പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ തിരഞ്ഞെടുപ്പാണ് കടന്നുപോയത്. ഫലപ്രഖ്യാപനം പൂർണമായിട്ടില്ലെങ്കിലും ജയിലിൽ കഴിയുന്ന തെഹ്‌രീക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാനും പാകിസ്താൻ മുസ്ലിം ലീഗ് (എൻ) നേതാവ് നവാസ് ഷെരീഫും ജയപ്രഖ്യാപനം നടത്തിയിട്ടുണ്ട്. വോട്ടെണ്ണലിന്റെ ഫലങ്ങൾ വന്നുകൊണ്ടിരിക്കെ പാകിസ്താൻ തെരുവുകളിൽ പലയിടങ്ങളിലും അക്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്ക് ഇതുവരെ അന്ത്യമുണ്ടായിട്ടില്ല.
ഫെബ്രുവരി എട്ടിനായിരുന്നു വോട്ടെടുപ്പ്. ആക്രമണ പരമ്പരകള്‍ക്കിടെയാണ് വോട്ടെണ്ണൽ നടന്നത്. അതിനുപുറമെ നിശ്ചിത സമയത്തിനു ശേഷം ഒൻപത് മണിക്കൂറുകൾക്ക് ശേഷമാണ് വോട്ടെണ്ണൽ ഫലങ്ങൾ പ്രഖ്യാപിക്കാൻ ആരംഭിച്ചത്. ഇതോടെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി പലരും പ്രത്യേകിച്ച് പിടിഐ ആരോപിക്കാൻ ആരംഭിച്ചിരുന്നു. പാകിസ്താനിൽ അവസാന വാക്കായ സൈനിക ഹൈക്കമാൻഡിന്റെ പിന്തുണ ഉള്ളതിനാൽ എളുപ്പം ജയിച്ചുകേറാമെന്ന് മൂന്ന് തവണ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫും പാർട്ടിയും കരുതിയെങ്കിലും മറിച്ചാണ് ഇപ്പോൾ കാര്യങ്ങൾ.
തങ്ങൾക്ക് ഇഷ്ടമുള്ള ആളെ ഭരണതലപ്പത്ത് സ്ഥാപിക്കുക എന്ന പ്രക്രിയയാണ് വർഷങ്ങളായി പാകിസ്താനിൽ 'സൈനിക എസ്റ്റാബ്ലിഷ്‌മെന്റ്' നടത്തിപോരുന്നത്. ഒരു യുദ്ധത്തിൽ പോലും ജയിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രം പാകിസ്താൻ സൈന്യത്തിന് ഇല്ലെന്നൊരു പറച്ചില്‍ തന്നെയുണ്ട്. കാര്യങ്ങൾ ഇങ്ങനൊക്കെ ആണെന്നിരിക്കെയാണ് പാകിസ്താൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എന്നാൽ വലിയ തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും നടുവിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സംഘവും വലിയ വിജയമാണ് ഉണ്ടാക്കിയത്. വോട്ടെണ്ണൽ പൂർണമായിട്ടില്ലെങ്കിലും തെഹ്‌രീക് ഇ ഇൻസാഫിന്റെ പിന്തുണയുള്ള സ്വതന്ത്രരാണ് പി എം എൽ(എൻ), പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്നിവരേക്കാളൊക്കെ മുൻപിൽ.
2018 ൽ സൈന്യത്തിന്റെ സ്വന്തം ആളായിരുന്നെങ്കിലും ഭരണത്തിലേറിയ ഇമ്രാൻ ഖാൻ അവർക്കൊരു വെല്ലുവിളിയായി മാറിയിരുന്നു. ഇതോടെയാണ് സൈന്യം ഇമ്രാനെ പുറത്താക്കാനുള്ള കരുക്കൾ നീക്കിയതും 2022ൽ പ്രധാനമന്ത്രി സ്ഥാനം രാജിവെപ്പിച്ചതും. നിലവിൽ അദ്ദേഹം ജയിലിലാണ്, തിരഞ്ഞെടുപ്പിൽനിന്ന് വിലക്കും നേരിടുന്നുണ്ട്. ഇമ്രാന്റെ പാർട്ടിക്കും ഇതേ നിരോധനമുണ്ട്. അതുകൊണ്ട് പി ടി ഐ നേതാക്കൾ സ്വതന്ത്രരായാണ് മത്സരിച്ചത്. എന്നിട്ടും അവരെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല എന്നിടത്താണ് നവാസ് ശെരീഫിനും അതുവഴി സൈന്യത്തിനും തിരിച്ചടിയായത്.
ഇനിയെന്ത്?
പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 266 സീറ്റുകളിൽ 251 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോൾ 92 സീറ്റുകളിൽ പിടിഐ പിന്തുണയുള്ള സ്ഥാനാർത്ഥികളാണ് ജയിച്ചത്. പിഎംഎൽ-എൻ 71 സീറ്റുകളിലും ബിലാവൽ ഭൂട്ടോയുടെയും ആസിഫ് അലി സർദാരിയുടെയും പാകിസ്താൻ പീപ്പിൾസ് പാർട്ടി 54 സീറ്റുകളിലും ജയിച്ചു. ഇതോടെ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭരണത്തിലേറാൻ കഴിയില്ലെന്ന കാര്യത്തിൽ തീർച്ച വന്നിട്ടുണ്ട്. ഒരു സഖ്യകക്ഷി സർക്കാരായിരിക്കും അധികാരത്തിലേറുക. അതിന്റെ ഭാഗമായുള്ള ചർച്ചകളും തീരുമാനങ്ങളും ഇതിനോടകം വന്നിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടുതന്നെ മുന്നണി രൂപീകരിക്കാനുള്ള സമ്മതം നവാസ് ഷെരീഫ് അറിയിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബിലാവൽ ഭൂട്ടോയുടെ പാർട്ടിയുമായി പി എം എൽ (എൻ) ധാരണയിലെത്തിയിട്ടുണ്ട്. നവാസ് ഷെരീഫിന്റെ 'ജയപ്രഖ്യാപന'ത്തിന് പിന്നാലെ എക്‌സിലെ അക്കൗണ്ടിലൂടെ ഇമ്രാൻ ഖാനും പ്രതികരിച്ചിരുന്നു. എ ഐ ജനറേറ്റഡ് കുറിപ്പിൽ തിരഞ്ഞെടുപ്പിൽ കൂടെ നിന്നതിന് അദ്ദേഹം അനുയായികളെ അഭനന്ദിച്ചിരുന്നു. ഒപ്പം നവാസ് ഷെരീഫിൻ്റെ വിജയ അവകാശവാദം അംഗീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ ജയിലിൽ ആണെന്നിരിക്കെ പി ടി ഐയുടെ പിന്തുണയിൽ ജയിച്ച നേതാക്കൾ എത്രത്തോളം കൂറ് പുലർത്തുമെന്നത് ചോദ്യമായി തുടരുകയാണ്. പല നേതാക്കളും അറസ്റ്റിലോ അല്ലെങ്കിൽ ഒളിവിലോ ആണ്.