WORLD

ഇറാന്റെ തിരിച്ചടി തുറന്ന യുദ്ധത്തിലേക്കോ, പശ്ചിമേഷ്യയുടെ ഭാവിയെന്ത് ?

വെബ് ഡെസ്ക്

ഡമാസ്കസിലെ കോണ്‍സുലേറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രയേലില്‍ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വലിയ ആശങ്കകൾക്കാണ് വഴി വെക്കുന്നത്. ഒരു തുറന്ന സംഘട്ടനത്തിനാണ് ഇരു രാജ്യങ്ങളും കോപ്പ് കൂട്ടുന്നതെങ്കിൽ വലിയ സംഘര്‍ഷങ്ങളാവും ഇനി പശ്ചിമേഷ്യ അഭിമുഖീകരിക്കേണ്ടി വരിക. ഇസ്രയേലും ഇറാനും തമ്മിൽ ദീർഘ കാലമായി തുടർന്നുകൊണ്ടിരിക്കുന്ന ശീതയുദ്ധം തെരുവിലേക്കെത്തുന്നത് ഭയത്തിനും അസ്ഥിരതക്കും കാരണമാകും എന്ന് പറയേണ്ടതില്ല. എന്നാൽ അങ്ങനെ ഒരു തുറന്ന യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ആഗോള തലത്തിലും ചെറുതല്ലാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഡമാസ്‌കസിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ അനന്തരഫലങ്ങളായി ഉണ്ടായത് മേഖലയിലാകെ അപകടകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു എന്നതാണെന്ന് ലങ്കാസ്‌റ്റർ യൂണിവേഴ്‌സിറ്റിയിലെ ഇൻ്റർനാഷണൽ പൊളിറ്റിക്‌സ് പ്രൊഫസറും മിഡിൽ ഈസ്റ്റിനെക്കുറിച്ച് ഒന്നിലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള സൈമൺ മാബോൺ ഒരു ദേശീയ മാധ്യമത്തോട് പറയുന്നു.

ആക്രമണത്തിൽ ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം കൊല്ലപ്പെട്ടത് ഇറാന്റെ പരമാധികാരി ഉൾപ്പടെയുള്ളവർ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇറാന്റെ തിരിച്ചടിയെ സംബന്ധിച്ച് വലിയ തോതിലുള്ള ആശങ്ക അമേരിക്കയിലും ഇസ്രയേലിലും നിലനിന്നിരുന്നു. ഇസ്രയേലിനെതിരെ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണം ഉദ്ദേശിച്ച എല്ലാ ലക്ഷ്യങ്ങളും നേടിയതായാണ് ഇറാൻ സൈന്യം പ്രഖ്യാപിച്ചത്. തിരിച്ചടിച്ചാല്‍ ശക്തമായ മറുപടിയെന്നും ഇറാൻ ഇസ്രയേലിന് മറുപടി നൽകിയിട്ടുണ്ട്.

വർഷങ്ങളായി ഇറാൻ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും തങ്ങളെ ദ്രോഹിക്കുന്ന ആരെയും ഉപദ്രവിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നു. ഇറാന്റെ പ്രദേശത്ത് നിന്ന് നേരിട്ടുള്ള ആക്രമണം ഉണ്ടായാൽ തങ്ങൾ അതേ രീതിയിൽ പ്രതികരിക്കുമെന്നും ഇസ്രയേൽ പറഞ്ഞു.

നിലവിൽ ഗാസയിൽ നടക്കുന്ന ഇസ്രയേൽ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് ഇറാൻ ഇസ്രയേൽ സംഘർഷവും നടക്കുന്നത്. ഇറാനുമായുള്ള ഇസ്രയേലിന്റെ സംഘർഷങ്ങൾ ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാന ചർച്ചകൾക്കുള്ള സാധ്യതകളെ കൂടുതൽ മോശമായി ബാധിക്കും. ഗാസയിൽ അധിനിവേശം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര മധ്യസ്ഥരുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ ഹമാസ് നിരസിച്ചതായി ഇസ്രയേൽ ചാരസംഘടനയായ മൊസൈദ് ഇന്ന് പറഞ്ഞിരുന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങൾ മുമ്പ് ചർച്ചകളിൽ ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ട്. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് വെടിനിർത്തൽ ഉറപ്പാക്കാൻ ഈ മധ്യസ്ഥർ ലക്ഷ്യമിട്ടെങ്കിലും അത് നടന്നിരുന്നില്ല. ഈ സാഹചര്യം ഒരു വശത്ത് രൂക്ഷമായി നിലകൊൾകെ തന്നെയാണ് മറ്റൊരു പോര് സംഭവിച്ചത്.

ഗാസയിൽ ഇസ്രയേൽ വെടി നിർത്താനുള്ള അധ്വാനങ്ങൾ ലോകത്താകമാനം നിന്നുണ്ടായിരിക്കുന്നു. എന്നാൽ അമേരിക്ക അത്തരമൊരു ശബ്ദം ഉയർത്തുന്നത് വരെ ഇക്കാര്യങ്ങൾ അവഗണിക്കാനും മറികടക്കാനും ഇസ്രയേലിന് കഴിയുമെന്നാണ് പ്രൊഫസർ മാബോൺ ചൂണ്ടിക്കാട്ടുന്നത്. " വെടിനിർത്തലിനായുള്ള പൊതു ആഹ്വാനങ്ങൾ വർധിച്ചു. പക്ഷേ യുഎസ് വെടിനിർത്തലിന് പരസ്യമായി ആഹ്വാനം ചെയ്യുകയും ഗാസയിലെ ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നടപടികളെ അപലപിക്കുകയും ചെയ്യുന്നത് വരെ ഇസ്രേയലിന് ഈ ശബ്ദങ്ങളെ അവഗണിക്കാനും ഒഴിവാക്കാനും സാധിക്കും," അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഗാസ വിഷയത്തിൽ ഇസ്രയേലിന് മേലെയും സമ്മർദ്ദം ശക്തമാണ്. ഗാസയിലുള്ള തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ഊര്‍ജിതമാക്കണമെന്നും നെതന്യാഹുവിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി ഇസ്രയേലികൾ ഇതിനോടകം തെരുവിൽ ഇറങ്ങിയിട്ടുണ്ട്. ഇസ്രയേലിന്റെ പല സഖ്യ കക്ഷികളും വിഷയത്തിൽ ഇസ്രയേലിന് എതിരെ നിലപാട് കൈകൊണ്ട് കഴിഞ്ഞു. ആഗോള തലത്തിലും ആഭ്യന്തരമായും ഇസ്രയേലിന് നേരെ സമ്മർദ്ദം ശക്തമാണ്. അതിനാൽ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന വിഷയമാണ് ഈ രണ്ട് ആക്രമണങ്ങളും എന്ന് വേണമെങ്കിലും പറയാം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും