വ്ലാദിമിർ പുടിൻ 
WORLD

'വിമാനത്തിനകത്ത് ഗ്രനേഡ് സ്ഫോടനമുണ്ടായി'; പ്രിഗോഷിന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പുടിൻ

അപകടത്തിൽ മരിച്ചവരുടെ ശരീരത്തിൽ സ്ഫോടകവസ്തുക്കളുടെ അംശം കണ്ടെത്തിയതായി റഷ്യൻ പ്രസിഡന്റ്

വെബ് ഡെസ്ക്

കൂലിപ്പടയാളി സംഘം വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ട വിമാനാപകടത്തിന് കാരണം ഹാൻഡ് ഗ്രനേഡുകൾ പൊട്ടിത്തെറിച്ചതാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അപകടത്തിൽ മരിച്ചവരുടെ ശരീരത്തിൽ സ്ഫോടകവസ്തുക്കളുടെ അംശം കണ്ടെത്തിയെന്ന റഷ്യയുടെ അന്വേഷണ സമിതി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ഓഗസ്റ്റിൽ നടന്ന വിമാനാപകടം മിസൈൽ പതിച്ചാണെന്നായിരുന്നു പ്രധാന ആരോപണം. ഈ ആക്ഷേപം തള്ളിയ പുടിന്‍ പ്രിഗോഷിന്റെ വിമാനം തകരാന്‍ കാരണം ഉള്ളിൽ നിന്നുള്ള സ്ഫോടനമാണെന്നും പുടിൻ ചൂണ്ടിക്കാട്ടുന്നു.

“അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ ഗ്രനേഡുകളുടെ ശകലങ്ങൾ കണ്ടെത്തി. വിമാനത്തിൽ ബാഹ്യമായ ആഘാതം ഉണ്ടായിട്ടില്ല,” പ്രിഗോഷിൻ സഞ്ചരിച്ച വിമാനം വെടിവെച്ചിട്ടതാണെന്ന അമേരിക്കയുടെ ആരോപണങ്ങളെ തള്ളി പുടിൻ പറഞ്ഞു. സോചിയിലെ കരിങ്കടൽ റിസോർട്ടിലെ വാൽഡായി ചർച്ചാ ക്ലബ്ബിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് 23 നാണ് വാഗ്നർ തലവൻ പ്രിഗോഷിൻ സഞ്ചരിച്ചുകൊണ്ടിരുന്ന എംബ്രയർ ജെറ്റ് മോസ്‌കോയുടെ വടക്ക് ഭാഗത്ത് തകർന്ന് വീണത്. സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പോവുകയായിരുന്ന വിമാനത്തിലുണ്ടായിരുന്ന 10 പേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് ജെറ്റിൽ നിന്ന് എങ്ങനെയാണ് ഗ്രനേഡോ അല്ലെങ്കിൽ ഗ്രനേഡുകളോ പൊട്ടിത്തെറിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുടിൻ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അപകടത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അംശങ്ങൾ ഉണ്ടോയെന്ന് പരിശോധന നടത്താതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്ന വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. " എന്റെ അഭിപ്രായത്തിൽ അങ്ങനെ ഒരു പരിശോധന നടത്തണമായിരുന്നു. എന്നാൽ അത് ചെയ്തില്ല" അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകടത്തിന് പിന്നാലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ വാഗ്നറുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 10 ബില്യൺ റുബിളും (100 മില്യൺ ഡോളർ) പണവും 5 കിലോ (11 പൗണ്ട്) കൊക്കെയ്‌നും കണ്ടെത്തിയതായും പുടിൻ അവകാശപ്പെട്ടു. വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല. അന്വേഷണത്തിൽ പങ്കുചേരാനുള്ള എംബ്രയർ ബിസിനസ്സ് ജെറ്റ് നിർമ്മിച്ച ബ്രസീലിൽ നിന്നുള്ള വാഗ്ദാനം റഷ്യ നേരത്തെ നിരസിച്ചിരുന്നു.

അതേസമയം, പുടിന്റെ വാദങ്ങള്‍ തള്ളി അന്താരാഷ്ട്ര ഏജന്‍സികള്‍ രംഗത്തെത്തി. വിചിത്രവാദം എന്നായിരുന്നു വാഷിംഗ്‌ടൺ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ISW) പുടിന്റ പ്രതികരണത്തെ വിശേഷിപ്പിച്ചത്. പ്രിഗോഷിന്റെ മരണത്തിന്റെ ഉത്തരവാദിത്വം തങ്ങളിൽ നിന്ന് ഒഴിവാക്കാൻ റഷ്യ ശ്രമിക്കുകയാണ്. മദ്യം, മയക്കുമരുന്ന്, ഗ്രനേഡുകളുടെ തെറ്റായ ഉപയോഗം എന്നിവ കൊണ്ടാണ് അപകടം ഉണ്ടായതെന്ന് റഷ്യ വരുത്തി തീർക്കുകയാണെന്നും സംഘടന ആരോപിച്ചു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി