ഇന്ത്യൻ നിർമിത കഫ് സിറപ്പിന്റെ ഗുണനിലവാരത്തിൽ നൽകിയ മുന്നറിയിപ്പിൽ വിശദീകരണവുമായി ലോകാരോഗ്യ സംഘടന. ബന്ധപ്പെട്ട രാജ്യങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനുള്ള ബോധവത്കരണമാണ് മുന്നറിയിപ്പെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. പഞ്ചാബ് കേന്ദ്രമായുള്ള ക്യൂപി ഫാർമാകെം നിർമിക്കുന്ന ചുമ സിറപ്പാണ് സുരക്ഷിതമല്ലെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചത്.
ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ പ്രൊഡക്റ്റ് അലർട്ട് വിഭാഗമാണ് പസിഫിക് ദ്വീപുകളായ മാർഷൽ ഐലന്റിലും മൈക്രോനേഷ്യയിലുമുള്ള നിലവാരം കുറഞ്ഞ ഒരു വിഭാഗം ഗൈഫനസിൻ സിറപ്പുകൾ കണ്ടെത്തിയത്. രണ്ട് ദ്വീപുകളിൽ നിന്നും ഓസ്ട്രേലിയൻ റെഗുലേറ്റർ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനിൽനിന്നും ലഭിച്ച പാക്കേജിങ്ങിന്റെ വിവരങ്ങളും ഫോട്ടോകളും കണക്കിലെടുത്താണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സിറപ്പിന്റെ ഗുണനിലവാരം സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ മാത്രമാണ് വിഷയം അറിഞ്ഞതെന്നും കമ്പനിയുടെ എംഡി സുധീർ പഥക് പറഞ്ഞു
അതേസമയം, ഇതുസംബന്ധിച്ച് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ മാത്രമാണ് വിഷയം അറിഞ്ഞതെന്നും കമ്പനിയുടെ എംഡി സുധീർ പഥക് പറഞ്ഞു. പടിഞ്ഞാറൻ പസഫിക് രാജ്യങ്ങൾക്ക് സിറപ്പുകൾ വിൽക്കുന്നില്ലെന്ന് പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനി വ്യക്തമാക്കിയതോടെ, രാജ്യങ്ങൾക്ക് ബോധവത്കരണം നൽകുകയെന്ന ഉദ്ദേശത്തോടെയാണ് മുന്നറിയിപ്പ് ഇറക്കിയതെന്ന് ഡബ്ല്യുഎച്ച്ഒ പ്രസ്താവനയിൽ പറഞ്ഞു.
ഉല്പന്നത്തിന്റെ ഗുണനിലവാരത്തിൽ കൂടുതൽ പരിശോധനയും അന്വേഷണവും നടക്കുകയാണ്. രണ്ട് രാജ്യങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഡൈ-എഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവയുടെ അമിത അളവ് കണ്ടെത്തിയതിനെക്കുറിച്ചും ഓസ്ട്രേലിയൻ റെഗുലേറ്ററിൽ നിന്ന് ഇപ്പോഴും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
സിറപ്പ് കണ്ടെത്തിയ ദ്വീപുകളിൽ മരണമോ മറ്റ് പ്രതികൂല സംഭവങ്ങളോ ഉണ്ടായതായി അന്വേഷിച്ചതായും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.