WORLD

അഭയാർത്ഥി ക്യാമ്പുകളെ തുടർച്ചയായി ആക്രമിച്ച് ഇസ്രയേൽ;ജബലിയ ക്യാമ്പിനു നേരേയുള്ള ആക്രമണം മനുഷ്യത്വരഹിതമെന്ന് ലോകരാജ്യങ്ങൾ

ഗാസയുടെ വടക്കേ അറ്റത്ത് ജബലിയ ഗ്രാമത്തിന് സമീപമാണ് ഈ അഭയാർത്ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്

വെബ് ഡെസ്ക്

ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കുന്നുവെന്ന പേരിൽ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രയേൽ. കഴിഞ്ഞ ദിവസം 50 പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ ജബലിയ ക്യാംപിന് നേരെ ഇന്നും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ നടപടിയിൽ ലോകരാജ്യങ്ങൾ കഴിഞ്ഞ ദിവസം കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടും അയവില്ലാത്ത നടപടികളുമായി ഇസ്രയേൽ മുന്നോട്ടുപോകുകയാണ്. ജബലിയയിൽ നടത്തിയ രണ്ടാമത്തെ ആക്രമണത്തിന് പിന്നാലെ ജോർദാൻ, അവരുടെ ഇസ്രയേൽ അംബാസഡറെ തിരികെ വിളിച്ചിട്ടുണ്ട്.

ക്യാമ്പിന് താഴെ പ്രവർത്തിക്കുന്ന ഹമാസിന്റെ തുരങ്കങ്ങൾ തകർക്കാണെന്ന പേരിലാണ് ഇസ്രയേൽ വ്യോമാക്രമണങ്ങൾ. എന്നാൽ തികച്ചും മനുഷ്യത്വ രഹിതമായ നടപടിയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന് ലോക രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.

അതേസമയം, ഇസ്രയേലിന്റെ തുടർച്ചയായ ഉപരോധത്തിനിടയിൽ ഗാസ മുനമ്പിലെ കാൻസർ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഏക ആശുപത്രി ഇന്ധനം തീർന്നതിനെത്തുടർന്ന് പ്രവർത്തനം നിർത്തിയതായി പലസ്തീൻ ആരോഗ്യ അധികൃതർ അറിയിച്ചു. പരിക്കേറ്റവരും ചികിത്സയിൽ ഉള്ളവരുമായി നിരവധി പേർ അശ്അപ്ത്രിയിൽ ഉണ്ടായിരുന്നു. എന്നാൽ അവശ്യ വസ്തുക്കളുടെ ക്ഷാമം മൂലം പ്രവർത്തനം നിർത്താൻ നിർബന്ധിതരായെന്ന് പലസ്തീൻ വ്യക്തമാക്കി.

എന്താണ് ജബലിയ ക്യാമ്പ് ?

ഗാസയുടെ വടക്കേ അറ്റത്ത് ജബലിയ ഗ്രാമത്തിന് സമീപമാണ് ഈ അഭയാർത്ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. 1948-ലെ യുദ്ധത്തിനുശേഷമാണ് ഇവിടെ അഭയാർത്ഥി ക്യാമ്പായി മാറുന്നത്. തെക്കൻ പലസ്തീനിൽ നിന്ന് പലായനം ചെയ്ത വന്നവരാണ് ഈ അഭയാർത്ഥി ക്യാമ്പുകളിൽ സ്ഥിര താമസം ആക്കിയിരുന്നത്. 1.4 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പ്രദേശമാണ് ഈ ക്യാമ്പ്. 116,011 പലസ്തീൻ അഭയാർത്ഥികൾ ജബാലിയ ക്യാമ്പിൽ യുഎൻആർഡബ്ല്യുഎയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗാസയിലെ ഇസ്രായേൽ ഉപരോധം ക്യാമ്പിലെ അഭയാർഥികളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കിയിരുന്നു. തൊഴിലില്ലായ്മയുടെ തോത് വളരെ ഉയർന്ന നിലയിലേക്ക് വർധിച്ചിരുന്നു. കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് സ്വയം പര്യാപ്തരായിരുന്നത്. കാലക്രമേണ സ്വയംപര്യാപ്തത പുലർത്തിയിരുന്ന ജനസംഖ്യയുടെ വലിയ ഒരു അനുപാതം യുഎൻആർഡബ്ല്യുഎ ഭക്ഷ്യ സഹായ പദ്ധതിയെ ആശ്രയിക്കാൻ തുടങ്ങി. 90 ശതമാനം വെള്ളവും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്തതിനാൽ അടിസ്ഥാന ശുചിത്വവും ക്യാമ്പിൽ വലിയ ആശങ്കയായി നില നിൽക്കുകയാണ്. പകർച്ച വ്യാധികൾ എന്തെങ്കിലും ഉണ്ടായാൽ വലിയ മാനുഷിക ദുരന്തത്തിനാവും ക്യാമ്പ് സാക്ഷ്യം വഹിക്കുക. ഇവിടുത്തെ ജീവിത നിലവാരവും വളരെ മോശമാണ്.

ഗാസ മുനമ്പിനും ഇസ്രയേലിനും ഇടയിലുള്ള എറെസ് അതിർത്തി കടക്കുന്നതിന് ഏറ്റവും അടുത്തുള്ള ക്യാമ്പാണ് ജബലിയ. ലോക ഏജൻസികളുടെ കണക്കനുസരിച്ച് ഓരോ ദിവസവും 21,000-ത്തിലധികം പലസ്തീനികൾ ഇസ്രയേലിൽ ജോലി ചെയ്യുന്നതിനായി എറെസ് അതിർത്തി കടന്നിരുന്നു. 2000 സെപ്റ്റംബറിൽ രണ്ടാം ഇൻതിഫാദയുടെ തുടക്കത്തിൽ ഒരു പുതിയ നയം നടപ്പിലാക്കുകയും, 2007 ജൂണിനു ശേഷം ഗാസ മുനമ്പ് ഹമാസ് ഏറ്റെടുത്തതിനെത്തുടർന്ന് ഇത് കർശനമാക്കുകയും ചെയ്തു. പുതിയ നയം അനുസരിച്ച്, സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി, ഇസ്രയേൽ നിർവ്വചിച്ച പ്രത്യേക വിഭാഗങ്ങളിൽ പെട്ട ആളുകൾക്ക് മാത്രമേ അതിർത്തി കടക്കാൻ അർഹതയുള്ളൂ.

ഗാസയിലെ ബഹുഭൂരിപക്ഷം പലസ്തീനികൾക്കും എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാൻ അർഹതയില്ല. സമീപ വർഷങ്ങളിൽ, ഗാസയ്ക്ക് പുറത്ത് വിദഗ്ധചികിത്സയ്ക്കായി റഫർ ചെയ്യപ്പെടുന്ന രോഗികളും അവരുടെ ബന്ധുക്കളും, വ്യാപാരികൾ, അന്തർദേശീയ സംഘടനകളിലെ ജീവനക്കാർ, അസാധാരണമായ മറ്റ് കാര്യങ്ങൾ എന്നിവർക്ക് അതിർത്തി കടക്കാമെന്ന തരത്തിൽ യോഗ്യത വിപുലീകരിച്ചു. 2023 ജൂണിൽ 42,220 പേർക്ക് ഗാസ മുനമ്പിൽ നിന്ന് പുറത്തുകടക്കാൻ അനുമതി നൽകിയപ്പോൾ 55,689 പേർക്ക് പ്രവേശനം അനുവദിച്ചു.

32 യുഎൻആർഡബ്ല്യുഎ ഇൻസ്റ്റാളേഷനുകൾ, ആകെ 26 സ്കൂളുകൾ ഉൾക്കൊള്ളുന്ന 16 സ്കൂൾ കെട്ടിടങ്ങൾ (അതിൽ ആറ് ഒറ്റ-ഷിഫ്റ്റ് സമ്പ്രദായത്തിലും പത്ത് ഇരട്ട ഷിഫ്റ്റിലും പ്രവർത്തിക്കുന്നു). ഒരു ഭക്ഷ്യ വിതരണ കേന്ദ്രം, രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ, രണ്ട് ഏരിയ റിലീഫ്, സോഷ്യൽ സർവീസ് ഓഫീസുകൾ, ഒരു പൊതു ലൈബ്രറി, ഏഴ് ജല കിണറുകൾ, ഒരു മെയിന്റനൻസ് ആൻഡ് സാനിറ്റേഷൻ ഓഫീസ് ഇത്രയും ഉൾക്കൊള്ളുന്നതാണ് ജബലിയ അഭയാർത്ഥി കേന്ദ്രം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി