WORLD

ഗാസയിൽ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നു; പട്ടിണി ആയുധമാക്കി ഇസ്രയേൽ

ഗർഭിണികളിൽ ഭാരക്കുറവ്, പോഷകാഹാരക്കുറവ് പോലെയുള്ള അവസ്ഥകളും സാധാരണമായിക്കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു

വെബ് ഡെസ്ക്

ഗാസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. മുനമ്പിലെ പട്ടിണിയുടെ അനന്തരഫലമായാണ് മരണങ്ങളുണ്ടാകുന്നതെന്നും ഡബ്ള്യു എച്ച് ഒ ചൊവ്വാഴ്ച പറഞ്ഞു. ഗാസയിലേക്ക് സഹായവിതരണം എത്തിക്കാൻ ഇസ്രയേൽ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊടും പട്ടിണിയിലാണ് ഗാസൻ ജനത. പട്ടിണിയെ യുദ്ധത്തിനുള്ള ഉപകരണമായി ഇസ്രയേൽ ഉപയോഗിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറെലും ആരോപിച്ചിരുന്നു.

ഗാസയിൽ ജനിച്ചുവീഴുന്ന കുട്ടികളുടെ ഭാരം വളരെ കുറവാണെന്ന് മുനമ്പിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഗർഭിണികളിൽ ഭാരക്കുറവ്, പോഷകാഹാരക്കുറവ് പോലെയുള്ള അവസ്ഥകളും സാധാരണമായിക്കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് ജനീവയിൽ യുഎൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പട്ടിണിമൂലം മരണത്തിന്റെ വക്കിൽ നിൽക്കുന്ന കുട്ടികൾ ഗാസയിൽ നിരവധിയാണ്. അവർക്ക് ഭക്ഷണം എത്തിക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളാണ് തങ്ങൾക്ക് മുന്നിലുള്ളത്. എന്നാൽ അതിനായുള്ള സാമഗികൾ എത്തിക്കാൻ ആവശ്യമായ സുരക്ഷയോ സാഹചര്യമോ ഇപ്പോൾ ലഭ്യമല്ലെന്നും ഡബ്ള്യു എച്ച് ഒ വക്താവ് ചൂണ്ടിക്കാട്ടി.

പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി (യുഎൻആർഡബ്ള്യുഎ) യുടെ അഭിപ്രായത്തിൽ ഗാസയിൽ ക്ഷാമം ആസന്നമായിരിക്കുകയാണ്. സഹായവിതരണം സുസ്ഥിരമായി നടന്നാൽ മാത്രമേ ജീവനുകൾ രക്ഷിക്കാൻ സാധിക്കൂ. ഭാഗികമായി പ്രവർത്തിക്കുന്ന 12 ആശുപത്രികൾ മാത്രമാണ് ഗാസയിൽ ആകെയുള്ളത്. രൂക്ഷമായ പോഷകാഹാരക്കുറവ് കണ്ടെത്തുന്ന നവജാത ശിശുക്കളുടെ കേസുകൾ പെരുകുകയാണെന്നും ആവശ്യമായ വൈദ്യസഹായം നൽകാൻ സാധിക്കാത്ത അവസ്ഥ നിലവിലുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഇതിനിടെ 15 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന റഫായിൽ കരയാക്രമണത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുവാദം നൽകിയിരുന്നു. ഇതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. നേരത്തെ ആക്രമണത്തിൽനിന്ന് രക്ഷനേടാൻ റഫായിലേക്ക് മാറാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വടക്കൻ ഗാസയിലുള്ളവർ ഇവിടേക്ക് മാറിയത്. എന്നാൽ തെക്കൻ മേഖലയിലും ഇസ്രയേൽ ആക്രമണം ആരംഭിക്കുകയായിരുന്നു. സഹായവിതരണം കാത്തുനിന്നവർക്ക് നേരെയും ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയിരുന്നു.

2023 ഒക്‌ടോബർ ഏഴിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ ആരംഭിച്ച ആക്രമണത്തിൽ മരണം 31800 കവിഞ്ഞു. 74,000- ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ഏകദേശം 19 ലക്ഷം ജനങ്ങൾ ആഭ്യന്തര പലായനത്തിന് വിധേയരാകുകയും ചെയ്തിട്ടുണ്ട്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം