ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഒരു മാസത്തിലേറെയായി സൈനിക, അര്‍ധസൈനിക വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷം കനക്കുന്നതിനിടെയാണ് പ്രഖ്യാപനം. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
സൗദിയുടെയും അമേരിക്കയുടെയും സമാധാന ശ്രമങ്ങളാണ് താല്‍ക്കാലിക വെടിനിര്‍ത്തലിലേക്ക് എത്തിച്ചത്. സുഡാനില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കാവശ്യമായ മാനുഷിക സഹായമെത്തിക്കാനും ധാരണയായിട്ടുണ്ട്. ചര്‍ച്ചകള്‍ക്കുശേഷം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന ആദ്യ സന്ധിയാണിത്.
സുഡാന്‍ ജനതയുടെ സംരക്ഷണവും സുരക്ഷിതത്വവും സുപ്രധാനമാണെന്ന് കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇരുവരും അംഗീകരിച്ചിരുന്നു. ഇരുവിഭാഗങ്ങളും നടത്തുന്ന സായുധപോരാട്ടം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് താല്‍ക്കാലിക വെടിനിര്‍ത്തലിനെ വിലയിരുത്തുന്നത്.
സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതിനും വിദേശ പൗരന്മാര്‍ക്ക് സുഡാന്‍ വിടാനുള്ള സുരക്ഷിതപാത ഒരുക്കുന്നതിനുമായാണ് വെടിനിര്‍ത്തല്‍. നേരത്തെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറുകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടൊപ്പം കൂട്ടപ്പലായനം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ വെടിനിർത്തൽ പ്രഖ്യാപനം.
എന്നാല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പും ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം തുടരുകയാണെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹായവിതരണം അനുവദിക്കുന്നതിനുള്ള കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുഡാന്‍ സൈന്യം തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വ്യോമാക്രമണം നടത്തി. ഒംദുര്‍മാന്‍, ഖാര്‍ത്തൂം നോര്‍ത്ത് എന്നിവിടങ്ങളിലായിരുന്നു വ്യോമാക്രമണം.
അര്‍4സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ (ആര്‍എസ്എഫ്) മൊബൈല്‍ യൂണിറ്റുകളെ ലക്ഷ്യമിട്ട് സൈന്യം കഴിഞ്ഞ ദിവസം വൈകുന്നേരവും വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍15 മുതല്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍നിന്ന് പൗരന്മാരടക്കം എട്ട് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. യുദ്ധം ചെയ്യുന്ന കക്ഷികള്‍ വെടിനിര്‍ത്തല്‍ മാനിക്കുകയും നീട്ടുകയും ചെയ്തില്ലെങ്കില്‍, യുദ്ധം വംശീയ സംഘര്‍ഷമായി മാറുമെന്നാണ് സുഡാനിലെ ഐക്യരാഷ്ട്രസഭ പ്രതിനിധി പറയുന്നത്. സൈന്യവും അർധസൈന്യവും തമ്മില്‍ തലസ്ഥാന നഗരമായ ഖാര്‍ത്തൂമും ദാര്‍ഫര്‍ അടക്കമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ നടക്കുന്നത്.