WORLD

ബ്രിട്ടനിലെ കിരീടധാരണ ചടങ്ങ്: പൊടിപൊടിക്കുന്നത് കോടികൾ, പങ്കെടുക്കുന്നവർ ആരൊക്കെ?

1953ലാണ് അവസാനമായി ലോകം ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ വീക്ഷിച്ചത്. ടെലിവിഷൻ വഴി സംപ്രേഷണം ചെയ്ത ആദ്യത്തെ കിരീടധാരണവും എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണമായിരുന്നു

വെബ് ഡെസ്ക്

70 വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടൻ വീണ്ടുമൊരു കിരീടധാരണ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്. രാജപദവിക്കുള്ള ജനസമ്മതി കുറയുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങൾ കാണാനുള്ള ആകാംക്ഷയിലാണ് ലോകം. 2200ലധികം അതിഥികൾ പങ്കെടുക്കുമെന്ന് കരുതുന്ന ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിൽ നിരവധി രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

1953ലാണ് അവസാനമായി ലോകം ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ വീക്ഷിച്ചത്. ടെലിവിഷൻ വഴി സംപ്രേഷണം ചെയ്ത ആദ്യത്തെ കിരീടധാരണവും എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണമായിരുന്നു. അന്ന് നടന്നയത്ര ആർഭാടങ്ങൾ ഇത്തവണയുണ്ടാകില്ലെങ്കിലും രാജപ്രൗഢിക്ക് വലിയ കുറവുണ്ടായേക്കില്ല.

യുകെയിലെ നികുതി പണം കൊണ്ടാണ് സാധാരണയായി കിരീടധാരണ ചടങ്ങുകൾ നടത്താറുള്ളത്. സർക്കാരാണ് ഇതിനായുള്ള പണം ചെലവിടുന്നത്

ആരൊക്കെ പങ്കെടുക്കും?

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുക. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പ്രസിഡന്റ് ദ്രൗപദി മുർമുവായിരുന്നു പങ്കെടുത്തത്. സ്വാതന്ത്ര്യം ലഭിച്ച് ആറ് വർഷത്തിന് ശേഷം നടന്ന എലിസബത്ത് രാജ്ഞിയുടെ ചടങ്ങിലും ഇന്ത്യയുടെ പ്രാതിനിധ്യമുണ്ടായിരുന്നു. അന്ന് പങ്കെടുത്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ആയിരുന്നു.

അമേരിക്കയുടെ പ്രതിനിധിയായി പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും പ്രഥമ വനിതയുമായ ജില്‍ ബൈഡനാകും എത്തുക. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടധാരണ ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റുമാർ പങ്കെടുക്കില്ലെന്ന കീഴ്വഴക്കത്തിന്റെ ഭാഗമായാണ് ബൈഡൻ മാറി നിൽക്കുന്നത്. ഫ്രാൻ‌സിൽ നിന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കൊളോണിയൽ ബോധത്തിന്റെ ബാക്കിപത്രമായി കോമൺവെൽത്തിനെ പ്രതിനിധീകരിച്ച് മറ്റ് നേതാക്കളുമുണ്ടാകും. ഓസ്‌ട്രേലിയയിൽ നിന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇക്കൂട്ടത്തിലുണ്ടാകും.

ഇതിനുപുറമെ യൂറോപ്പിലേയും മറ്റ് രാഷ്ട്രങ്ങളിലെ രാജകുടുംബാംഗങ്ങളും ചടങ്ങിനെത്തും. ജപ്പാനിൽ നിന്ന് കിരീടാവകാശിയും രാജകുമാരിയും എത്തുന്നതിനൊപ്പം ന്യൂസിലൻഡ് തദ്ദേശീയ ഗോത്ര വിഭാഗമായ മൗരിയുടെ രാജാവും റാണിയും ശനിയാഴ്ച ബ്രിട്ടനിലെത്തും. ഭൂട്ടാൻ രാജാവും രാജ്ഞിയും ഉണ്ടാകുമെന്നും വാർത്തകളുണ്ട്.

രാജകീയ ചുമതലകളിൽ നിന്ന് മാറി അമേരിക്കയിൽ താമസമാക്കിയ ഹാരി രാജകുമാരനും ഭാര്യയും ഉണ്ടാകുമോയെന്നത് പ്രധാന ചോദ്യമായി ഉയർന്നിരുന്നു. കഴിഞ്ഞ മാസം ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, തന്റെ പിതാവിന് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ ഹാരി രാജകുമാരൻ തനിച്ചെത്തും. മേഗനുമായുള്ള വിവാഹശേഷം രാജകുടുംബവുമായി സ്വരച്ചേർച്ചയിലല്ലാത്ത ഹാരി രാജകുമാരൻ, വളരെ ചുരുക്കം ചടങ്ങുകളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളു.

കിരീടധാരണത്തിന്റെ ചെലവുകൾ സംബന്ധിച്ചും പലപ്പോഴും സംശയങ്ങൾ ഉയരാറുണ്ട്. യുകെയിലെ നികുതി പണം കൊണ്ടാണ് സാധാരണയായി കിരീടധാരണ ചടങ്ങുകൾ നടത്താറുള്ളത്. സർക്കാരാണ് ഇതിനായുള്ള പണം ചെലവിടുന്നത്. ഏകദേശം ആയിരം കോടി രൂപയാണ് ചടങ്ങുകളുടെ ഒരുക്കത്തിനും മറ്റുമായി കണക്കാക്കപ്പെടുന്നത്. 1953ലെ ചടങ്ങിൽ ചെലവഴിച്ചത് അന്നത്തെ പത്ത് കോടി രൂപയായിരുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം