WORLD

നെറ്റ്ഫ്ലിക്സ് ഷോ സംപ്രേഷണത്തിന് പിന്നാലെ നേതാക്കൾക്കെതിരെ മീ ടൂ ആരോപണ പെരുമഴ; തായ്‌വാനിൽ ഭരണകക്ഷി പ്രതിസന്ധിയിൽ

ഏപ്രിൽ അവസാനത്തോടെയായിരുന്നു 'വേവ് മേക്കേഴ്‌സ്' എന്ന ഷോ സംപ്രേഷണം ചെയ്തത്

വെബ് ഡെസ്ക്

പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടടുക്കുന്ന തായ്‌വാനിൽ ഭരണകക്ഷിയെ കുരുക്കിലാക്കി മീ ടൂ ആരോപണം. നിരവധി സ്ത്രീകളാണ് ഭരണകക്ഷിയിലെ ഉന്നതർക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. മീ ടൂ ആരോപണങ്ങൾക്ക് പ്രേരണയായത് നെറ്റ്ഫ്ലിക്സിലെ ഹിറ്റ് ഷോയായ 'വേവ് മേക്കേഴ്സി'ലെ ഒരു സീനാണ് എന്നതാണ് ശ്രദ്ധേയം.

ഏപ്രിൽ അവസാനത്തോടെയായിരുന്നു 'വേവ് മേക്കേഴ്‌സ്' എന്ന ഷോ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തത്. അതിലെ ഒരു സീനിൽ രാഷ്ട്രീയപാർട്ടിയ്ക്ക് കീഴിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി തന്റെ സഹപ്രവർത്തകനെതിരെ ലൈംഗിക പീഡന പരാതി നൽകുന്നുണ്ട്. രാഷ്ട്രീയ തിരിച്ചടിയാകുമെങ്കിലും പെൺകുട്ടിയുടെ പരാതി വിട്ടുകളയാൻ സാധിക്കുന്നതല്ലെന്ന് പാർട്ടി വക്താവ് നിലപാടെടുക്കുന്നു. ഈയൊരു സീൻ ഫേസ്ബുക്കിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തു. ഇതോടെയാണ് നിരവധിപേർ പുറത്തുപറയാതിരുന്ന പീഡന പരാതികളുമായി മുന്നോട്ടുവന്നത്. അതിലേറ്റവും കൂടുതൽ തിരിച്ചടിയേറ്റത് നിലവിലെ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്കാണ് (ഡിപിപി). പാർട്ടിയിലെ നിരവധി ഉന്നത നേതാക്കൾക്കെതിരെ പലരും രംഗത്ത് വന്നതോടെ രാജിവയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി.

മി ടൂ ആരോപണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച ഡിപിപി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഷു ചിയ ടിൻ ഉൾപ്പെടെ മൂന്ന് നേതാക്കൾ രാജിവച്ചിരുന്നു. തുടർന്ന് പ്രസിഡന്റ് സായ് ഇങ് വെൻ തന്നെ മാപ്പപേക്ഷയുമായി രംഗത്തെത്തി. "നമ്മുടെ മൊത്തം സമൂഹവും വീണ്ടുമൊരിക്കൽ കൂടി കാര്യങ്ങൾ പഠിക്കണം. ലൈംഗിക പീഡനം നേരിട്ടവർ ഇരകളാണ്, തെറ്റ് ചെയ്തവരല്ല. ഇവരെ മുൻവിധിയോടെ കാണുകയല്ല സംരക്ഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്' - അവർ ഫേസ്ബുക്കിൽ കുറിച്ചു.

ലിംഗസമത്വത്തിന് വളരെയധികം പ്രാധാന്യമുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് തായ്‌വാനിലേത്. അതുകൊണ്ട് തന്നെ നിലവിലെ സംഭവവികാസങ്ങൾ ഭരണകക്ഷിയുടെ ജനപ്രീതി വലിയ രീതിയിൽ ഇടിയാൻ കാരണമായിട്ടുണ്ട്. തായ്‌വാൻ പബ്ലിക് ഒപ്പീനിയൻ സെന്ററിന്റെ കണ്ടെത്തൽ പ്രകാരം, ഡിപിപിയുടെ ജനപ്രീതി പകുതിയോളമാണ് കുറഞ്ഞത്. ഇത് പ്രതിപക്ഷ കക്ഷിയായ കുമിങ്താങ്ങിന് അനുകൂല തരംഗം സൃഷ്ടിക്കാൻ കാരണമായേക്കുമെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാൽ കുമിങ്താങ് പാർട്ടി നേതാക്കൾക്കെതിരെയും പരാതികൾ ഉയർന്നുവരുന്നുണ്ട്.

സർവകലാശാലകളിലെ പ്രൊഫസർമാർ, ഡോക്ടർമാർ, ഡയറക്ടർമാർ, കായിക താരങ്ങൾ എന്നിവർക്കെതിരെയെല്ലാം മീ ടു പരാതികൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞൊരു ദശബ്ദമായി തായ്‌വാനിൽ വനിതാ നേതാവാണ് ഭരണത്തിൽ. 42 ശതമാനം പാർലമെന്റ് അംഗങ്ങൾ സ്ത്രീകളാണ്. ഇത് ആഗോള ശരാശരിയേക്കാൾ അധികമാണ്. സ്ത്രീകൾക്ക് അത്രത്തോളം പ്രാധാന്യമാണ് തായ്‌വാൻ രാഷ്ട്രീയത്തിലുള്ളത്. ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022ൽ 17,000 ലൈംഗികാതിക്രമങ്ങളാണ് തായ്‌വാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ