മൂന്നാഴ്ചയിലധികമായി ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പുകയുകയാണ്. സംവരണ നയം തിരുത്തണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയപ്പോഴുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 105 പേരാണ്. ബംഗ്ലാദേശിനെ പിടിച്ചുകുലുക്കുകയാണ് പ്രക്ഷോഭം. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും പ്രശ്‌നം അതീവ സങ്കീര്‍ണമാകുന്നു. എല്ലാം ആരംഭിച്ചത് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഒരൊറ്റ വാക്കില്‍ നിന്നാണ്. തീയുടെ ചൂടുള്ള ആ വാക്കാണ് ബംഗ്ലാദേശ് കത്തുന്നതിന് പിന്നിലെ കാരണം; 'റസാക്കര്‍' എന്ന വാക്ക്.
സ്വാതന്ത്ര്യസമര സേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തുകൊണ്ടുള്ള ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതിന് പിന്നാലെ ജൂലൈ ഒന്നുമുതലാണ് ബംഗ്ലാദേശിന്റെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഈ സമ്പ്രദായം അന്യായമാണെന്നും മെറിറ്റ് അടിസ്ഥാനമാക്കിയാണ് മിക്ക തസ്തികകളും നികത്തേണ്ടതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികളില്‍ മൂന്നിലൊന്ന് ശതമാനം ഇത്തരം വിദ്യാര്‍ഥികള്‍ക്കാണ് മാറ്റിവച്ചിരിക്കുന്നത്. യുദ്ധവും സ്വാതന്ത്ര്യലബ്ധിയും ഓര്‍മകളില്‍ നിര്‍ത്തി തീവ്ര ദേശീയ വികാരം ഉയര്‍ത്തി പിടിച്ചുനില്‍ക്കാനുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമായാണ് ഈ കീഴ്‌വഴക്കത്തെ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.
ജൂലൈ പതിനാലിന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ 'റസാക്കര്‍' പ്രയോഗം നടത്തിയത്. '' പോരാളികളുടെ ചെറുമക്കള്‍ക്ക് ക്വാട്ട ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്? റസാക്കര്‍മാരുടെ ചെറുമക്കള്‍ക്കാണോ?'', എന്നായിരുന്നു ഹസീനയുടെ വാക്കുകള്‍.
ഇതോടെ 'ആരാണ് ഞാന്‍, ആരാണ് നീ? റസാക്കര്‍, റസാക്കര്‍'' മുദ്രാവാക്യവും മുഴക്കി വിദ്യാര്‍ഥികള്‍ തെരുവുകളില്‍ കലാപം അഴിച്ചുവിട്ടു. വിദ്യാര്‍ഥികളെ ഇത്രമേല്‍ പ്രകോപിതരാക്കിയ ഈ വാക്കിന്റെ അര്‍ഥം എന്താണ്? റസാക്കര്‍ പ്രയോഗത്തിന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പോരാട്ടത്തോളം പഴക്കമുണ്ട്. 1971-ല്‍ നടന്ന ബംഗ്ലാദേശ് യുദ്ധത്തോടെയാണ് റസാക്കര്‍ പ്രയോഗം രാജ്യവ്യാപകമായത്.
കിഴക്കന്‍ പാകിസ്താനില്‍ തീവ്ര ഇസ്ലാമിസ്റ്റുകളായ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പാകിസ്താന്‍ സായുധ സേന സ്വാതന്ത്ര്യ സമര സേനാനികളെ ലക്ഷ്യം വച്ച് നടത്തിയ അതിക്രമങ്ങളെ പിന്തുണിച്ചിരുന്നവരെ വിളിച്ചിരുന്ന പേരാണ് റസാക്കര്‍മാര്‍. തങ്ങളെ സഹായിക്കാനായി പാക് സേന മൂന്നു വിഭാഗങ്ങളെ രൂപീകരിച്ചു. റസാക്കര്‍മാര്‍, അല്‍-ബദര്‍, അല്‍-ഷാംസ്. ഈ മൂന്നു ഗ്രൂപ്പുകളും സ്വാതന്ത്ര്യ സമര സേനാനികളെയും അവരെ പിന്തുണ്ക്കുന്നവരേയും തിരഞ്ഞുപിടിച്ച് വേട്ടയാടി. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി. എതിര്‍ത്തവരയെല്ലാം കൊന്നുതള്ളി. ഇതോടെ, റസാക്കര്‍മാര്‍ ബംഗ്ലാദേശികളുടെ പേടിസ്വപ്‌നായി മാറി.
റസാക്കര്‍മാര്‍ പ്രയോഗം ഇന്ത്യയിലും നിലനിന്നിരുന്നു. ഹൈദരാബാദ് നൈസാമിന്റെ സൈനികരേയും റസാക്കര്‍മാര്‍ എന്നാണ് വിളിച്ചിരുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യത്തിനൊപ്പം ചേരാന്‍ വിസമ്മതിച്ച നൈസാമിന് പൂര്‍ണ പിന്തുണ കൊടുത്തു കൂടെ നിന്നത് ഇവരായിരുന്നു. പിന്നീട് സൈനിക നീക്കത്തിലൂടെയാണ് ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയത്. റസാക്കര്‍മാര്‍ എന്ന വാക്കിന്റെ അര്‍ഥം സന്നദ്ധ ഭടന്‍മാര്‍ എന്നാണ്. ഈ വാക്കു തന്നെയാണ് ബംഗ്ലാദേശിലും പിന്നീട് ഉപയോഗിക്കപ്പെട്ടത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജമാ അത്തെ ഇസ്ലാമി നേതാവ് മൗലാന അബ്ദുള്‍ കലാം മുഹമ്മദ് യൂസുഫ് ആണ് 1971-ല്‍ ബംഗ്ലാദേശില്‍ ആദ്യമായി റസാക്കര്‍ സേന രൂപീകരിച്ചത്. ബിഹാറില്‍ നിന്നുള്ളവരും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവരെയാണ് ഈ സേനയിലേക്ക് ജമാ അത്തെ ഇസ്ലാമി കൂടുതലായി എടുത്തത്. പണം ലഭിച്ചുതുടങ്ങിയപ്പോള്‍, ഇവര്‍ ജമാ അത്തെ ഇസ്ലമിക്കും പാക് സൈന്യത്തിനും വേണ്ടി വംശഹത്യക്ക് ഇറങ്ങിപ്പുറപ്പെട്ടു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുക്തി ജോഡോ സംഘത്തില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് വകവരുത്താന്‍ ഇവര്‍ പാക് സൈന്യത്തെ സഹായിച്ചു.
പശ്ചിമ പാകിസ്താനിലേക്ക് 1946-ലും 1947-ലുമായി കുടിയേറിയ ഉറുദു സംസാരിച്ചിരുന്ന ജനവിഭാഗത്തെയാണ് ബിഹാറികള്‍ എന്നുവിളിച്ചിരുന്നത്. മതപരമായ വികാരവും പണത്തോടുള്ള ആവശ്യവും മുതലെടുത്തായിരുന്നു പാക് സേനയും ജമാ അത്തെ ഇസ്ലാമിയും ഇവരെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തിയിരുന്നത്. തീവ്ര ഇസ്ലാമിക യാഥാസ്ഥിതിക വിഭാഗത്തെയാണ് അല്‍ ബദര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്.
കിഴക്കന്‍ പാകിസ്താനികളെ അപമാനിക്കാന്‍ പാക് സൈന്യവും ഭരണകൂടവും അന്ന് ഉപയോഗിച്ചിരുന്ന പദമായിരുന്നു ബംഗാളി. ബംഗ്ലാദേശ് വിമോചന പോരാട്ട സമയത്ത് ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങളില്‍ ഏറെ പ്രധനാപ്പെട്ട ഒന്നായിരുന്ന ''ആരാണ് നീ, ആരാണ് ഞാന്‍, ബംഗാളി, ബംഗാളി...'' എന്നത്. ഈ മുദ്രാവാക്യത്തിന് സമാനമായ രീതിയിലാണ് വിദ്യാര്‍ഥികള്‍ റസാക്കര്‍ മുദ്രാവാക്യം മുഴക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ഈ ജമാ അത്തെ ഇസ്ലാമി സേനാംഗങ്ങളെ കൂട്ടത്തോടെ വിചാരണയ്ക്ക് വിധേയമാക്കുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ഇതോടെ, റസാക്കര്‍ പ്രയോഗം ദേശവിരുദ്ധതയെ സൂചിപ്പിക്കാനുള്ള പ്രയോഗമായി മാറി. പൂര്‍വികര്‍ ചെയ്ത ക്രൂരതയ്ക്ക് അവരുടെ കുടുംബാംഗങ്ങളെ ഈ പേരു വിളിച്ച് അധിക്ഷേപിക്കുന്നതിന് എതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശക്തമായിരുന്നു.
ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ വേഗത സമീപ വര്‍ഷങ്ങളില്‍ ബംഗ്ലാദേശില്‍ മന്ദഗതിയില്‍ ആയിട്ടുണ്ട്. അതിനാല്‍, ക്വാട്ട ആവശ്യം ഏറെ പ്രധാനം ആണെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കുന്നു. വിഷയത്തിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ വാദം ഓഗസ്റ്റ് ഏഴിന് കോടതി പരിഗണിക്കും. ക്വാട്ട സമ്പ്രദായം പുനഃപരിശോധിക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നുവെന്നും വിദ്യാര്‍ഥി നേതാക്കളുമായി ചേര്‍ന്ന് പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും നിയമമന്ത്രി അനിസുല്‍ ഹഖ് വ്യക്തമാക്കിയിട്ടുണ്ട്.