ഒക്ടോബര്‍ 6 യോം കിപ്പൂര്‍ ദിനം. ജൂതമതവിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന ഈ ദിനം ഇസ്രയേല്‍ ചരിത്രത്തില്‍ രക്തം കൊണ്ടാണ് പലപ്പോഴും അടയാളപ്പെടുത്തപ്പെട്ടത്. അര നൂറ്റാണ്ടിന് മുന്‍പ് 1973 ഒക്ടോബര്‍ ആറിനായിരുന്നു ഈജിപ്തും സിറിയയും കൂടി ഒന്നിച്ച് ഇസ്രയേലിനെ ആക്രമിച്ചത്. ഇത്തവണ, പക്ഷേ ഇസ്രയേല്‍ നേരിട്ടത് ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണമായിരുന്നു. 'ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ലഡ്' എന്ന് ഹമാസ് വിശേഷിപ്പിക്കുന്ന ഇന്നത്തെ ആക്രമണങ്ങള്‍ 2021ല്‍ 11 ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തിന് ശേഷം നടക്കുന്ന തീവ്രമായ സംഘര്‍ഷത്തിലേക്കാണ് മേഖലയെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്.
'ഇത് അധിനിവേശം നടത്തിയവര്‍ക്കെതിരെയുള്ള യുദ്ധം'ഹമാസ് വക്താവ് ഖലേദ് ക്വദോമി
ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ്
'ഇത് അധിനിവേശം നടത്തിയവര്‍ക്കെതിരെയുള്ള യുദ്ധം' എന്ന വിശേഷണത്തോടെ ആയിരുന്നു ഹമാസ് 'ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ലഡ്' പ്രഖ്യാപിച്ചത്. അയ്യായിരത്തോളം റോക്കറ്റുകളായിരുന്നു ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഹമാസ് തൊടുത്തുവിട്ടത്. കരയിലൂടെയും കടലിലൂടെയും ഹമാസ് സായുധ സേനാംഗങ്ങള്‍ നുഴഞ്ഞുകയറി. ലോകത്തെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനങ്ങളുള്ള ഇസ്രേലിനെ ഞെട്ടിച്ച് തുടരെ ആക്രമണങ്ങള്‍ അരങ്ങേറി.
ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡില്‍ 40 ഓളം ഇസ്രയേലികള്‍ക്ക് ജീവന്‍ നഷ്ടമായി. തെക്കന്‍ അതിര്‍ത്തികളില്‍ നിന്നും തോക്കുധാരികള്‍ ഇസ്രയേലികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. വടക്ക് ടെല്‍ അവീവ് വരെ ഹമാസിന്റെ റോക്കറ്റുകള്‍ പതിച്ചു. തെക്കന്‍ ഇസ്രയേലിലും ഹമാസ് സായുധ സേനാംഗങ്ങളെ വിന്യസിച്ചു. സ്‌ഡെറോട്ട് പട്ടണത്തിലെ യാത്രക്കാര്‍ക്കെതിരെയും തോക്കുധാരികള്‍ വെടിയുതിര്‍ത്തിട്ടുണ്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പലസ്തീനികള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്കുള്ള മറുപടി
'ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ലഡ് നൂറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണെന്നാണ് ഹമാസ് വക്താവ് ഖലേദ് ക്വദോമി അല്‍ ജസീറക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. 'പലസ്തീന്‍ ജനതക്കും അല്‍ അഖ്‌സ പോലുള്ള വിശുദ്ധ സ്ഥലങ്ങള്‍ക്കും ഗാസയ്ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഈ കാര്യങ്ങളാണ് യുദ്ധം ആരംഭിക്കാന്‍ കാരണം''- എന്നാണ് ഖലേദിന്റെ വാദം. ഭൂമിയിലെ അവസാന അധിനിവേശം അവസാനിപ്പിക്കാനുള്ള യുദ്ധത്തിന്റെ ദിവസങ്ങളാണിതെന്ന് ഹമാസിന്റെ സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡെയ്ഫും പറയുന്നു. തോക്കുകള്‍ കൈവശമുളളവര്‍ പുറത്തിറേക്കണ്ട സമയമാണെന്നാണ് മുഹമ്മദ് ഡെയ്ഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഓപ്പറേഷന്‍ അയേണ്‍ സ്വോര്‍ഡ്‌സ് - ഇസ്രയേലിന്റെ തിരിച്ചടി
ഹമാസ് ഗുരുതരമായ തെറ്റാണ് ചെയ്‌തെന്നായിരുന്നു, ആക്രമണങ്ങളോട് ഇസ്രയേല്‍ നടത്തിയ പ്രതികരണം. പിന്നാലെ യുദ്ധ പ്രഖ്യാപനം, തിരിച്ചടി. ഗാസയില്‍ ഇതിനോടകം പൊലിഞ്ഞത് ഇരുന്നോറോളം ജീവനുകള്‍. 1000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 'ഓപ്പറേഷന്‍ അയേണ്‍ സ്വോര്‍ഡ്' എന്ന പേരിലാണ് ഹമാസിനും പലസ്തീനും എതിരെ ഇസ്രയേല്‍ സൈനിക നീക്കം നടക്കുന്നത്.
ഇസ്രയേലിന് പിഴച്ചതെവിടെ?
ലോകത്തെ ഏറ്റവും മികച്ച ഇന്റെലിജന്‍സ് സംവിധാനം. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, പെഗാസസ് സ്‌പൈവെയര്‍ പോലുള്ള സൈബര്‍ നിരീക്ഷണ സംവിധാനങ്ങള്‍. ലോകരാഷ്ട്രങ്ങള്‍ ആശ്രയിക്കുന്ന ഇത്തരം സാങ്കേതിക വിദ്യകളുടെ കവചം മറികടക്കാന്‍ ഹമാസിന് കഴിഞ്ഞെങ്കില്‍, ഒരു ചോദ്യം പ്രസക്തമാകുകയാണ്. ഇസ്രയേലിന് പിഴച്ചത് എവിടെ?
ഈ ചോദ്യം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. പ്രതിരോധ സേനയവിടെ, പോലീസ് എവിടെ, സുരക്ഷയെവിടെ?, ആശങ്ക ഉന്നയിക്കുന്നത് ഇസ്രയേല്‍ മുന്‍ നാവിക മേധാവിയാണ് എന്നതും ശ്രദ്ധേയമാണ്. ഈ ആക്രമണം വലിയ തിരിച്ചടിയായാണ് ഇസ്രയേല്‍ അധികൃതര്‍ വിലയിരുത്തുന്നത് എന്നതിന്റെ സൂചനയാണ് ഈ പ്രതികരണം.
ഇത് യുദ്ധമാണ്, തങ്ങള്‍ വിജയിക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിലും തങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രത വ്യക്തമാണ്. ഹമാസിന്റെ ദൗര്‍ബല്യവും ശക്തിയും ഇസ്രയേലിന് വ്യക്തമായി തന്നെ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചടിയുടെ ആഘാതം വലുതായിരിക്കുമെന്ന് ഇപ്പോഴത്തെ നീക്കങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.