WORLD

'പുടിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചിരുന്നില്ല'; കലാപനീക്കം സൈനിക നേതൃത്വത്തിനെതിരായ പ്രതിഷേധമെന്ന് വാഗ്നർ സേന മേധാവി

11 മിനിറ്റ് നീണ്ട ശബ്ദസന്ദേശത്തിലാണ് പ്രിഗോഷിന്‍ നിലപാട് വ്യക്തമാക്കിയത്

വെബ് ഡെസ്ക്

റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ പുടിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന് വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗനി പ്രിഗോഷിന്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ വീഴ്ചവരുത്തിയ സൈനിക നേതൃത്വത്തിനെതിരെയായിരുന്നു പ്രതിഷേധമെന്നും പ്രിഗോഷിന്‍ വ്യക്തമാക്കി. കലാപനീക്കത്തിന് ശേഷം ആദ്യമായി നടത്തിയ പ്രതികരണത്തിലാണ് പ്രഗോഷിന്‌റെ വെളിപ്പെടുത്തല്‍.

11 മിനിറ്റ് നീണ്ട ശബ്ദസന്ദേശത്തിലാണ് പ്രിഗോഷിന്‍ നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച രാത്രി നടന്ന വാഗ്നര്‍ ഗ്രൂപ്പിന്‌റെ കലാപനീക്കം റഷ്യന്‍ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. മോസ്‌കോയിലെ ഭരണസിരാ കേന്ദ്രത്തിന് 200 കിലോ മീറ്റര്‍ വരെ അടുത്തെത്തിയതിന് ശേഷമായിരുന്നു കൂലിപ്പട്ടാളം പിന്‍വാങ്ങിയത്. കലാപനീക്കത്തെ പൂര്‍ണമായും ന്യായീകരിക്കുന്നതാണ് പ്രിഗോഷിന്‌റെ ശബ്ദസന്ദേശം.

തന്റെ സൈനിക ഗ്രൂപ്പിന്റെ നാശം തടയുക, യുക്രെയിനിലെ റഷ്യന്‍ സൈനിക നടപടിക്കിടെ കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മാത്രമായിരുന്നു തങ്ങളുടെ നീക്കത്തിന് പിന്നിലെന്ന് പ്രിഗോഷിന്‍ വിശദീകരിക്കുന്നു. ''ഞങ്ങള്‍ നേരിട്ട അനീതിയെ തുടര്‍ന്നാണ് പ്രതിഷേധിച്ചത്. കൂടുതല്‍ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്ന് ബോധ്യപ്പെട്ട നിമിഷം പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറി,'' പ്രിഗോഷിന്‍ പറഞ്ഞു.

കൂടുതല്‍ റഷ്യക്കാരുടെ ജീവന്‍ നഷ്ടമാകാതിരിക്കാനാണ് പ്രതിഷേധം പാതിവഴിയില്‍ ഉപേക്ഷിച്ചതെന്നും വാഗ്നര്‍ മേധാവി അവകാശപ്പെട്ടു. പ്രതിഷേധമെന്ന നിലയിലാണ് തങ്ങള്‍ മോസ്‌കോയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം താന്‍ ഇപ്പോള്‍ എവിടെയാണ്, ബെലാറസിലേക്ക് പോകുമോ തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം വ്യക്തതവരുത്തിയിട്ടില്ല. ബെലാറസ് പ്രസിഡന്‌റ് അലക്‌സാണ്ടര്‍ ലുക്കഷെങ്കോയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് വാഗ്നര്‍ സംഘം കലാപശ്രമത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാധാന ഉടമ്പടിയുടെ ഭാഗമായി പ്രിഗോഷിന്‍ ബെലാറസിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബെലാറസ് തലസ്ഥാനമായ മിന്‍ക്‌സിലെ ഒരു ഹോട്ടലില്‍ തിങ്കളാഴ്ച പ്രിഗോഷിനെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താമസക്കാരുടെ വിവരം പുറത്തുവിടാനോ റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ ഹോട്ടല്‍ തയ്യാറായിട്ടില്ല.

വാഗ്നര്‍ സേനയെ റഷ്യന്‍ പ്രതിരോധമന്ത്രാലത്തിന് കീഴില്‍ കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും ഒരു കരാറിലും ഒപ്പിടില്ലെന്നും പ്രിഗോഷിന്‍ പറഞ്ഞു. ബെലാറസിലേക്കടക്കം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നാണ് പ്രിഗോഷിന്‌റെ അവകാശവാദം. പ്രശ്‌നപരിഹാരത്തിന് ലുക്കഷെങ്കോ ഇടപെട്ടെന്ന് സമ്മതിച്ച പ്രിഗോഷിന്‍ , മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ