യുദ്ധങ്ങളും കടവും കാലാവസ്ഥ പ്രതിസന്ധികളും മഹാമാരികളും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തിയതായി ലോകബാങ്കിന്റെ റിപ്പോർട്ട്. നിലവിലെ സാഹചര്യം അനുസരിച്ചാണെങ്കില്‍ ആഗോളതലത്തില്‍ കടുത്ത ദാരിദ്ര്യത്തില്‍ തുടരുന്ന 700 ദശലക്ഷം പേരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തണമെങ്കില്‍ കുറഞ്ഞത് മൂന്ന് പതിറ്റാണ്ടെങ്കിലും ആവശ്യമായി വരുമെന്നാണ് വാഷിങ്ടണ്‍ ആസ്ഥാനമായിട്ടുള്ള സ്ഥാപനം പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള തിരിച്ചടികള്‍ 2030 ഓടെ ദാരിദ്യത്തിന് പരിഹാരം കാണുക എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം കൈവരിക്കുന്നതിന് കടുത്ത വെല്ലുവിളി ഉയർത്തിയതായും ലോകബാങ്കിന്റെ പോവെർട്ടി, പ്രോസ്പെരിറ്റി, പ്ലാനറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
1990ല്‍ ആഗോള തലത്തിലെ ദാരിദ്ര്യ നിരക്ക് 38 ശതമാനമായിരുന്നു. എന്നാല്‍, ചൈനയിലുണ്ടായ അതിവേഗ വളർച്ചയെ തുടർന്ന് 2024 എത്തിയപ്പോഴേക്കും ഇത് 8.5 ശതമാനമായി ഇടിഞ്ഞു. 2019ന്ശേഷം കാര്യമായ പുരോഗതി നിരക്കില്‍ കൈവരിച്ചിട്ടില്ലെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2030 എത്തുമ്പോഴേക്കും നിരക്ക് 7.3 ശതമാനത്തില്‍ മാത്രമായിരിക്കും എത്തുക എന്നാണ് ലോകബാങ്കിന്റെ നിഗമനം.
പതിറ്റാണ്ടുകളായുള്ള മുന്നേറ്റത്തിന് ശേഷം ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ലോകം തിരിച്ചടി നേരിടുകയാണ്. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, മഹാമാരി, ഉയർന്ന കടം, സംഘർഷങ്ങള്‍, കാലാവസ്ഥ പ്രതിസന്ധികളെല്ലാം ഇതിന് കാരണമായിട്ടുണ്ടെന്നും ലോകബാങ്ക് സീനിയർ മാനേജിങ് ഡയറക്ടറായ ആക്സല്‍ വാൻ ട്രോട്ട്‌സെൻബർഗ് വ്യക്തമാക്കി. സാധാരണയായുള്ള സമീപനങ്ങള്‍ക്കൊണ്ട് പരിഹാരം കാണാൻ സാധിക്കില്ലെന്നും പുതിയ പദ്ധതികളാണ് അനിവാര്യമെന്നും ട്രോട്ട്‌സെൻബർഗ് കൂട്ടിച്ചേർത്തു.
ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ദാരിദ്ര്യത്തിന്റെ പരിധിയായി കാണുന്ന പ്രതിദിന വരുമാനത്തുകയുടെ (6.85 യുഎസ് ഡോളർ, 575 രൂപ) മുകളിലേക്ക് എത്തണമെങ്കില്‍ ഇനിയും ഒരു നൂറ്റാണ്ട് ആവശ്യമായി വന്നേക്കാമെന്നും റിപ്പോർട്ട് പറയുന്നു. നിലവില്‍ ആഗോളതലത്തില്‍ 350 കോടിയോളം പേർക്കാണ് ദാരിദ്ര്യ പരിധിയില്‍ താഴെ പ്രതിദിന വരുമാനമുള്ളത്. ഇത് ലോകജനസംഖ്യയുടെ പകുതിയോളം വരും. 1990ന് ശേഷം ഈ സംഖ്യയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
അസമത്വം ഒഴിവാക്കുക എന്നതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ മറ്റൊരുലക്ഷ്യം. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുതലുള്ള രാജ്യങ്ങളുടെ എണ്ണം കഴിഞ്ഞ പത്ത് വർഷത്തിനിടെ 66ല്‍ നിന്ന് 49ലേക്ക് എത്തിയിട്ടുണ്ട്. ഉയർന്ന അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരുടെ ശതമാനത്തില്‍ ഇടിവുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.