Adel Hana
WORLD

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണെന്നാണ് കരുതപ്പെടുന്നത്

വെബ് ഡെസ്ക്

ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ മരണത്തിന് പിന്നാലെ ഇസ്രയേലിനെതിരായ നീക്കങ്ങള്‍ കടുപ്പിക്കാൻ ഹിസ്ബുള്ള. ഏറ്റുമുട്ടല്‍ കൂടുതല്‍ തീവ്രമായ ഘട്ടത്തിലേക്കു പ്രവേശിക്കാൻ പോകുകയാണെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇനി ചെറുത്തുനില്‍പ്പിന് കൂടുതല്‍ ശക്തിയേറുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണെന്നാണ് കരുതപ്പെടുന്നത്. ഈ ആക്രമണത്തിനുശേഷമായിരുന്നു ഗാസയിലെ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ചത്.

പശ്ചിമേഷ്യ കൂടുതല്‍ സംഘർഷഭരിതമാകാൻ ഒരുങ്ങുന്നുവെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകളും ഇത് ശരിവെക്കുന്നതാണ്.

ഹമാസ് ബന്ദികളാക്കിയിയെ ഇസ്രയേല്‍ പൗരന്മാരെ മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. "സിൻവാറിന്റെ മരണത്തോടെ പകരം വീട്ടിയിരിക്കുന്നു. തിന്മയുടെ മുഖത്താണ് തിരിച്ചടിയേറ്റിരിക്കുന്നത്. പക്ഷേ, ദൗത്യം ഇനിയും പൂർത്തിയായിട്ടില്ല. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ, യുദ്ധത്തില്‍ ഇതൊരു പ്രധാനപ്പെട്ട നിമിഷമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർ വീട്ടിലെത്തുന്നവരെ ഞങ്ങള്‍ പോരാട്ടം തുടരും," നെതന്യാഹു വ്യക്തമാക്കി.

ഇസ്മയില്‍ ഹനിയയുടെ മരണത്തിനുശേഷം ഹമാസിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് സിൻവാറായിരുന്നു. തെക്കൻ ഗാസയില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു സിൻവാർ കൊല്ലപ്പെട്ടത്. സിൻവാറിനെയാണ് തങ്ങള്‍ കീഴ്പ്പെടുത്തിയതെന്ന കാര്യം ഇസ്രയേലിന് ആദ്യം ബോധ്യപ്പെട്ടിരുന്നില്ല. ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട ഡ്രോണ്‍ ദൃശ്യത്തില്‍ തകർന്ന ഒരു കെട്ടിടത്തിനുള്ളില്‍ ദേഹത്താകെ പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലുള്ള ഒരാളെയാണ് കാണാൻ സാധിച്ചത്. ഇത് സിൻവാറാണെന്നാണ് കരുതപ്പെടുന്നത്.

വെടിനിർത്തലിനായുള്ള തീവ്രശ്രമങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ നടത്തുന്നതിനിടെയാണ് സിൻവാറിന്റെ കൊലപാതകം കാര്യങ്ങള്‍ കൂടുതള്‍ വഷളാക്കിയത്. ഒക്ടോബർ ഒന്നിലെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കാൻ ഒരുങ്ങുകയാണ് ഇസ്രയേല്‍. എന്നാല്‍, ഒക്ടോബർ ഏഴിലെ ആക്രമണത്തിന് കാരണക്കാരനായ വ്യക്തിയെ ഇല്ലാതാക്കിയതോടെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേല്‍ തയാറാകണമെന്ന ആവശ്യവും അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് ഉയരുന്നുണ്ട്.

സിൻവാറിന്റെ കൊലയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഗാസയിലെ സംഘർഷം അവസാനിക്കാനുള്ള സാധ്യതകളും ബൈഡൻ തുറന്നുനല്‍കിയിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതും വെടിനിർത്തല്‍ സാധ്യമാകുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം