റഷ്യ-യുക്രെയ്ന്‍ യുദ്ധം മാറ്റമില്ലാതെ തുടരുന്നതിനിടെ യുക്രെയ്‌നിന്റെ കിഴക്കന്‍ മേഖലകളില്‍ സ്ഥിതി കൂടുതല്‍ വഷളായതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്കി. റഷ്യ കൂടുതല്‍ സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ വിശദീകരിച്ച് സെലന്‍സ്‌കി രംഗത്തെത്തിയത്.
രാജ്യത്തിന്റെ കിഴക്കന്‍ മേഖല ആരംഭിക്കുന്ന ഭാഗങ്ങളില്‍ സ്ഥിതി ഗതികള്‍ വളരെ മോശമാണ്. പ്രധാനമായും ബാഖ്മട്ട്, വുഹ് ലേദാര്‍, ലൈമാന്‍ തുടങ്ങിയ പ്രദേശങ്ങളെ യുദ്ധം വലിയ രീതിയില്‍ ബാധിച്ചു. രാജ്യത്തിന്റെ പ്രതിരോധം ഏതു വിധേനയും തകര്‍ക്കാനാണ് അധിനിവേശക്കാരുടെ ശ്രമമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. കൂടാതെ യുക്രെയ്‌ന്റെ കല്‍ക്കരി ഖനനങ്ങളുടെ പ്രധാന കേന്ദ്രമായ വുഹ് ലേദാര്‍ പിടിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. യുക്രെയ്‌ന്റെ പലഭാഗങ്ങളിലും ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണത്തില്‍ ഒഡേസയിലെ പവര്‍ പ്ലാന്റിന് തീപിടിച്ച് പ്രദേശത്തെ 5,00,000 വീടുകളിലേക്കുള്ള വെെദ്യുതി തടസപ്പെട്ടിരുന്നു.
രാജ്യത്തിന്റെ പ്രതിരോധം ഏതു വിധേനയും തകര്‍ക്കാനാണ് അധിനിവേശക്കാരുടെ ശ്രമമെന്ന് സെലൻസ്കി
ബാഖ്മട്ട് , ലൈമാന്‍ എന്നീ മേഖലകളിലെ പ്രതിരോധം തകര്‍ക്കാന്‍ നിരന്തരമായി റഷ്യ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് റഷ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും യുക്രെയ്ന്‍ ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രി ഹന്ന നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ സ്വതന്ത്ര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, യുദ്ധത്തില്‍ ഏര്‍പ്പെട്ട റഷ്യയുടെ 50,000 സൈനികരില്‍ ഏകദേശം 40,000 പേരാണ് മരിച്ചത്.
റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയോടും, യൂറോപ്യന്‍ യൂണിയനോടും യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു
കഴിഞ്ഞ ദിവസം യുക്രെയ്‌നെതിരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 20ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ യുക്രെയ്ന്‍ പ്രതിഷേധം രേഖപ്പെടുത്തകയും റഷ്യക്കെതിരെ പ്രതിരോധം ശക്തമാക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയോടും, യൂറോപ്യന്‍ യൂണിയനോടും യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം.