സ്മാരകം സ്ഥാപിക്കാനുള്ള അഭ്യർത്ഥനയും റഷ്യൻ അധികാരികൾ നിരസിച്ചു. അദ്ദേഹത്തിന് വെടിയേറ്റ പാലത്തിൽ അർപ്പിക്കുന്ന പൂക്കൾ പോലും പതിവായി നീക്കം ചെയ്തു. ആ പാലത്തിന് പേര് മാറ്റാനും ആവശ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും ക്രെംലിൻ ചെവികൊണ്ടില്ല.

ബോറിസ് ബെറെസോവ്‌സ്‌കി

ബോറിസ് ബെറെസോവ്‌സ്‌കി

പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ബദ്ധശത്രുക്കളിൽ ഒരാളായിരുന്നു ബെറെസോവ്‌സ്‌കി. 2013 മാർച്ചിലാണ് ലണ്ടന് പടിഞ്ഞാറ് ക്വീൻ എലിസബത്തിൻ്റെ വിൻഡ്‌സർ കാസിലിനടുത്തുള്ള ഒരു സമ്പന്ന ഇംഗ്ലീഷ് പട്ടണമായ അസ്കോട്ടിലെ ഒരു ആഡംബര മാളികയിലെ കുളിമുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ സ്കാർഫ് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

സംശയാസ്പദമായ മറ്റ് സാഹചര്യങ്ങളോ ലക്ഷണങ്ങളോ ഇല്ലാത്തതിനാൽ ആത്മഹത്യ എന്ന പേരിൽ പോലീസ് കേസ് അവസാനിപ്പിച്ചു. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല. വിഷാദം ബാധിച്ചതിനാൽ അദ്ദേഹം തൂങ്ങി മരിച്ചു എന്ന റിപ്പോർട്ടിൽ ക്രെംലിൻ ഉറച്ച് നിന്നു.

ഒരിക്കൽ "ക്രെംലിൻ ഗോഡ്ഫാദർ" എന്നറിയപ്പെടുന്ന ബെറെസോവ്സ്കി പുടിന് കീഴിൽ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു. എന്നാൽ പുടിനുമായുള്ള തർക്കങ്ങളെ തുടർന്ന് 2000-ൽ അദ്ദേഹം ലണ്ടനിലേക്ക് നാട് കടന്നു. 2006 ൽ സുഹൃത്തും മുൻ റഷ്യൻ ചാരനുമായ അലക്സാണ്ടർ ലിറ്റ്‌വിനെങ്കോ മരിച്ചതോടെ അദ്ദേഹം ആശങ്കാകുലനായി. ക്രെംലിനെതിരെയുള്ള നിരന്തര വിമർശനങ്ങളും ആരോപണങ്ങളും തന്നെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നാണ് അഭ്യൂഹങ്ങൾ.

അലക്സാണ്ടർ ലിറ്റ്വിനെങ്കോ

അലക്സാണ്ടർ ലിറ്റ്വിനെങ്കോ

മുൻ റഷ്യൻ എഫ്എസ്ബി ചാരനും പുടിൻ വിമർശകനുമായ അലക്സാണ്ടർ 2006-ൽ റേഡിയോ ആക്ടീവ് ഐസോടോപ്പായ പൊളോണിയം-210 വിഷം കലർന്ന ചായ കുടിച്ചാണ് കൊല്ലപ്പെടുന്നത്. 1999-ലെ ചെചെൻ യുദ്ധം ആരംഭിക്കാൻ കാരണമായി ഉപയോഗിച്ചിരുന്ന മോസ്കോയിലെ അപാര്ട്മെംട് ബോംബ് സ്ഫോടനങ്ങൾക്ക് ആസൂത്രണം ചെയ്തതും അഴിമതിയും ഉൾപ്പടെയുള്ള ആരോപണങ്ങൾ പുടിനെതിരെ അദ്ദേഹം ആരോപിച്ചിരുന്നു.

യുകെ പൗരത്വം നേടിയ ലിറ്റ്‌വിനെങ്കോ ലണ്ടനിൽ രണ്ട് റഷ്യൻ ചാരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വിഷം കലർന്ന ചായ കുടിച്ചത്. അന്വേഷണത്തിൽ പുടിന്റെ അനുമതിയോടെ റഷ്യൻ ഏജൻ്റുമാർ ലിറ്റ്വിനെങ്കോയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലൂടെയാണ് പുടിന് വിമർശകരുടെ മരണങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റുന്നത്.

റവിൽ മഗനോവ്

റവിൽ മഗനോവ്

റഷ്യയിലെ ലുക്കോയിൽ എണ്ണക്കമ്പനിയുടെ ചെയർമാൻ രവിൽ മഗനോവ് മോസ്‌കോയിലെ ആശുപത്രി ജനാലയിൽ നിന്ന് വീണാണ് മരിച്ചത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പരസ്യമായി വിമർശിച്ചയാളായിരുന്നു അദ്ദേഹം. അദ്ദേഹം അസുഖ ബാധിതനായി മരിച്ചു എന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വീഴ്ചയിലെ പരിക്കുകളാണ് അദ്ദേഹത്തിന്റെ ജീവൻ എടുത്തതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയിലെ പലവ്യവസായികളും സമാനമായി കുടുംബത്തോടൊപ്പവും അല്ലാതെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്വേഷങ്ങൾ പലപ്പോഴും എവിടെയും എത്താതെ പോകുന്നു.

അന്ന പൊളിറ്റ്കോവ്സ്കയ

അന്ന പൊളിറ്റ്കോവ്സ്കയ

പുടിനെയും ചെചെൻ നേതാവ് റംസാൻ കദിറോവിനെയും വിമർശിച്ച് വാർത്ത എഴുതിയ മാധ്യമപ്രവർത്തകയായിരുന്നു അന്ന പൊളിറ്റ്കോവ്സ്കയ. 2006 ൽ മോസ്കോയിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വെടിയേറ്റാണ് അന്ന കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ആക്രമണത്തിന് ഉത്തരവിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു അന്ന. അതിനാൽ മാധ്യമ സ്വാതന്ത്ര്യവും നിർഭയമായ മാധ്യമ പ്രവർത്തനവും അന്ന് വലിയ ചർച്ച വിഷയമായി ഉയർന്ന് വന്നു.

അലക്‌സി നവാല്‍നി

അലക്‌സി നവാല്‍നി

മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്‌ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നിയെ ജയിൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തീവ്രവാദം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങൾ ചാർത്തിയാണ് 47 കാരനായ നവാല്‍നിയെ റഷ്യൻ സർക്കാർ ജയിലിൽ അടച്ചത്. 2022 ആദ്യം മുതല്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.

പുടിന്റെ ഏകാധിപത്യ ഭരണത്തെത്തിനെതിരായ വിമർശനങ്ങളാണ് നവാല്‍നിയെ ജയിലിൽ എത്തിച്ചത് എന്നായിരുന്നു അനുയായികളുടെ ആരോപണം. 2011-12 കാലത്ത് പുടിനെതിരേ അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് നവാല്‍നി ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പുടിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തത്. നേരത്തെ നവാല്‍നിക്കെതിരെ വിഷപ്രയോഗം നടന്നതോടെ അദ്ദേഹം കോമയിൽ ആയിരുന്നു.

പുടിന്റെ വിമർശകരിൽ മിക്കവാറും കൊല്ലപ്പെടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്തു. അവശേഷിച്ചവർ വിദേശ രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്. ഒരിക്കലും തെളിയിക്കപ്പെടാത്ത ദുരൂഹതൽ പേറിയാണ് പലരും കൊല്ലപ്പെടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ