WORLD

മുഷറഫിന്റെ പതനത്തിലേക്ക് നയിച്ച ലാല്‍ മസ്ജിദ് ഓപ്പറേഷന്‍

വെബ് ഡെസ്ക്

ഞായറാഴ്ച അന്തരിച്ച മുൻ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ്, ഭരണസഖ്യത്തിന്റെ കുറ്റവിചാരണ ഭീഷണിയെ തുടർന്ന് 2008ലാണ് രാജിവച്ചത്. മുഷറഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് ഒന്നിലേറെ കാരണങ്ങളുടെ പുറത്തായിരുന്നു. പ്രസിഡന്റ് കാലാവധി അവസാനിക്കാറായ ഘട്ടത്തില്‍, പാകിസ്താനിലെ പല പ്രശ്നങ്ങങ്ങളുടെയും കാരണക്കാരനെന്ന നിലയില്‍ മുഷറഫ് വലിയ പ്രതിരോധത്തിലായിരുന്നു.

മുഷറഫിന്റെ പതനത്തിന്റെ ഏറ്റവും വലിയ കാരണം 2007-ൽ ഇസ്ലാമാബാദിലെ ലാൽ മസ്ജിദിൽ നടന്ന ഓപ്പറേഷനാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍

ചീഫ് ജസ്റ്റിസായിരുന്ന ഇഫ്തിഖർ മുഹമ്മദ് ചൗധരിയെ പുറത്താക്കിയതിന് പിന്നാലെ അഭിഭാഷകരിൽ നിന്ന് വലിയ പ്രതിഷേധമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനവും മുഷറഫിന് വലിയ തിരിച്ചടിയായി. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിലും മുഷറഫിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഈ കാരണങ്ങളാലൊക്കെ തന്നെ അദ്ദേഹത്തിന്റെ പാർട്ടിയായ പിഎംഎൽ-ക്യുവിന് 2008 ലെ പൊതുതിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടി വന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ പതനത്തിന്റെ ഏറ്റവും വലിയ കാരണം 2007-ൽ ഇസ്ലാമാബാദിലെ ലാൽ മസ്ജിദിൽ നടന്ന ഓപ്പറേഷനാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മുഷറഫിന്റെ ഭരണത്തെ മാത്രമല്ല, പാകിസ്താനില്‍ ഇസ്ലാമിക തീവ്രവാദികളുടെ വളര്‍ച്ചയ്ക്കും ഇത് വഴിവച്ചു . രാജ്യത്തുടനീളം വർഷങ്ങളായി നിരവധി മാരകമായ ആക്രമണങ്ങൾ നടത്തി വരുന്ന തെഹ്‌രീകെ താലിബാൻ പാകിസ്താന്‍ (ടിടിപി) എന്ന സംഘടന പാകിസ്താനില്‍ നിര്‍ണായക സാന്നിധ്യമായി വളര്‍ന്നു. കഴിഞ്ഞ നവംബറിൽ പാക് സർക്കാരുമായുള്ള 2022 ജൂണിലെ വെടിനിർത്തൽ കരാർ പിൻവലിച്ച ടിടിപി രാജ്യത്തിന് വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ജനുവരി 30ന് പെഷവാറിലെ മുസ്ലീം പള്ളിയില്‍ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്‌ഫോടനത്തിന് പിന്നിലും ടിടിപിയായിരുന്നു.

ലാൽ മസ്ജിദിന്റെ ചരിത്രം

1965-ൽ സ്ഥാപിതമായ ലാൽ മസ്ജിദ് ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിച്ചിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മസ്ജിദിന്റെ സ്ഥാപകനായ മുഹമ്മദ് അബ്ദുല്ല ഖാസി, ജിഹാദുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾക്ക് പ്രസിദ്ധനായിരുന്നു. പാകിസ്താനില്‍ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സിയാ-ഉൽ-ഹഖുമായി മുഹമ്മദ് അബ്ദുല്ല ഖാസി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശകാലത്ത്, റെഡ് ആർമിക്കെതിരെ പോരാടുന്നതിൽ നിർണായക പങ്കുവഹിച്ച മുജാഹിദ്ദീന്‍ സംഘത്തെ വളർത്തിയെടുത്തത് ഇവിടെ നിന്നായിരുന്നു. യുദ്ധം അവസാനിച്ചിട്ടും ഇവിടെ ആയിരക്കണക്കിന് വിദ്യാർഥികളെ പാർപ്പിക്കുകയും സമൂലമായ ഇസ്ലാമിക പഠനം നല്‍കുകയും ചെയ്യുന്നത് തുടർന്നുപോന്നു.

1998-ൽ ഖാസി കൊല്ലപ്പെട്ടതിനുശേഷം, അദ്ദേഹത്തിന്റെ മക്കളായ അബ്ദുൾ അസീസും അബ്ദുൾ റാഷിദും ചേർന്ന് മസ്ജിദ് ഏറ്റെടുത്തു. ഇവിടെ ജാമിഅ ഹഫ്സ എന്ന പേരിൽ സ്ത്രീകൾക്കായി ഒരു മദ്രസ തുടങ്ങി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് വർഷങ്ങൾക്ക് മുന്‍പ് തന്നെ ഒസാമ ബിൻ ലാദൻ ഉൾപ്പെടെ നിരവധി അൽ ഖ്വയ്ദ നേതാക്കളുമായി ബന്ധമുള്ളതായി ഖാസിയുടെ മക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തിന് ശേഷം അമേരിക്ക 'ഭീകരതയ്ക്കെതിരായ യുദ്ധം' ആരംഭിച്ചതോടെ അല്‍ഖ്വയ്ദയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇരുവരും നിലപാടെടുത്തു. 

പാകിസ്താന്‍ സർക്കാരുമായുള്ള തർക്കം

പ്രസിഡന്റ് മുഷറഫ് അമേരിക്കയുടെ 'ഭീകരതയ്ക്കെതിരായ യുദ്ധത്തിന്' പിന്തുണ പ്രഖ്യാപിച്ചപ്പോൾ, ലാൽ മസ്ജിദിലെ മത നേതാക്കളും മതപഠന വിദ്യാർഥികളും ഈ നിലപാടിനെ പരസ്യമായി എതിര്‍ത്തു. പര്‍വേസ് മുഷറഫിനെ വധിക്കാന്‍ പോലും ആഹ്വാനം ചെയ്തു. രാജ്യത്ത് നിര്‍ദിഷ്ട ഇസ്ലാമിക ഭരണത്തിനായി ഒരു രൂപരേഖയും പുറത്തുവിട്ടു. ശരിഅത്ത് നിയമം അടിസ്ഥാനമാക്കി രാഷ്ട്രീയ - നീതന്യായ വ്യവസ്ഥയെ വിഭാവനം ചെയ്യുന്നതായിരുന്നു ഈ രൂപരേഖ. അതിനായി അവര്‍ ഇസ്ലാമിക കമ്മിറ്റികളും രൂപീകരിച്ചു.

2007 ജൂണിൽ, ലാല്‍ മസ്ജിദിലെ മതപഠന വിദ്യാർഥികള്‍ ഇസ്ലാമാബാദിലെ ഒരു മസാജ് പാർലർ വേശ്യാലയമാണെന്ന് ആരോപിച്ച് റെയ്ഡ് ചെയ്തു. ഏഴ് ചൈനീസ് പൗരന്മാരുൾപ്പെടെ അവിടെ ജോലി ചെയ്യുന്ന ഒന്‍പത് പേരെ തട്ടിക്കൊണ്ട് പോകുക കൂടി ചെയ്തതതോടെ സ്ഥിതിഗതികള്‍ മോശമായി. തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാൻ ചൈനീസ് സര്‍ക്കാര്‍ പാക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. ഇതിന് പിന്നാലെ ചൈനീസ് പൗരന്മാരെ മോചിപ്പിച്ചു.

ലാൽ മസ്ജിദ് ഉപരോധം

ലാൽ മസ്ജിദിലെ നേതാക്കൾക്കും വിദ്യാർഥികൾക്കുമെതിരെ പാകിസ്താൻ സൈന്യം മാസങ്ങളോളം നടപടിയെടുത്തിരുന്നില്ല. ഒടുവിൽ 2007 ജൂലൈ 3-ന് പ്രസിഡന്റ് മുഷറഫിന്റെ ഉത്തരവനുസരിച്ച് ടാങ്കുകളും പീരങ്കി തോക്കുകളുമായി സൈന്യം പ്രദേശം വളഞ്ഞു. ഇതിന്റെ പ്രതികാരമായി, വിദ്യാർഥികളും തീവ്രവാദികളും പാകിസ്താൻ സൈനികർക്ക് നേരെ വെടിയുതിർക്കുകയും സമീപമുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ കെട്ടിടത്തിന് തീയിടുകയും ചെയ്തു. ഓപ്പറേഷന് നേതൃത്വം നൽകുന്ന പ്രത്യേക സേനയുടെ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ ഹാറൂൺ ഇസ്ലാമിനെ തീവ്രവാദികള്‍ വെടിവെച്ചതോടെ സംഘർഷം രൂക്ഷമായി. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം അടുത്ത ദിവസം മരിച്ചു. ഇതോടെ പാകിസ്താന്‍ സൈനിക നീക്കം ശക്തമാക്കി.

മൂന്ന് ദിവസത്തിന് ശേഷം "ഓപ്പറേഷൻ സൈലൻസ്" ആരംഭിക്കുന്നതിനായി ലാൽ മസ്ജിദിന്റെയും ജാമിയ ഹഫ്സയുടെയും പരിസരത്ത് സൈന്യം പ്രവേശിച്ചു. ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹർകത്ത്-ഉൽ ജിഹാദ്-അൽ-ഇസ്‌ലാമി തുടങ്ങിയ ജിഹാദി ഗ്രൂപ്പുകളുടെ ഘടകങ്ങൾ ലാല്‍ മസ്ജിദിലേ്ക്ക് ബോംബുകളും ആയുധങ്ങളുമായി പ്രവേശിച്ചു. ഏറ്റുമുട്ടലില്‍ സൈനികരുള്‍പ്പെടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. മസ്ജിദിനും സാരമായ കേടുപാടുകൾ സംഭവിച്ചു.

ഓപ്പറേഷന്റെ അനന്തരഫലം

ലാൽ മസ്ജിദ് ഓപ്പറേഷന് ശേഷം ഇസ്ലാമിക തീവ്രവാദികൾ മുഷറഫിനെതിരെ തിരിഞ്ഞു. അൽ-ഖ്വയ്ദയിലെ പ്രധാന നേതാവായിരുന്ന അയ്മാന്‍ അല്‍-സവാഹിരിയാണ് ഇതിന് പ്രതികാരം ചെയ്തത്. സൈന്യത്തിനെതിരെ പോരാടുന്നതിനിടെ കൊല്ലപ്പെട്ട ഖാസിയുടെ മകന്‍ അബ്ദുൾ റഷീദിനെ ബിൻ ലാദൻ "ഇസ്ലാമിന്റെ ഹീറോ" എന്നായിരുന്നു വിശേഷിപ്പിച്ചത്.

അൽ ഖ്വയ്ദയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും പാക് സർക്കാരിനും സൈന്യത്തിനുമെതിരെ പോരാടാനുള്ള ആയുധമായി ലാല്‍ മസ്ജിദ് ഏറ്റുമുട്ടല്‍ ഉപയോഗിച്ചുവെന്ന് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് നിരവധി ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളുമുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു.

പ്രസിഡന്റ് മുഷറഫിനെതിരെയുള്ള പ്രതിഷേധങ്ങളും രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളും വഷളാകുന്നതിന് ഏറ്റുമുട്ടലുകള്‍ പ്രധധാന കാരണമായി. ഒടുവില്‍ 2008ല്‍ അദ്ദേഹത്തിന്റെ രാജിയിലേക്കും കാര്യങ്ങളെത്തിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ നടക്കവെ ലാല്‍ മസ്ജിദ് ഓപ്പറേഷന് ഉത്തരവിട്ടെന്ന ആരോപണം മുഷ്റഫ് നിഷേധിച്ചിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും