ക്രിസ് ഹിപ്കിൻസ് 
WORLD

ജസീന്ത ആർഡന്റെ പകരക്കാരന്‍; ആരാണ് പുതിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് ?

വിദ്യാഭ്യാസമന്ത്രി, പൊതുസേവന വകുപ്പ് മന്തി, സഭാ നേതാവ് എന്നീ ചുമതലകള്‍ കൂടാതെ 2020ല്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുള്ള മന്ത്രിയായും ഹിപ്കിൻസ് പ്രവര്‍ത്തിച്ചു

വെബ് ഡെസ്ക്

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാനുള്ള ജസീന്ത ആർഡന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. പദവി ഒഴിയാനുള്ള തീരുമാനത്തിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കാനായി ഏകകണ്‌ഠേന ഉയര്‍ന്ന പേര് ക്രിസ് ഹിപ്കിൻസിന്റേതായിരുന്നു. ഈ സ്ഥാനത്തേക്കുള്ള ഏക നോമിനിയാണ് ഹിപ്കിന്‍സ് എന്ന പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടായി. ഞായറാഴ്ച് നടക്കാനിരിക്കുന്ന ലേബര്‍ പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഇനി എനിക്ക് കാത്തിരിക്കാൻ കഴിയില്ല, തീരുമാനം വന്നാലുടന്‍ ഞാന്‍ എന്റെ ജോലികള്‍ ആരംഭിക്കും'
ക്രിസ് ഹിപ്കിൻസ്

''ഹട്ടെന്ന ചെറിയ നഗരത്തില്‍ നിന്നുള്ള കുട്ടിക്ക് ഇത് ഒരു വലിയ ദിവസമാണ്. ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഏക സ്ഥാനാര്‍ഥിയായി ന്യൂസിലന്‍ഡിന്റെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് എത്താനായതില്‍ ഒരുപാട് അഭിമാനമുണ്ട്. ഇത്രയും ശക്തവും കഴിവുള്ളതുമായ ഒരു ടീമിനെ നയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്'', ഹിപ്കിൻസ് ഫേസ്ബുക്കില്‍ കുറിച്ചു. ന്യൂസിലന്‍ഡിന്റെ ഭാവിയെക്കുറിച്ചും വരാനിരിക്കുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസത്തിലാണ്. അന്തിമ വോട്ടെടുപ്പിനായി ലേബര്‍ പാര്‍ട്ടി നാളെ വെല്ലിങ്ടണില്‍ യോഗം ചേരും. ''ഇനി എനിക്ക് കാത്തിരിക്കാൻ കഴിയില്ല, തീരുമാനം വന്നാലുടന്‍ ഞാന്‍ എന്റെ ജോലികള്‍ ആരംഭിക്കും'', തികഞ്ഞ ആത്മവിശ്വാസമാണ് ഹിപ്കിൻസിന്റെ വാക്കുകളില്‍.

രാജ്യത്ത് കോവിഡ്-19ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് ഹിപ്കിൻസ് ജനശ്രദ്ധ നേടിയത്. വിദ്യാഭ്യാസമന്ത്രി, പൊതുസേവന വകുപ്പ് മന്തി, സഭാ നേതാവ് എന്നീ ചുമതലകളെ കൂടാതെ 2020ല്‍ കോവിഡ് മഹാമാരി കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിയായും ഹിപ്കിൻസ് പ്രവര്‍ത്തിച്ചു. നിലവില്‍ ആഭ്യന്തരവകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.

മൗണ്ട് ബൈക്കിങിലും ട്രാംപിങ്, നീന്തല്‍ എന്നിവയിലും പ്രാഗല്‍ഭ്യം തെളിയിച്ച 'അതിസാഹസികന്‍' എന്നാണ് ജീവചരിത്രത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്

ന്യൂസിലന്‍ഡിലെ വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്‌സ്, ക്രിമിനോളജി എന്നിവയില്‍ ബിരുദം നേടിയ ഹിപ്കിൻസ് 2008ലാണ് പാര്‍ലമെന്റിലെത്തുന്നത്. അതിനുമുന്‍പ് രണ്ട് വിദ്യാഭ്യാസ മന്ത്രിമാരുടെയും ഒരു പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൗണ്ട് ബൈക്കിങിലും ട്രാംപിങ്, നീന്തല്‍ എന്നിവയിലും പ്രാഗല്‍ഭ്യം തെളിയിച്ച 'അതിസാഹസികന്‍' എന്നാണ് ജീവചരിത്രത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വെല്ലിങ്ടണ്ണിന് അടുത്തുള്ള ജന്മസ്ഥലമായ അപ്പര്‍ ഹട്ടില്‍ നിന്നും സ്വന്തം ഓഫീസിലേക്ക് സൈക്കിളില്‍ അദ്ദേഹം പോവാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓരോ പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിന്റെ ഒരു പ്രധാനമുഖമായി അദ്ദേഹം മാറുകയായിരുന്നു. കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പത്രസമ്മേളനങ്ങളില്‍ ടെലിവിഷനിലും മൊബൈല്‍ സ്‌ക്രീനുകളിലും ജസീന്ത ആര്‍ഡനൊപ്പം അദ്ദേഹം ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു. പ്രസന്നമായ പെരുമാറ്റവും നര്‍മബോധവും അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

2017ല്‍ അന്നത്തെ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണബി ജോയ്‌സിന്റെ പൗരത്വത്തെ ഹിപ്കിൻസ് ചോദ്യം ചെയ്തിരുന്നു. ഇത് ഓസ്‌ട്രേലിയയില്‍ നിന്ന് അദ്ദേഹത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമായി. ജോയ്‌സിന് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഇരട്ട പൗരത്വം ഉണ്ടെന്ന് തെളിയിക്കുന്നതിലേക്കാണ് ഈ വിവാദം വഴിയൊരുക്കിയത്. അതുവഴി ജോയ്‌സ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കപ്പെട്ടു. തുടര്‍ന്ന് ജോയ്‌സ് ന്യൂസിലന്‍ഡ് പൗരത്വം ഉപേക്ഷിച്ചെങ്കിലും 2016 ല്‍ അദ്ദേഹം ജനപ്രതിനിധിയായ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി വിധിച്ചു. ഇത് പിന്നീട് വലിയ കലഹത്തിന് വഴിയൊരുക്കിയതോടെ പ്രധാനമന്ത്രി ജസീന്ത ആർഡന്‍ വിഷയത്തില്‍ ഇടപെടുകയും ഹിപ്കിൻസ് ആ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു .

രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡനുമായി സാമ്യം ഒരുപാടുണ്ടെങ്കിലും രണ്ടുപേരുടെയും ഭരണശൈലി വ്യത്യസ്തമാണ്

രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡനുമായി സാമ്യം ഒരുപാട് ഉണ്ടെങ്കിലും രണ്ടുപേരുടെയും ഭരണശൈലി വ്യത്യസ്തമാണ്. ആര്‍ഡന്റെ നേതൃത്വ ശൈലിയുടെ ഏറ്റവും വലിയ പ്രത്യേകത മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ദയയുമാണ് . എന്നാല്‍ ശക്തമായ സംവാദ മികവും ഭയമില്ലാതെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവുമാണ് ഹിപ്കിൻസിനെ വ്യത്യസ്തനാക്കുന്നത്. ആര്‍ഡനും ഹിപ്കിൻസും രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും സഖ്യകക്ഷികളാണെന്ന് തന്നെ പറയാം. ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം ലേബര്‍ പാര്‍ട്ടിയില്‍ തന്നെയായിരുന്നു. 2008ലാണ് ഇരുവരും പ്രതിപക്ഷ എംപിമാരായി പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി ഹെലന്‍ ക്ലര്‍ക്കിന്റെ കീഴില്‍ രണ്ട് പേരും ഉപദേശകരായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ആര്‍ഡന്‍ പ്രധാനമന്ത്രിയായപ്പോഴും ഇവരുടെ കൂട്ടുകെട്ട് ഫലപ്രദമായി പ്രവർത്തിച്ചിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍