റഷ്യക്കെതിരെ അട്ടിമറി ഭീഷണിയുയർത്തിയ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്.
മോസ്കോയിൽനിന്ന് സെന്റ്പീറ്റേർസ്ബർഗിലേക്ക് പോകവെയാണ് അപകടമെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന പത്തുപേരും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്ന് ജീവനക്കാരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 10 പേരും അപകടത്തിൽ മരിച്ചുവെന്ന് റഷ്യയുടെ അടിയന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ പ്രാദേശിക മാധ്യമമായ ആർഐഎ നോവോസ്റ്റിയാണ് റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ജൂണിൽ റഷ്യയിൽ നടത്തിയ അട്ടിമറി ശ്രമത്തിന് പിന്നാലെ റഷ്യ വിട്ട പ്രിഗോഷിന്‍ ആഫ്രിക്കയിലേക്ക് കടന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആഭ്യന്തര കലാപത്തിനുശേഷം ആദ്യമായി പ്രിഗോഷിന്‍ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ടിരുന്നു.
യുക്രെയ്ന്‍ അധിനിവേശത്തില്‍ വലിയ പങ്കുവഹിച്ച വാഗ്നര്‍ സംഘം റഷ്യന്‍ സേനയില്‍ നിന്ന് അവഗണന നേരിട്ടെന്നും വ്യോമാക്രമണത്തിലൂടെ വാഗ്നര്‍ ഗ്രൂപ്പിലെ നിരവധിപേരെ കൊലപ്പെടുത്തിയെന്നും പ്രിഗോഷിൻ ആരോപിച്ചിരുന്നു. പിന്നാലെ വിമതനീക്കം നടത്തിയ പ്രിഗോഷിനും സംഘവും ചില റഷ്യൻ പ്രദേശങ്ങൾ കയ്യടക്കുകയും ചെയ്തു.
റഷ്യയുടെ ഭാഗത്തുനിന്ന് തിരിച്ചടി നേരിട്ടതോടെ മോസ്‌കോയിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിച്ച് പ്രിഗോഷിൻ ബെലാറസിലേക്ക് മാറുകയായിരുന്നു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥതയിലായിരുന്നു തീരുമാനം. ഇതിന് ശേഷം പ്രിഗോഷിൻ എവിടെയാണെന്നതിൽ കൃത്യമായ സ്ഥിരീകരണമുണ്ടായിരുന്നില്ല.