അമേരിക്കൻ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യംചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് സൈബർ ആക്രമണം നേരിട്ടതിൽ വിമർശനവുമായി വൈറ്റ് ഹൗസ്. 'വാൾസ്ട്രീറ്റ് ജേർണൽ' മാധ്യമപ്രവർത്തക സബ്രീന സിദ്ദിഖിയ്ക്കാണ് ഓൺലൈൻ ആക്രമണങ്ങൾ നേരിടേണ്ടി വന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി മോദി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ എന്തു ചെയ്തുവെന്നായിരുന്നു സബ്രീനയുടെ ചോദ്യം.
മോദിയോട് ചോദ്യം ചോദിച്ചതുമുതൽ സബ്രീനയ്ക്ക് ഇന്ത്യക്കാരിൽനിന്ന് സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്നും അവരുടെ മുസ്ലീം വിശ്വാസത്തിന്റെ പേരിലാണ് സൈബർ ആക്രമണം ഉണ്ടായതെന്നും വാൾ സ്ട്രീറ്റ് ജേർണൽ ചൂണ്ടിക്കാട്ടി.
സബ്രീനയ്ക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസിന് അറിവുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്ററായ ജോൺ കിർബി പറഞ്ഞു. "ഇത് അംഗീകരിക്കാനാവില്ല. ഏത് സാഹചര്യത്തിലും എവിടെയും മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നതിനെ ഞങ്ങൾ പൂർണമായും അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്," അദ്ദേഹം പറഞ്ഞു.
സബ്രീനയ്ക്കെതിരായ സൈബർ ആക്രമണത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി, കരീൻ ജീൻ-പിയറിയും അപലപിച്ചു. ''ഞങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിന് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് ഞങ്ങൾ കഴിഞ്ഞ ആഴ്ച പത്രസമ്മേളനം നടത്തിയതെന്ന് ആളുകളെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. കൂടാതെ, ജോലി ചെയ്യാൻ ശ്രമിക്കുന്ന ഏതെങ്കിലും പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ ഉള്ള ശ്രമങ്ങളെ ഞങ്ങൾ തീർച്ചയായും അപലപിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
ഓൺലൈനിൽ തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയായി സബ്രീന 2011ലെ ക്രിക്കറ്റ് ലോകകപ്പ് കാണുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ ജനിച്ച പിതാവിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടീ-ഷർട്ട് ധരിച്ച ഫോട്ടോകൾ ട്വീറ്റ് ചെയ്തു കൊണ്ട് അവർ പറഞ്ഞു, ''ചിലർ എന്റെ വ്യക്തിപരമായ പശ്ചാത്തലം വ്യക്തമാക്കാൻ തിരഞ്ഞെടുത്തതിനാൽ, ഒരു പൂർണ ചിത്രം നൽകുന്നത് ശരിയാണെന്ന് തോന്നുന്നു.''
ഇന്ത്യയിൽ ഒരുതരത്തിലുമുള്ള വിവേചനവും നിലനിൽക്കുന്നില്ലെന്ന് സബ്രീനയുടെ ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞിരുന്നു. ജനാധിപത്യമാണ് ഇന്ത്യയുടെ നട്ടെല്ല്, രാജ്യത്തിന്റെ ആത്മാവിലും രക്തത്തിലും അത് അലിഞ്ഞുചേർന്നിരിക്കുകയാണ്. ഇന്ത്യക്കാർ ശ്വസിക്കുന്നതും നിലനിൽക്കുന്നതും ജനാധിപത്യത്തിലാണെന്നുമായിരുന്നു മോദിയുടെ മറുപടി. ജനാധിപത്യം ശക്തമാക്കുന്നതിന് യുഎസും ഇന്ത്യയും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.
''മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ പ്രശ്നമില്ലെന്നും മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രപരമായ വ്യത്യാസമോ പരിഗണിക്കാതെ ഇന്ത്യയിൽ എല്ലാവർക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി വരുന്നു,'' എന്നും മോദി മറുപടിയായി പറഞ്ഞു.
മുസ്ലിങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് മോദി ശക്തമായ മറുപടി നല്‍കിയെന്ന് ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ടൂള്‍കിറ്റ് സംഘത്തിനേറ്റ മറ്റൊരു പ്രഹരമാണിതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.