ഫ്രാന്‍സിന്റെ അധികാരക്കസേരയുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ് തീവ്രവലതുപക്ഷം. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ആദ്യ തീവ്രവലതുപക്ഷ സര്‍ക്കാരായി മാറാന്‍ തയ്യാറെടുക്കുകയാണ് മറീന്‍ ലി പെന്നിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ റാലി. അവരെ തടയാന്‍ ഇടതുപക്ഷ സഖ്യങ്ങളും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷ റിനൈസന്‍സ് പാര്‍ട്ടിയും... ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ടേണിങ് പോയിന്റിനാണ് ജൂലൈ ഏഴ് സാക്ഷ്യം വഹിക്കുന്നത്.
ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് നാഷണല്‍ റാലിയെന്ന തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റമാണ്. സമകാലിക ഫ്രഞ്ച് രാഷ്ട്രീയത്തെ അറിയുകയെന്നാല്‍ നാഷണല്‍ റാലിയെക്കുറിച്ച്, അതിന്റെ രൂപീകരണത്തെയും വളര്‍ച്ചയേയും കുറിച്ച് അറിയുകയെന്നതാണ്. എങ്ങനെയാണ് ലിബറല്‍ ആശയങ്ങള്‍ക്കും പുരോഗമന ചിന്തകള്‍ക്കും വലിയ വേരോട്ടമുള്ള ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷത്തിന് മുന്നേറാന്‍ കഴിയുന്നത്. അതിന് ആ പാര്‍ട്ടിയുടെ ചരിത്രം അറിയണം.
തീവ്രവലതുപക്ഷനിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധമായ നാഷണല്‍ ഫ്രന്റിന് ജനകീയ മുഖം നല്‍കാനുള്ള, ഡി ഡെമണൈസേഷന്‍ പ്രക്രിയയിലൂടെയാണ് മറീന്‍ നാഷണല്‍ ഫ്രന്റെന്ന നിലവിലെ നാഷണല്‍ റാലി പാര്‍ട്ടിയെ ഇപ്പോഴത്തെ നിലയിലെത്തിച്ചത്
ഹിറ്റ്‌ലറിന്റെ നാസി ആര്‍മിയിലെ കുപ്രസിദ്ധ വിഭാഗമായ വഫന്‍ എസ്എസിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് 1972ല്‍ രൂപം നല്‍കിയ പാര്‍ട്ടിയാണ് ശരിക്കും നാഷണല്‍ റാലി. നിലവില്‍ പാര്‍ട്ടിയുടെ നേതാവായ മറീന്‍ ലി പെന്നിന്റെ അച്ഛന്‍ ജോ മരീ ലി പെന്നായിരുന്നു അതിന്റെ പ്രധാന സ്ഥാപക നേതാവ്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഹിറ്റ്ലര്‍ നടത്തിയ കൂട്ടക്കൊലകളെ ചരിത്രപരമായ ഒരു സംഭവമെന്ന നിലക്കായിരുന്നു ജോ ലി പെന്‍ വിശേഷിപ്പിച്ചിരുന്നത്. അധികാരം പിടിച്ചെടുക്കുന്നതിനെക്കാളേറെ, വംശീയതയും സെമിറ്റിക് വിരുദ്ധതയും നിറഞ്ഞ തീവ്ര ദേശീയവാദികള്‍ക്ക് ഒരു രാഷ്ട്രീയ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നാഷണല്‍ ഫ്രന്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാര്‍ട്ടിയുടെ തുടക്കം. 2002ലെ തിരഞ്ഞെടുപ്പില്‍ ജാക്ക് ഷിറാഖുമായുള്ള തിരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ടിലേക്ക് കടന്നതൊഴിച്ചാല്‍ ഫ്രഞ്ച് ജനത ജോ ലി പെന്നിനെ അധികാരത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് എന്നും പുറത്തുനിര്‍ത്തിയിരുന്നു.
കുടിയേറ്റവിരുദ്ധത, ന്യൂനപക്ഷ വിരുദ്ധത, തീവ്രദേശീയത എന്നിവ കൈമുതലാക്കിയ ജോ ലിപെന്നിന്റെ നാഷണല്‍ ഫ്രന്റിന്റെ നവീകരിച്ച രൂപമാണ് ഇന്നത്തെ നാഷണല്‍ റാലി. അതിന് നേതൃത്വം നല്‍കിയത് ജോ ലി പെന്നിന്റെ മകളും നിലവിലെ നേതാവുമായ മറീന്‍ ലി പെന്നായിരുന്നു. 2011ലാണ് പാര്‍ട്ടി ചുമതല ഏറ്റെടുക്കുന്നത് എങ്കിലും 1986 മുതല്‍ മറീന്‍ പാര്‍ട്ടി അംഗവും, നാഷണല്‍ ഫ്രന്റിന്റെ പ്രവര്‍ത്തകയുമായിരുന്നു.
തീവ്രവലതുപക്ഷനിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധമായ നാഷണല്‍ ഫ്രന്റിന് ജനകീയ മുഖം നല്‍കാനുള്ള, ഡി ഡെമണൈസേഷന്‍ പ്രക്രിയയിലൂടെയാണ് മറീന്‍ നാഷണല്‍ ഫ്രന്റെന്ന നിലവിലെ നാഷണല്‍ റാലി പാര്‍ട്ടിയെ ഇപ്പോഴത്തെ നിലയിലെത്തിച്ചത്. മുഖം മിനുക്കലിന്റെ ഭാഗമായി സ്ഥാപക നേതാവായ അച്ഛനെ വരെ മറീന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
അങ്ങനെയൊരു ചരിത്രമുള്ള തീവ്രവലതുപക്ഷ പാര്‍ട്ടി അധികാരത്തിലേക്കെത്തുക എന്നത് ഫ്രാന്‍സിലെയും യൂറോപ്പിലെയും ജനാധിപധ്യ വിശ്വാസികള്‍ വളരെ ആശങ്കയോടെയാണ് നോക്കികാണുന്നത്. ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങളായ കിലിയന്‍ എംബാപ്പേ, മാര്‍ക്കസ് തുറാം എന്നിവരുടെ പ്രതികരണത്തില്‍ ആ ആശങ്ക പ്രകടമാണ്. 'തീവ്രപക്ഷക്കാര്‍ അധികാരത്തിന്റെ കവാടത്തിലെത്തി എന്നായിരുന്നു എംബാപ്പേ യൂറോ കപ്പിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ മുന്നറിയിപ്പ്.
യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലുള്ള ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടിയായ റിനൈസന്‍സ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റിരുന്നു. മറീന്‍ ലി പെന്നിന്റെ പാര്‍ട്ടി വലിയ കുതിപ്പും നടത്തി. ഇതോടെയാണ് നിലവിലെ സര്‍ക്കാര്‍ പിരിച്ചുവിട്ട് പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് മാക്രോണ്‍ ആഹ്വാനം ചെയ്തത്.
ജൂണ്‍ 30ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഏകദേശം 34 ശതമാനം വോട്ടായിരുന്നു നാഷണല്‍ റാലി നേടിയത്. ഇടതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിന് ഏകദേശം 29 ശതമാനവും മാക്രോണിന്റെ പാര്‍ട്ടിയും സഖ്യകക്ഷികളും 22 ശതമാനവും നേടി.
കൂടുതലും ഇടതുപക്ഷ പാര്‍ട്ടി അംഗങ്ങളാണ് പിന്മാറിയത്. തീവ്രവലതുപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന ലക്ഷ്യമായിരുന്നു ഈ നീക്കത്തിന് പിന്നില്‍. ആദ്യത്തെ സര്‍വേ ഫലങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നതും തമ്മില്‍ പരിശോധിക്കുമ്പോള്‍ നീക്കം ഫലം കാണുന്നുണ്ടെന്ന് വേണം കരുതാന്‍.
ജൂണ്‍ ആറിന് പുറത്തുവന്ന സര്‍വേ ഫലമനുസരിച്ച് ഏകദേശം 210 സീറ്റ് വരെയാണ് മറീന്‍ ലി പെന്നിന്റെ പാര്‍ട്ടിക്ക് പ്രവചിക്കപ്പെടുന്നത്. അതായത് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് അര്‍ഥം. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ലി പെന്നിന്റെ പാര്‍ട്ടി ആയിരിക്കും. പക്ഷേ നേരത്തെ പ്രതീക്ഷിക്കപ്പെട്ട പോലെ ഒരു ഈസി വാക്കോവര്‍ നാഷണല്‍ റാലിക്ക് ഉണ്ടാകില്ല.
അതേസമയം, ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടാകുന്നത് ഫ്രാന്‍സില്‍ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയമായ അസ്ഥിരതയും തീവ്ര വലതുപക്ഷത്തിന് ഗുണകരമായേക്കുമോ എന്ന ആശങ്കയും ഉണ്ട്.