ജിമ്മിൽ വ്യായാമത്തിനിടയിൽ ഇന്തോനേഷ്യൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർക്ക് കഴുത്തൊടിഞ്ഞ് ദാരുണാന്ത്യം. 33 കാരനായ ജസ്റ്റിൻ വിക്കിയെന്ന ഫിറ്റ്നസ് ഇൻഫ്ലുവൻസറാണ് സ്ക്വാട്ട് ചെയ്യുന്നതിനിടയിൽ 210 കിലോ ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണു മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ഹൃദയവും ശ്വാസകോശവും തമ്മിലുള്ള ഞരമ്പ് വേർപ്പെട്ടതാണ് മരണകാരണം.
ബാലിയിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു ദാരുണാന്ത്യം. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദൃശ്യങ്ങളിൽ ജസ്റ്റിൻ വിക്കി ബാർബെൽ ഉയർത്താൻ ശ്രമിക്കുന്നതായി കാണാം. എന്നാൽ അമിത ഭാരം കാരണം ബാർബെൽ കയ്യിൽ താങ്ങാൻ സാധിക്കാതെ വരുകയും കഴുത്തിന്റെ മുകളിലേയ്ക്ക് ബാർബെൽ വീണു വിക്കി നിലത്തേയ്ക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാരം ഉയർത്താൻ ശ്രമിക്കുമ്പോൾ സഹായിക്കാനായി പിന്നിൽ നിന്നിരുന്ന വ്യക്തിക്കും വിക്കിയെ സഹായിക്കാൻ കഴിയാത്തത് ദൃശ്യങ്ങളിൽ കാണാം. അയാളും വിക്കിയുടെ ഒപ്പം നിലത്തേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇരുവർക്കും ബാർബെലിന്റെ ഭാരം താങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് അപകടം സംഭവിച്ചത്.