WORLD

ബംഗ്ലാദേശിലെ പ്രക്ഷോഭം, കൊല്ലപ്പെട്ടത് 32 പേർ; എന്തിനാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത് ?

വെബ് ഡെസ്ക്

ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർഥികളാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

സർക്കാർ ജോലികൾക്കായുള്ള ക്വാട്ട സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്. ഇതിനിടെ രാജ്യത്തെ ദേശീയ ചാനലായ ബി ടിവിയുടെ ആസ്ഥാനത്തിന് വിദ്യാർഥികൾ തീയിട്ടു.

സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം ബംഗ്ലാദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെത്തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്.1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിൽപ്പെട്ടവർക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു.

ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. നിലവിൽ സർക്കാർ ജോലിയിൽ 56 ശതമാനത്തോളം വിവിധ സംവരണങ്ങൾ ഉണ്ട്. തൊഴില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണ പോസ്റ്റുകൾ ഒഴിഞ്ഞ് കിടുക്കുമ്പോഴും സംവരണമില്ലാത്ത ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്.

1971ൽ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ പോരാട്ടത്തിന് നേതൃത്വം നൽകിയ ഷെയ്ഖ് മുജീബുർ റഹ്‌മാൻ 1972-ലാണ് സർക്കാർ ജോലിയിൽ പോരാളികളുടെ കുടുംബങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത്.

2018 ൽ ഈ സംവരണം ബംഗ്ലാദേശ് സർക്കാർ നിർത്തലാക്കിയിരുന്നെങ്കിലും സംവരണം കോടതി പുനഃസ്ഥാപിക്കുകയായിരുന്നു. ധാക്ക സർവകലാശാലയിലെ രണ്ട് വിദ്യാർഥികളും ഒരു പത്രപ്രവർത്തകനും ക്വാട്ട സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട നൽകിയ ഹർജിക്ക് പിന്നാലെയായിരുന്നു സർക്കാർ ഈ സംവരണം നിർത്തലാക്കിയത്.

എന്നാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചില കുടുംബങ്ങൾ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് ജൂണിൽ സുപ്രീം കോടതി ക്വാട്ട പുനഃസ്ഥാപിച്ചു. തുടർന്ന് സർക്കാർ കേസിൽ ഹർജി നൽകിയെങ്കിലും വിദ്യാർഥികൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയായിരുന്നു.

ധാക്കയിലുൾപ്പെടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി റദ്ദാക്കിയിരിക്കുകയാണ്. രാജ്യത്തെ യൂണിവേഴ്‌സിറ്റികൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. അതേസമയം പ്രക്ഷോഭകാരികളും ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർഥി സംഘടന പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

വ്യാഴാഴ്ച മുതൽ തലസ്ഥാനത്തേക്ക് ഉള്ള ട്രെയിൻ സർവീസുകളും മെട്രോ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിദ്യാർഥികളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ബംഗ്ലാദേശ് നിയമമന്ത്രി അനിസുൽ ഹഖ് പറഞ്ഞു. അതേസമയം വിഷയം കോടതി പരിഗണനയിലാണെന്നും വിധി വരുന്നത് വരെ ക്ഷമയോടെ ഇരിക്കണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ആവശ്യപ്പെട്ടു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?