WORLD

ആണവായുധ വിമുക്ത ലോകത്തിനായുള്ള അതിജീവിതരുടെ പോരാട്ടം; എന്താണ് നിഹോൻ ഹിഡാൻക്യോ?

വെബ് ഡെസ്ക്

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ജാപ്പനീസ് സന്നദ്ധ സംഘടനായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ ലോകത്ത് ആണവായുധങ്ങൾ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നിഹോൻ ഹിഡാൻക്യോയുടെ പ്രവർത്തനം നിർണായക പങ്കുവഹിച്ചെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ നിഹോൻ ഹിഡാൻക്യോ ?

ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ആക്രമണം നടന്ന് 11 വർഷത്തിനു ശേഷം, കൃത്യമായി പറഞ്ഞാൽ 1956ലാണ് നിഹോൻ ഹിഡാൻക്യോ രൂപീകൃതമാകുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ രണ്ട് അണുബോംബ് ആക്രമണത്തിൽ ബാധിതരായ, അതിജീവിതരുടെ സന്നദ്ധസംഘടനയാണിത്. ജാപ്പനീസ് ഭാഷയിൽ 'ഹിബാകുഷ' എന്നാണ് ഇവർ അറിയപ്പെടുന്നത്. 2016 വരെയുള്ള കണക്കുകൾ പ്രകാരം 1.74 ലക്ഷം അതിജീവിതരാണ് ജപ്പാനിലുള്ളത്.

ജപ്പാൻ കോൺഫെഡറേഷൻ ഓഫ് എ- ആൻഡ് എച്ച്-ബോംബ് സഫറേഴ്സ് ഓർഗനൈസേഷനുകൾ എന്നതാണ് നിഹോൻ ഹിഡാൻക്യോ എന്ന പേരിൽ അറിയപ്പെടുന്നത്. സംഘടനയുടെ നേതൃത്വത്തിൽ ഉള്ളവരും, ഉദ്യോഗസ്ഥരും അംഗങ്ങളും ആണവാക്രമണ അതിജീവിതരാണ്. ജപ്പാൻ ആണവ ആക്രമണത്തിന്റെ അതിജീവിതരുടെ ഏക രാജ്യാന്തര സംഘടന കൂടിയാണ് നിഹോൻ ഹിഡാൻക്യോ. ആണവായുധങ്ങളുടെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള അവബോധം വളർത്തുക എന്നതാണ് സംഘടനയുടെ പ്രാഥമിക ദൗത്യം. ആണവ ദുരന്തത്തിൽ നിന്ന് അതിജീവിച്ചവരുടെ അവകാശങ്ങൾക്കായും ഇവർ പ്രവർത്തിക്കാറുണ്ട്.

1945 ഓഗസ്റ്റിൽ നടന്ന ആണവ ആക്രമണങ്ങൾ അതിജീവിച്ച ഹിബാകുഷകൾ തങ്ങളുടെ വേദനാജനകമായ കഥകൾ ലോകത്തോട് പങ്കുവെച്ചിരുന്നു. ആണവായുധങ്ങളുടെ ഉപയോഗം ധാർമ്മികമായി അസ്വീകാര്യമാണെന്ന ലോകത്തെ ബോധ്യപ്പെടുത്തുന്നതിലും, അതുവഴി അന്താരാഷ്‌ട്ര ആണവ നിരോധനം രൂപപ്പെടുത്താനും ഹിബാകുഷ സഹായിച്ചിട്ടുണ്ട്. സാക്ഷികളുടെ വിവരണങ്ങൾ, പൊതു അപ്പീലുകൾ, ഐക്യരാഷ്ട്രസഭയിലേക്കുള്ള വാർഷിക പ്രതിനിധികൾ എന്നിവയിലൂടെ ലോകത്തിന് മുൻപിൽ തങ്ങളുടെ ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർ ശ്രമിച്ചിരുന്നു. ഹിബകുഷയുടെ കഥകൾ ലോകത്ത് ആണവ നിരായുധീകരണ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

സ്ഥാപിതമായതു മുതൽ അരനൂറ്റാണ്ടിലേറെയായി, ആണവായുധങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെയും മനുഷ്യരുടെ കഷ്ടപ്പാടുകളെയും കുറിച്ച് ആളുകളെ അറിയിക്കാനായി നിഹോൺ ഹിഡാൻക്യോ ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും ഹിബാകുഷ പ്രതിനിധികളെ അയച്ചു. ഇനി ഹിബാകുഷ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ വിവിധ പ്രവർത്തനങ്ങൾ നടത്തി. "ആണവായുധ രഹിത ലോകം" സൃഷ്ടിക്കാൻ ലോകം എമ്പാടും ആഹ്വാനം ചെയ്തു. സംഘടനയുടെ തുടക്കം മുതൽ തന്നെ നിഹോൺ ഹിഡാൻക്യോ അന്താരാഷ്ട്ര കോൺഫറൻസുകളിലേക്കും പരിപാടികളിലേക്കും പ്രതിനിധികളെ അയയ്ക്കുന്നതിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗ പര്യടനങ്ങൾ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ആഗോള തലത്തിൽ നടക്കുന്ന പല സുപ്രധാന പരിപാലികളിലും ഹിബാകുഷകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ അവസരങ്ങളിലെ ഹിബകുഷയുടെ സാക്ഷ്യങ്ങളും പ്രസംഗങ്ങളും ആണവായുധങ്ങളുടെ ഭീകരതയെക്കുറിച്ചും അവയുടെ ഉപയോഗത്തിന് ശേഷം ജനങ്ങൾക്ക് സംഭവിച്ച പലവിധ നാശ നഷ്ടങ്ങളെക്കുറിച്ചും ലോകത്തെ അറിയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. പൊതുജനങ്ങളിൽ നിന്ന് ഭരണകൂടം മറച്ചുവെച്ചിരുന്ന പല വിവരങ്ങളും ലോകത്തെ അറിയിച്ചത് ഈ സംഘടനയാണ്.

ഇരകൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനായി ജാപ്പനീസ് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും, എല്ലാ ആണവായുധങ്ങളും നിർത്തലാക്കുന്നതിന് ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകളെ പ്രേരിപ്പിക്കാനും ഹിബാകുഷകൾ അഹോരാത്രം പ്രയന്തിച്ചിരുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചതിന് അടുത്ത വർഷം 80 വർഷം പൂർത്തിയാകാൻ ഇരിക്കെയാണ് ഇപ്പോൾ സന്നദ്ധ സംഘടനക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചത്.

'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ

പിൻഗാമിയായി ജസ്റ്റിസ് സഞ്ജിവ് ഖന്ന? കേന്ദ്രത്തിന് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഇസ്രയേലിന് സൈനിക സഹായവും പലസ്തീൻ ജനതയ്ക്കായി ഇടപെടലും; കാലാവധി അവസാനിക്കാനിരിക്കെ ബൈഡന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?

വൺ ഡയറക്‌ഷൻ ബാൻഡ് അംഗമായിരുന്ന ലീയാം പെയ്ൻ മരിച്ച നിലയിൽ

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?