സംവരണനയം തിരുത്തണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ ശക്തമായ വിദ്യാർഥി പ്രതിഷേധം തുടരുകയാണ്. മൂന്നാഴ്ചയിലധികമായി രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 105 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മൂന്നൂറിലധികം വിദ്യാർഥികൾ ലഭ്യമായ മാർഗങ്ങള്‍ ഉപയോഗിച്ച് അതിർത്തി കടന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ആശയവിനിമയ സംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ ബംഗ്ലാദേശിൽ സംഭവിക്കുന്നത് ?
യൂണിവേഴ്സിറ്റി പതിനായിരക്കണക്കിന് ബംഗ്ലാദേശി പൗരന്മാരുമാണ് ബംഗ്ലാദേശിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. 1971ലെ സ്വാതന്ത്ര്യസമര സേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തുകൊണ്ടുള്ള ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് പ്രകടനങ്ങൾ ആരംഭിച്ചത്. ഈ സമ്പ്രദായം അന്യായമാണെന്നും മെറിറ്റ് അടിസ്ഥാനമാക്കിയാണ് മിക്ക തസ്തികകളും നികത്തേണ്ടതെന്നും വിദ്യാർഥികൾ പറയുന്നു. സർക്കാർ ജോലികൾ സംവരണം നൽകുന്നത് ചെയ്യുന്നതെങ്ങനെയെന്ന് പുനഃപരിശോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ വേഗത സമീപ വർഷങ്ങളിൽ ബംഗ്ലാദേശിൽ മന്ദഗതിയിൽ ആയിട്ടുണ്ട്. അതിനാൽ ഇത് രാജ്യത്തെ അടിയന്തര ആവശ്യമായാണ് പ്രതിഷേധക്കാർ കാണുന്നത്. യുണൈറ്റഡ് നേഷൻസ് ട്രേഡ് ബോഡിയുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്.
വിഷയത്തിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിഷയത്തിൽ സർക്കാരിന്റെ വാദം ഓഗസ്റ്റ് ഏഴിന് കോടതി പരിഗണിക്കും. ക്വാട്ട സമ്പ്രദായം പുനഃപരിശോധിക്കുന്നതിനെ സർക്കാർ അനുകൂലിക്കുന്നുവെന്നും വിദ്യാർഥി നേതാക്കളുമായി ചേർന്ന് പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും നിയമമന്ത്രി അനിസുൽ ഹഖ് വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിൽ സംഭവിച്ചത്
രാജ്യത്തെ ഉന്നത സ്ഥാപനമായ ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ ജൂലൈ ഒന്നിനാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചു. ഭരണകക്ഷിയുടെ ക്വാട്ട അനുകൂല വിദ്യാർഥി വിഭാഗത്തിലെ അംഗങ്ങൾ അവാമി ലീഗ് പ്രതിഷേധക്കാരെ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം അക്രമാസക്തമായതെന്ന് രാഷ്ട്രീയ നിരീക്ഷകനായ സഹെദ് ഉർ റഹ്മാൻ പറഞ്ഞു. വിദ്യാർഥിനികൾക്ക് നേരെ സംഘം ചേർന്നുള്ള ആക്രമണമാണ് സ്ഥിഗതികൾ കൂടുതൽ വഷളാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധങ്ങൾ അടിച്ചമർത്താൻ തീവ്രവാദ വിരുദ്ധ യൂണിറ്റ് ഉൾപ്പെടെ പോലീസിനെയും അർധസൈനികരെയും തെരുവിലിറക്കിയതിനു പുറമെ സ്‌കൂളുകളും കോളേജുകളും സർക്കാർ പൂട്ടിയിരിക്കുകയാണ്. തെറ്റായ വാർത്തകള്‍ പടരുന്നത് തടയുന്നതിനും പൗരന്മാരെ സംരക്ഷിക്കുന്നതിനുമായി ഇൻ്റർനെറ്റ് കണക്റ്റിവിറ്റി മന്ദഗതിയിലാക്കിയതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സംഘടിക്കുന്നതും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും തടയാനാണ് നീക്കം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് റബ്ബർ ബുള്ളറ്റുകളും ശബ്ദ ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ചു. എന്നാൽ പ്രതിഷേധം തുടരുകയാണ്.