ലോകം ആശങ്കയോടെ വീക്ഷിച്ച റഷ്യയിലെ സംഘര്‍ഷാവസ്ഥ അകലുന്നു. അട്ടിമറി ലക്ഷ്യമിട്ട് തലസ്ഥാനമായ മോസ്കോയിലേക്ക് നീങ്ങിയ വിമത സൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പ് പിന്‍മാറ്റം പ്രഖ്യാപിച്ചു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിന്മാറ്റമെന്ന് ടെലഗ്രാം സന്ദേശത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗനി പ്രിഗോഷി അറിയിച്ചു. മോസ്കോയിലേക്കുള്ള സൈനിക നീക്കം നിര്‍ത്തുകയാണ് എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സൈനിക നീക്കത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ വാഗ്നര്‍ സംഘത്തിന് സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ നല്‍കിയ വാഗ്ദാനം. വാഗ്നര്‍ യുദ്ധ വിമാനങ്ങള്‍ക്ക് സുരക്ഷ ലഭിക്കുമെന്നും ലുകാഷെങ്കോ ഉറപ്പ് നല്‍കിയതായാണ് വിവരം.
മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ വരെ തന്റെ സേന എത്തിയിരുന്നതായാണ് പ്രിഗോഷിന്‍ അവകാശപ്പെട്ടത്. ഇതിന് പിന്നാലെ പു'ടിനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ബെലൂറൂസ് പ്രസിഡന്റ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വിമത സേന മോസ്കോയുടെ സമീപത്ത് എത്തിയതോടെ സംഘര്‍ഷ സാധ്യത ശക്തമായിരുന്നു. പല സ്ഥലത്തും വിമതര്‍ പ്രധാന റോഡുകള്‍ അടച്ച് കുഴിബോംബുകള്‍ സ്ഥാപിച്ചു. എന്നാല്‍ മോസ്‌കോയിലേക്ക് വിമതര്‍ കടക്കാതിരിക്കാന്‍ പ്രധാന പ്രവേശനകവാടമായ പാലം റഷ്യന്‍ സൈനം തകര്‍ക്കുകയും ചെയ്തിരുന്നു. റോസ്‌തോവിനും മോസ്‌കോയ്ക്കും ഇടയിലുള്ള വൊറോനെജിലെ സൈനിക കേന്ദ്രങ്ങള്‍ വാഗ്‌നര്‍ കൂലിപ്പടയാളികള്‍ പിടിച്ചെടുത്തതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റ രാത്രി കൊണ്ടാണ് വാഗ്നര്‍ സൈന്യം തെക്കന്‍ റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്തത്. ഒരു തലത്തിലുമുള്ള ചെറുത്തുനില്‍പ്പും നേരിടാതെയാണ് നഗരം പിടിച്ചത് എന്നായിരുന്നു വിമത സൈന്യത്തിന്റെ അവകാശവാദം. മൂന്ന് നഗരങ്ങള്‍ വിമതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോസ്തോവ്-ഓണ്‍-ഡോണിന് പുറമെ വോറോനെഷാണ് വിമതര്‍ പിടിച്ചെടുത്ത രണ്ടാമത്തെ പ്രദേശം.
റഷ്യ - വാഗ്‌നര്‍ സൈന്യങ്ങൾ നേര്‍ക്കുനേര്‍, വീക്ഷിച്ച് ലോക രാഷ്ട്രങ്ങള്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മോസ്കോ മേയർ
റഷ്യന്‍ സൈന്യം വാഗ്നര്‍ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും മോസ്‌കോയിലേക്കുള്ള പ്രവേശന കവാടമായ പാലം തകര്‍ത്തതായും അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തില്‍ അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ സൈന്യം നിലയുറപ്പിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് വാഗ്നര്‍ സൈന്യം ഉക്രെയ്ന്‍ അതിര്‍ത്തി കടന്ന് റഷ്യയിലേക്ക് പ്രവേശിച്ചത്. അതിര്‍ത്തി മേഖലയ്ക്ക് അടുത്ത നഗരമായ റോസ്തോവ്-ഓണ്‍-ഡോണ്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍.