WORLD

വാഗ്നർ തലവൻ റഷ്യ വിട്ടു; വിമത നീക്കത്തിനു പിന്നില്‍ പുടിനോ?

ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം

വെബ് ഡെസ്ക്

ലോകം ആശങ്കയോടെ വീക്ഷിച്ച റഷ്യയിലെ ആഭ്യന്തര സംഘര്‍ഷാവസ്ഥ പരിസമാപ്തിയിലേക്ക്. പുടിനെതിരെ വിമത നീക്കം നടത്തിയ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗനി പ്രിഗോഷിൻ റഷ്യ വിടുന്നു. ഉടമ്പടിയുടെ ഭാഗമായി അയല്‍ രാജ്യമായ ബെലാറസിലേക്ക് മാറുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിനെതിരെ സായുധ കലാപത്തിന് ശ്രമിച്ചു എന്നാരോപിച്ച് വാഗ്നര്‍ സൈനിക മേധാവിക്കെതിരെ റഷ്യന്‍ സൈന്യം ചുമത്തിയ കേസ് പിന്‍വലിക്കാമെന്ന കാരാറിലാണ് വാഗ്നര്‍ സേന പിന്‍മാറുന്നത്. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. മോസ്‌കോയിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയാണെന്നും വാഗ്നര്‍ തലവന്‍ പ്രഖ്യാപിച്ചു.

നേരത്തെ പിടിച്ചെടുത്ത് റഷ്യന്‍ സൈനിക നഗരമായ റൊസ്‌തോവില്‍ നിന്ന് വാഗ്നര്‍ സേന പൂര്‍ണമായും പിന്‍ വലിഞ്ഞു. പിന്മാറ്റത്തിന് പിന്നാലെ റഷ്യന്‍ പോലീസ് നഗരം ഏറ്റെടുത്തു.മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ വരെ തന്റെ സേന എത്തിയിരുന്നതായാണ് പ്രിഗോഷിന്‍ അവകാശപ്പെട്ടത്. ഇതിന് പിന്നാലെ പുടിനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ബെലാറസ് പ്രസിഡന്റ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്.

അതേ സമയം 16 മാസം പിന്നിടുന്ന റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്കു വന്ന വീഴ്ച റഷ്യന്‍ സേനയുടെ തലയില്‍ കെട്ടിവെയ്ക്കാനും ചില സൈനിക മേധാവികളെ ഒതുക്കണം എന്ന ലക്ഷ്യത്തോടെ പ്രിഗോഷിനെ മറയാക്കി പുടിന്‍ തന്നെ നടത്തിയ നീക്കമാണോ ഇതെന്ന സംശയവും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉന്നയിച്ചു. റഷ്യയുടെ ബലഹീനതയെന്നായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമർ സെലന്‍സ്‌കി ഈ പ്രശ്‌നത്തെ വിശേഷിപ്പിച്ചത്. പുടിന്റെ ഭരണ തകര്‍ച്ചയുടെ അടയാളമെന്നായിരുന്നു യുക്രെയ്ൻ പ്രതിരോധ വക്താവിന്റ പ്രതികരണം. പെട്ടന്നൊരു വിമത നീക്കം നടത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ അത് പിന്‍വലിച്ച പ്രിഗോഷിന്റെ നടപടിയില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ സംശയം ഉന്നയിച്ചിരുന്നു.

റഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും യുക്രെയ്‌നോടുള്ള അമേരിക്കയുടെ പിന്തുണയില്‍ മാറ്റമില്ലെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം. വാഗ്നര്‍ സൈന്യം റഷ്യയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളിലൊന്ന് മോസ്‌കോയില്‍ നിന്നും പറന്നുയര്‍ന്നിരുന്നു. അതില്‍ പുടിന്‍ രക്ഷപ്പെട്ടു എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തന്നെ നിഷേധിക്കുകയായിരുന്നു മോസ്‌ക്കോ.

പ്രതിരോധമന്ത്രി സെര്‍ഗെയ് ഷൈഗുവും സായുധസേനകളുടെ മേധാവി വലേരി ജെരിസിമോവുമാണ് പ്രിഗോഷിന്റെ ഉന്നം. യുദ്ധത്തിനു പ്രധാന കാരണക്കാരന്‍ ഷൈഗുവാണെന്നായിരുന്നു പ്രിഗോഷിന്റെ കുറ്റപ്പെടുത്തല്‍.

ഒറ്റ രാത്രി കൊണ്ടാണ് വാഗ്‌നര്‍ സൈന്യം തെക്കന്‍ റഷ്യയിലെ റോസ്‌തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്തത്. ഒരു തരത്തിലുള്ള ചെറുത്തുനില്‍പ്പും നേരിടാതെയാണ് നഗരം പിടിച്ചത് എന്നായിരുന്നു വിമത സൈന്യത്തിന്റെ അവകാശവാദം. മൂന്ന് നഗരങ്ങള്‍ വിമതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോസ്‌തോവ്-ഓണ്‍-ഡോണിന് പുറമെ വോറോനെഷാണ് വിമതര്‍ പിടിച്ചെടുത്ത രണ്ടാമത്തെ പ്രദേശം.

റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ വലിയ പങ്കു വഹിച്ച പുടിന്റെ സൈന്യം എന്നറിയപ്പെടുന്ന വാഗ്നര്‍ സേനയ്ക്ക് റഷ്യൻ സേനയില്‍ നിന്നും അവഗണന നേരിട്ടുവന്നും റഷ്യ വ്യോമാക്രമണത്തിലൂടെ വാഗ്നർ ഗ്രൂപ്പിലെ നിരവധി സൈനികരെ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രിഗോഷിന്റെ ആരോപണം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍