WORLD

റഷ്യ-യുക്രെയ്ന്‍ യുദ്ധം; 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ

വെബ് ഡെസ്ക്

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍. പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുടെ ഉപദേശകന്‍ മിഖാലിയോ പൊഡോലിയാക് ആണ് യുക്രെയ്നുണ്ടായ സൈനിക നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ മിഖാലിയോയുടെ പ്രസ്താവന യുക്രെയ്ന്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം രൂക്ഷമായിരിക്കെ രാജ്യത്ത് ദിവസവും 100നും 200നും ഇടയില്‍ സൈനികര്‍ കൊല്ലപ്പെട്ട ദിവസങ്ങളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വ്യക്തമാക്കുന്നു. ജൂണിലും ദിനംപ്രതി കൊല്ലപ്പെടുന്ന സൈനികരുടെ കണക്കുകള്‍ യുക്രെയ്ന്‍ പുറത്തുവിട്ടിരുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വിശദീകരിക്കുന്നു . 10,000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും മിഖാലിയോ വ്യക്തമാക്കുന്നു.

യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ ഇതിലേറെയാണെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളിലേതുമായി ഒരു ലക്ഷത്തോളം സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ മാസം അമേരിക്ക പുറത്ത് വിട്ട കണക്കുകള്‍.

റഷ്യ യുക്രെയ്ന്‍ യുദ്ധത്തിൽ ഏകദേശം ഒരു ലക്ഷം റഷ്യൻ സൈനികരും ഒരു ലക്ഷം യുക്രെയ്നിയൻ സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാവുമെന്ന് മുതിർന്ന യുഎസ് ജനറൽ മാര്‍ക് മില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘർഷത്തിൽ അകപ്പെട്ട് 40,000 സാധാരണക്കാർ മരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണക്കുകള്‍ യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

അതിനിടെ, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും നടത്തിയ കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍ വിഷയം പ്രധാന ചര്‍ച്ചയായി. ''യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ തയ്യാറാണ്'' - ബൈഡന്‍ വ്യക്തമാക്കി. പുടിനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നായിരുന്നു നേരത്തെ അമേരിക്കന്‍ നിലപാട്. ആദ്യം മുതല്‍ തന്നെ റഷ്യയോട് കടുത്ത നിലപാട് സ്വീകരിക്കാത്ത രാജ്യമാണ് ഫ്രാന്‍സ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്ന പരിഹാരത്തിന് ആവശ്യമായ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നാണ് ഫ്രാന്‍സ് വ്യക്തമാക്കിയിരുന്നു. സമ്പദ് വ്യവസ്ഥയില്‍ റഷ്യ - യുക്രെയ്ന്‍ യുദ്ധമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും, ആണവ ആക്രമണ സാഹചര്യവും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചയായി.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും