ഗാസയിലെ റഫാ നഗരത്തിലേക്കുള്ള ഇസ്രയേലിന്റെ അധിനിവേശത്തില്‍ മുന്നറിയിപ്പുമായി ലോക ഭക്ഷ്യ ഏജന്‍സി. റഫായിലേക്കുള്ള ഇസ്രയേലിന്റെ നുഴഞ്ഞുകയറ്റം വര്‍ധിച്ചാല്‍ മാനുഷിക ദുരന്തത്തിലേക്കും സഹായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതിലേക്കും നയിക്കുമെന്ന് ഫുഡ് ഏജന്‍സി അറിയിച്ചു. ഗാസയില്‍ സംഭരിച്ചുവെച്ച ഭക്ഷണവും ഇന്ധനവും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമെന്നും അവര്‍ പറഞ്ഞു. മെയ് ആറ് മുതല്‍ കരേം അബു സലേം അതിര്‍ത്തിയില്‍ പോകുവാനോ സഹായം സ്വീകരിക്കാനോ സാധിച്ചിട്ടില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
''ഗാസയിലെ സാഹചര്യങ്ങള്‍ അസ്ഥിരമാവുകയാണ്. ഗാസയിലെ ക്ഷാമഭീഷണി ഇത്രയും വലിയ രീതിയിലായിട്ടില്ല'', അവര്‍ പറയുന്നു. നിലവില്‍ തെക്കന്‍ ഗാസയിലെ റഫാ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.
അതേസമയം 100 ടണ്‍ സഹായം അടങ്ങുന്ന ഒരു കപ്പല്‍ ഗാസയിലേക്ക് ബ്രിട്ടീഷ് കയറ്റുമതി ചെയ്തിട്ടുണ്ട്. ക്രിപ്റ്റസില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഗാസന്‍ തീരത്ത് അമേരിക്കന്‍ സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച തുറമുഖത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബ്രിട്ടനിലെ വിദേശകാര്യ ഓഫീസ് വ്യക്തമാക്കി. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിര്‍മിച്ച 8400 ഓളം വരുന്ന താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ അടങ്ങുന്ന സഹായം ഈ തുറമുഖത്തേക്ക് വരുന്ന ആദ്യത്തെ സഹായമാണ്.
ഗാസയിലേക്ക് സഹായമെത്തിക്കുന്ന വേഗമേറിയതും ഫലപ്രദവുമായ കരമാര്‍ഗത്തിന് പകരമല്ല സമുദ്രമാര്‍ഗമുള്ള കയറ്റുമതിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കരമാര്‍ഗത്തിലൂടെ 500 സഹായ ട്രക്കുകളെങ്കിലും ഗാസയിലേക്ക് കയറ്റിവിടണമെന്നും അഷ്‌ഡോഡ് തുറമുഖമടക്കമുള്ള പല വഴികളും തുറക്കാനുള്ള പ്രതിജ്ഞാബദ്ധത പാലിക്കാന്‍ ഇസ്രയേല്‍ തയ്യാറകണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു.
തെക്കന്‍ ഗാസയിലേക്ക് മാനുഷിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റഫാ, കെറെം ഷാലോം അതിര്‍ത്തികളുടെ പ്രവര്‍ത്തനം പൂര്‍ണമായും പുനഃസ്ഥാപിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കനും ആവശ്യപ്പെട്ടു. കൂടാതെ റഫായിലെ ഇസ്രയേല്‍ പ്രവര്‍ത്തനത്തിന്റെ ആഘാതത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
മെയ് 15 വരെയുള്ള ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം റഫായില്‍ നിന്നും 600,000 പേരാണ് പലായനം ചെയ്തത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,50,000 പേര്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴ് മുതല്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ 35,233 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.