അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിന് എതിരായ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടിയ്ക്ക് പിന്നാലെ നിരവധിപേരെ അറസ്റ്റ് ചെയ്തുനീക്കി. ന്യൂയോര്‍ക്കില്‍ മാത്രം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ പേരാണ് അറസ്റ്റിലായത്. കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലും പോലീസ് നടപടിയുണ്ടായി.
കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പോലീസ് ഒഴിപ്പിച്ചു. ഹാമില്‍ട്ടന്‍ ഹാളിന്റെ രണ്ടാംനിലയിലേക്ക് ഇരച്ചുകയറിയ പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. വിസ്‌കോണ്‍സിന്‍-മാഡിസന്‍ സര്‍വകലാശാലയിലും പോലീസ് നടപടിയുണ്ടായി.
കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലുമായി മുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് അറിയിച്ചു. അതേസമയം, സര്‍വകലാശാലകളിലെ പോലീസ് നടപടിയെ പിന്തുണച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. 'കൊളംബിയയിലെ പോലീസ് നടപടി കാണാന്‍ മനോഹരമായിരിക്കുന്നു' എന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞത്. വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ കുറഞ്ഞത് ഒരു ഡസന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. സര്‍വകലാശാല ലൈബ്രറിക്ക് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
അതേസമയം, കാലിഫോര്‍ണിയ യൂണിവേഴ്‌സ്റ്റിയില്‍ ഗാസ അനുകൂല പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ അനുകൂല വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ആയിരം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ കയ്യടക്കുകയും ഗാസയിലെ ഇരകളുടെ ബഹുമാനാര്‍ത്ഥം 'ഹിന്ദ്‌സ് ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ആരംഭിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുന്ന സര്‍വകലാശാല നടപടി തുടര്‍ന്ന് കൊണ്ടിരിക്കെയായിരുന്നു വിദ്യാര്‍ഥികളുടെ നീക്കം.
ഫെബ്രുവരിയില്‍ വടക്കന്‍ ഗാസയില്‍ മരിച്ച ആറുവയസുകാരി ഹിന്ദ് റജബിന്റെ സ്മരണയ്ക്കായി വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് 'ഹിന്ദ്‌സ് ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് വെള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പലസ്തീന്‍ പതാകകള്‍ വീശി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.