മോസ്കോയിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ റഷ്യക്ക് മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. യുക്രെയ്ൻ കൂടുതൽ ശക്തി നേടിയെന്നും റഷ്യക്ക് ഇനി യുദ്ധത്തിന്റെ നാളുകളാണെന്നും സെലൻസ്കി പറഞ്ഞു. ക്രമേണ, യുദ്ധം റഷ്യയുടെ പ്രദേശത്തേക്ക് മടങ്ങുകയാണ്. റഷ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ അനിവാര്യവും സ്വാഭാവികവും തികച്ചും ന്യായവുമായ പ്രക്രിയയാണെന്നും സെലെൻസ്‌കി പറഞ്ഞു.
കഴിഞ്ഞ ദിവസം മോസ്കോയിൽ ആക്രമണം നടത്തിയ മൂന്ന് യുക്രേനിയൻ ഡ്രോണുകൾ തകർത്തതായും രണ്ടെണ്ണം കെട്ടിടങ്ങളിൽ ഇടിച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ രാജ്യാന്തര വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
"യുദ്ധഭൂമിയിൽ റഷ്യയുടെ ആക്രമണങ്ങൾ പാഴായിരിക്കുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുമെന്ന് റഷ്യ കരുതിയ 'പ്രത്യേക സൈനിക നടപടി' യുടെ 522-ാം ദിവസമാണ് ഇന്ന്. യുക്രെയ്ൻ കൂടുതൽ ശക്തി പ്രാപിക്കുകയാണ്," പടിഞ്ഞാറൻ നഗരമായ ഇവാനോ-ഫ്രാങ്കിവ്സ്ക് സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വ്യോമ പ്രതിരോധം 44 യുക്രെയ്നിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം രാത്രിയിൽ 25 ഡ്രോണുകൾ ഉപയോഗിച്ച് മോസ്കോയിലെ പ്രധാന കേന്ദ്രങ്ങളെ യുക്രെയ്ൻ ആക്രമിക്കാൻ ശ്രമിച്ചുവെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. അതിൽ 16 എണ്ണം വ്യോമ പ്രതിരോധ മാർഗങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കുകയും ഒൻപത് എണ്ണം ഇലക്ട്രോണിക് യുദ്ധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നു. മോസ്കോയിൽ ഡ്രോണുകൾ ഇടിച്ച രണ്ട് ഓഫീസ് കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതായി നഗര മേയർ സെർജി സോബിയാനിൻ പറഞ്ഞു.
അതേസമയം യുക്രെയ്ൻ വിഷയത്തിൽ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുക്രെയ്നുമായുള്ള ചർച്ചയെന്ന ആശയം തള്ളിക്കളയുന്നില്ലെന്നായിരുന്നു പുടിൻ വ്യക്തമാക്കിയത്. സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന ആഫ്രിക്കയുടെയും ചൈനയുടെയും ആവശ്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.