ലിസ് ട്രസ് Google
WORLD

സുനക് മുതൽ ബെൻ വാലസ് വരെ; ബ്രിട്ടണിൽ പുതിയ പ്രധാനമന്ത്രിക്കായി അണിയറ ചർച്ചകൾ

നിലവിലെ വിവാദങ്ങൾക്കിടയിൽ അധികാരം നിലനിർത്താൻ ലിസ് ട്രസിനാവുമോ എന്ന ചോദ്യം ശക്തമാവുകയാണ്

വെബ് ഡെസ്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തില്‍ ലിസ് ട്രസിന്‌റെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.സര്‍ക്കാരിന്‌റെ മിനിബജറ്റിലെ നികുതി പരിഷ്‌ക്കാരങ്ങള്‍ വിപണിയെ തകര്‍ത്തതിന് പിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ട്രസിനെതിരെ എതിര്‍ ശബ്ദം ഉയര്‍ന്നു കഴിഞ്ഞു. ധനമന്ത്രിയായ ക്വാസി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കിയും വിവാദ പ്രഖ്യാപനങ്ങള്‍ പിന്‍വലിച്ചും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സമ്പദ്‌വ്യവസ്ഥ തിരിച്ചടിയില്‍ നിന്ന് കരകയറിയിട്ടില്ല. വിവാദ നിലപാടില്‍ ധനമന്ത്രിയെ മാത്രം പഴിച്ച് അധികാരത്തില്‍ തുടരാന്‍ ലിസ് ട്രസിനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മറുഭാഗത്ത് കുറഞ്ഞ നികുതിയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി തനിക്കൊപ്പം നിന്നവരെയും ലിസ് ട്രസ് ധര്‍മ്മസങ്കടത്തിലാക്കി.

ബ്രെക്‌സിറ്റിന് ശേഷം അഞ്ചാമത്തെയും 2019ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം മൂന്നാമത്തെയും പ്രധാമന്ത്രിക്ക് വഴിയൊരുക്കുകയാണ് പുതിയ രാഷ്ട്രീയ സാഹചര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലിസ് ട്രസിന്റെ പ്രധാനമന്ത്രി പദത്തിലെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ ആരാകും അടുത്ത പ്രധാനമന്ത്രിയാകുക എന്ന ചര്‍ച്ചയും പൊടിപൊടിക്കുകയാണ്.

ഋഷി സുനക്

ബോറിസ് ജോണ്‍സണ്‍ ഒഴിഞ്ഞതോടെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലിസ് ട്രസിന്റെ പ്രധാന എതിരാളിയായിരുന്നു ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാന റൗണ്ടില്‍ ട്രസിനോട് പരാജയപ്പെട്ടെങ്കിലും നേതാക്കള്‍ക്കിടയില്‍ പ്രിയങ്കരന്‍ സുനകായിരുന്നു.

കോവിഡ് പ്രതിസന്ധി, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, അതിന്റെ അനന്തര ഫലങ്ങള്‍ എന്നിവ കാരണം പ്രതിസന്ധിയിലായ രാജ്യത്തിന് ധനമന്ത്രിയെന്ന നിലയില്‍ സുനക് സ്വീകരിച്ച നടപടികള്‍ ആശ്വാസമായി. കോര്‍പ്പറേറ്റ് നികുതിയിലെ വര്‍ദ്ധനവ്, ഗ്രീന്‍ ലെവി പോലെയുള്ള സുനകിന്റെ തീരുമാനങ്ങള്‍ ശരിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മിനിബജറ്റിന് ശേഷം ഉണ്ടായ വിപണി സാഹചര്യം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ ചരിത്രം സുനകിന് ഉള്ളത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ട്രസിന്റെ പിന്‍ഗാമിയായി കണ്‍സര്‍വേറ്റീവുകള്‍ പ്രധാനമായും പരിഗണിക്കുന്നത് സുനകിനെയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഋഷി സുനക്

പെന്നി മോര്‍ഡന്റ്

ബ്രിട്ടന്റെ ഭാവി നേതാവായി കണക്കാക്കപ്പെട്ട ആളായിരുന്നു പെന്നി മോര്‍ഡന്റ്. തിരഞ്ഞെടുപ്പില്‍ ട്രസിനും സുനകിനും പ്രധാന വെല്ലുവിളി ആയിരുന്നു ഇവര്‍. ബ്രിട്ടന്റെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി ആയ മോര്‍ഡന്‌റ് ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിന്റെ കാലത്തെ വിവാദങ്ങളിലൊന്നും ഉള്‍പ്പെട്ടിരുന്നില്ല.

ടോറി എംപിമാര്‍ വോട്ട് ചെയ്ത നാലാമത്തെ റൗണ്ട് വരെയും സുനകിന് തൊട്ട് പിന്നില്‍ രണ്ടാം സ്ഥാനക്കാരിയായി മോര്‍ഡന്‌റ് ഉണ്ടായിരുന്നു. പിന്നീട് അഞ്ചാമത്തെ റൗണ്ടിലാണ് ട്രസ് മറികടക്കുന്നത്. നിലവിലെ ക്യാബിനറ്റില്‍ അധോസഭയായ ഹൗസ്‌ ഓഫ് കോമണ്‍സിന്റെ നേതാവാണ് മോര്‍ഡന്‌റ് സുനക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത് മോര്‍ഡന്‌റിന് തന്നെയാണ്.

പെന്നി മോര്‍ഡന്റ്

ബോറിസ് ജോണ്‍സണ്‍

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാദ നായകനായിരുന്നു. ക്യാബിനറ്റില്‍ നിന്ന് മന്ത്രിമാര്‍ കൂട്ടത്തോടെ രാജി വെച്ചതിനെ തുടര്‍ന്ന് പദവി ഒഴിയാന്‍ ബോറിസ് നിര്‍ബന്ധിതനായി. ഇതേ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി ട്രസിനെ തിരഞ്ഞെടുക്കുന്നത്. ബോറിസിന്റെ പ്രോബ്രെക്‌സിറ്റ് സമീപനവും ഭരണകാലത്തെ മറ്റ് തീരുമാനങ്ങളും അദ്ദേഹത്തിന് സ്വീകാര്യത നേടിക്കൊടുത്തിരുന്നു. പാര്‍ട്ടിയിലെ 20 ശതമാനം അംഗങ്ങള്‍ ഇപ്പോഴും ബോറിസിന്റെ തിരിച്ചു വരവിനെ അനുകൂലിക്കുന്നവരാണ്.

വിവാദങ്ങളുടെ പേരില്‍ അദ്ദേഹത്തെ പുറത്താക്കിയ നടപടി ശരിയായിരുന്നില്ല എന്ന് കരുതുന്ന ഒരു കൂട്ടം അനുയായികള്‍ ബോറിസിനുണ്ട്. അതിന്റെ എണ്ണം വര്‍ധിച്ചിരിക്കാനും സാധ്യതയുണ്ട്. എങ്കിലും പാര്‍ട്ടി ഗേറ്റ് വിവാദത്തില്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന വിഷയത്തില്‍ ഇപ്പോഴും അന്വേഷണം നേരിടുന്ന ബോറിസിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇനിയൊരു അവസരം നല്‍കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ബോറിസ് ജോണ്‍സണ്‍

മൈക്കല്‍ ഗോവ്

ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ ക്യാബിനറ്റ് അംഗമായിരുന്നു മൈക്കല്‍ ഗോവ്. എന്നാല്‍ അവസാന നാളുകളില്‍ ബോറിസ്, ഗോവിനെ പുറത്താക്കിയിരുന്നു. അടുത്തിടെ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ട്രസിനെ പിന്തുണച്ചിരുന്നെങ്കിലും സാമ്പത്തിക തീരുമാനങ്ങളില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

മൈക്കല്‍ ഗോവ്

ബെന്‍ വാലസ്

പ്രതിരോധ മന്ത്രിയായ ബെന്‍ വാലസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഏറ്റവും കരുത്തുറ്റ നേതാവാണ്. പ്രശ്‌നങ്ങളുടെയും വിവാദങ്ങളുടെയും നടുവിലും കര്‍മനിരതനായി തന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കുന്ന വ്യക്തിയാണ് വാലസ്. ടോറി നേതാക്കള്‍ക്കിടയില്‍ പ്രിയങ്കരനാണ് അദ്ദേഹം. ബോറിസിന് ജോണ്‍സന്റെ പിന്‍ഗാമിയായി എത്തുമെന്ന് കരുതിയിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ നിന്ന് വാലസ് മാറി നില്‍ക്കുകയായിരുന്നു. കഴിവുറ്റ നേതാവായത് കൊണ്ട് തന്നെ വാലസില്‍ പല എം പിമാരും പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.

ബെന്‍ വാലസ്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ