റഷ്യയിൽ ആഭ്യന്തര കലാപത്തിന് തിരികൊളുത്തി പിന്മാറിയ വാഗ്നർ സേനാ തലവൻ യെവ്ഗനി പ്രിഗോഷിൻ റഷ്യ വിട്ടിട്ടില്ലെന്ന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ. കലാപ ശ്രമങ്ങൾക്ക് പിന്നാലെ പ്രിഗോഷിൻ ബെലാറസിലെത്തി എന്നായിരുന്നു നേരത്തെ ലുകാഷെങ്കോ പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹം ബെലാറസിൽ എത്തിയിട്ടില്ലെന്നും റഷ്യയില്‍ തന്നെ തുടരുകയാണെന്നും ഇന്ന് ലുകാഷെങ്കോ വ്യക്തമാക്കി.
" പ്രിഗോഷിൻ സെന്റ് പീറ്റേഴ്‌സ്ബർഗിലാണ്, ബെലാറസിലല്ല. ഇന്ന് രാവിലെ ചിലപ്പോൾ അയാൾ മോസ്കോയിലേക്ക് പോയിരിക്കാം," അലക്സാണ്ടര്‍ ലുകാഷെങ്കോ പറഞ്ഞു.
കലാപത്തിൽ നിന്ന് വാഗ്നർ സേനയെ പിന്തിരിപ്പിക്കാനായി റഷ്യയുണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായിരുന്നു പ്രിഗോഷിന്റെ ബെലാറസിലേക്കുള്ള പലായനം. കരാറിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച പ്രിഗോഷിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ റഷ്യ ഒഴിവാക്കിയിരുന്നു. എന്നാൽ പലായനത്തിന് ശേഷം പ്രഗോഷിന്റെ നീക്കങ്ങൾ പിന്തുടരുന്നില്ലെന്ന് ബെലാറസ് പ്രസിഡന്റിന്റെ പരാമർശത്തിൽ പ്രതികരിച്ചു കൊണ്ട് റഷ്യ വ്യക്തമാക്കി.
പ്രിഗോഷിന്റെ സ്വകാര്യ ജെറ്റ് ജൂൺ അവസാനത്തോടെ ബെലാറസിലേക്ക് പോവുകയും അതേ ദിവസം തന്നെ റഷ്യയിലേക്ക് മടങ്ങിയതായും ബിബിസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷം ജെറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിനും മോസ്കോയ്‌ക്കുമിടയിൽ നിരവധി തവണ സഞ്ചരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ ജെറ്റിൽ പ്രിഗോഷിൻ ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല.
വാഗ്നർ പോരാളികൾ ഇപ്പോഴും റഷ്യൻ അധിനിവേശ കിഴക്കൻ യുക്രെയ്നിലും ക്രാസ്നോദർ മേഖലയിലെ പരിശീലന താവളങ്ങളിലും തുടരുകയാണെന്നും ബെലാറസ് പ്രസിഡന്റ് വ്യക്തമാക്കി. ബെലാറസിലേക്ക് വരാൻ താത്പര്യമുള്ള വാഗ്നർ പടയാളികളെ സ്വാഗതം ചെയ്യുന്നു. അവരുടെ ഉപയോഗത്തിനായി സോവിയറ്റ് കാലഘട്ടത്തിലെ നിരവധി സൈനിക സൈറ്റുകൾ നല്കാമെന്നുള്ള ഓഫർ നൽകിയിട്ടുണ്ട്. ആ ഓഫർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അദ്ദേഹം പറഞ്ഞു.
"എന്നാൽ വാഗ്നറിന്റെ പ്ലാനുകൾ മറ്റൊന്നാണ് , അതെന്താണെന്ന് തീർച്ചയായും ഞാൻ നിങ്ങളോട് പറയില്ല. ഇപ്പോൾ അവരുടെ സ്ഥലംമാറ്റ പ്രശ്നം പരിഹരിച്ചിട്ടില്ല" ലുകാഷെങ്കോ മാധ്യമങ്ങളോട് വ്യക്തമാക്കി. വാഗ്നർ പോരാളികൾ ബെലാറസിലേക്ക് നീങ്ങുന്നത് അപകടസാധ്യതയായി കാണുന്നില്ലെന്നും അവർ ഒരിക്കലും തന്റെ രാജ്യത്തിനെതിരെ ആയുധമെടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാല്‍നൂറ്റാണ്ട് നീണ്ട പുടിന്‍ ഭരണത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയ സംഭവമായിരുന്നു മോസ്‌കോയെ ലക്ഷ്യമിട്ട് വാഗ്‌നര്‍ ഗ്രൂപ്പ് നടത്തിയ അപ്രതീക്ഷിത വിമത നീക്കം. വാഗ്‌നറിനെ നേരിട്ട് നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളോടുള്ള പ്രതികരണമായിരുന്നു കടന്നാക്രമണമെന്നാണ് വാഗ്നര്‍ സേനാ തലവന്‍ പ്രിഗോഷിൻ വ്യക്തമാക്കിയത്.
പിന്നീട് ബെലാറസ് പ്രസിഡന്റുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പ്രകാരം വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിനെതിരായ നീക്കം അവസാനിപ്പിച്ചത് .സംഭവം ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന പുടിന്റെ സ്ഥാനത്തിന് ഇളക്കുമുണ്ടാക്കി എന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ.