രണ്ടു നൂറ്റാണ്ടുകാലം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടന്റെ അമരത്ത് ഇന്ത്യന്‍ വംശജനായ ഋഷി സുനക് എത്തുമ്പോള്‍ ഭാര്യ അക്ഷതയും വാർത്തകളില്‍ ഇടം പിടിക്കുകയാണ്. ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് ഋഷിയുടെ ഭാര്യ അക്ഷത
കുട്ടിക്കാലം
നാരായണമൂർത്തിയുടേയും എഞ്ചിനീയറായ സുധാമൂര്‍ത്തിയുടേയും മകളായി1980ലാണ് കര്‍ണ്ണാടകയിലെ ഹുബ്ലിയില്‍ അക്ഷത ജനിക്കുന്നത്. അക്ഷത ജനിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അക്ഷതയെ മുത്തച്ഛനേയും മുത്തശ്ശിയേയും ഏല്‍പ്പിച്ച് മാതാപിതാക്കള്‍ മുംബൈയിലേക്ക് മടങ്ങി. 2013ല്‍ നാരായണമൂര്‍ത്തിയെ കുറിച്ച് സുധാ മേനോന്‍ എഴുതിയ പുസ്തകത്തില്‍ ടെലിഫോണ്‍ വാങ്ങാന്‍ കാശില്ലാത്തതിനാല്‍ മകള്‍ ജനിച്ച വിവരം സഹപ്രവര്‍ത്തകന്‍ പറഞ്ഞറിഞ്ഞതിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മകള്‍ ജനിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് മൂര്‍ത്തി ഇന്‍ഫോസിസ് സ്ഥാപിച്ചത്. ജീവിതത്തില്‍ വലിയ ഉയരങ്ങളില്‍ മാതാപിതാക്കളെത്തിയപ്പോഴും കുട്ടികളെ കഠിനാധ്വാനികളാക്കി മാറ്റാന്‍ അവര്‍ ശ്രദ്ധ ചെലുത്തി . സാധാരണക്കാരെ പോലെ വളര്‍ത്തി. ഓട്ടോറിക്ഷയില്‍ സ്‌ക്കൂളിലയച്ചു. പഠനാന്തരീക്ഷം മെച്ചപ്പെടുത്താനായി വീട്ടില്‍ ടി വി ഒഴിവാക്കി.
ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്ന
430 ദശലക്ഷം പൗണ്ട് ആസ്തിയുള്ള കുടുംബത്തിന്റെ ടെക് സ്ഥാപനത്തില്‍ അക്ഷതയുടെ ഓഹരി 0.91% ആണ്. അതായത് 1.2 ബില്യന്‍ ഡോളർ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യനെയറിന്റെ കണക്ക് പ്രകാരം അന്തരിച്ച എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പന്നയാണ് അക്ഷത. 500 മില്യന്‍ പൗണ്ട് മൂല്യമുള്ള സ്വത്തുക്കളുടെ ഉടമ. 2007ല്‍ സാമ്പത്തിക രംഗത്തേക്ക് കടന്നുവന്ന അക്ഷത രണ്ട് വര്‍ഷത്തിനു ശേഷം തന്റെ ഇഷ്ടമേഖലയായ ഫാഷനിലേക്ക് ചുവടുവെച്ചു. ഇന്ന് ഡിഗ്മെ ഫിറ്റ്‌നസിന്റേയും സഹോദരന്‍ രോഹിത്ത് മൂര്‍ത്തിയുമായി ചേര്‍ന്ന് സ്ഥാപിച്ച സോറോക്കോയുടേയും ഡയറക്ടറാണ് അക്ഷത മൂര്‍ത്തി
വ്യക്തി ജീവിതം
2009ലാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ വെച്ച് ഋഷി സുനകിനെ അക്ഷത പരിചയപ്പെടുന്നത്. ആ വര്‍ഷം തന്നെ ഇരുവരും വിവാഹിതരായി. ഋഷി സുനകിനും അക്ഷതാ മൂര്‍ത്തിക്കും രണ്ട് പെണ്‍കുട്ടികളാണുള്ളത്. അനുഷ്കയും കൃഷ്ണയും .
ചായ സത്കാരവും വിവാദങ്ങളും
ഋഷി സുനകിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനൊപ്പം വാര്‍ത്തകളില്‍ അക്ഷതയും നിറഞ്ഞു. ഋഷിയെ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്ഷത നല്‍കിയ ചായക്കപ്പുകളാണ് ഇവരെ വിവാദത്തിലെത്തിച്ചത്. ധനമന്ത്രി സ്ഥാനം രാജിവെച്ച് സ്വന്തം വസതിയിലെത്തിയ ഋഷിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് 'എമ്മ ലേസി' എന്ന ബ്രാന്റിന്റെ കപ്പില്‍ ചായയും ബിസ്‌ക്കറ്റും വിളമ്പിയത്. ഓരോ ചായ കപ്പിനും 3624 രൂപ വിലമതിക്കുന്ന ഈ ചായ സത്ക്കാരമാണ് വിവാദമായത്
ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയർന്നു . ബ്രിട്ടനില്‍ ഉയർന്ന ജീവിത ചെലവുകാരണം ജനങ്ങള്‍ പൊറുതി മുട്ടുമ്പോഴാണോ ഇത്തരം ആര്‍ഭാടമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം . ഇതുകൂടാതെ അക്ഷതയുടെ വരുമാനവും നികുതിയടവും വാര്‍ത്തകളില്‍ ഇടം പിടിച്ചു. രാജ്യത്തിനു പുറത്തുള്ള വരുമാനത്തിന് അക്ഷത നികുതിയടക്കുന്നില്ലെന്നായിരുന്നു അടുത്ത വിവാദം.
നിലവില്‍ ബ്രിട്ടീഷ് പൗരത്വമില്ലാത്ത അക്ഷതക്ക് രാജ്യത്തിനു പുറത്തുനിന്നുള്ള വരുമാനത്തിന് നികുതിയിളവുണ്ട്. ഈ നികുതിയിളവ് ഋഷി സുനക് മുതലെടുക്കുകയാണെന്നായിരുന്നു ലേബര്‍ പാര്‍ട്ടി ഉന്നയിച്ച ആരോപണം . തുടര്‍ന്ന് വിദേശ വരുമാനങ്ങള്‍ക്ക് ബ്രിട്ടനിലെ നിയമ പ്രകാരമുള്ള നികുതി അടയ്ക്കുന്നുണ്ടെന്നു അക്ഷത വിശദീകരിച്ചിരുന്നു