പ്രസിഡന്റ് ലുല ഡ സില്‍വ അധികാരമേറ്റെടുത്തതിന് പിന്നാലെ ബ്രസീലില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ അപലപിച്ച് ലോക നേതാക്കള്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ അക്രമങ്ങളെ അപലപിച്ചു. ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന പ്രസിഡന്റ് ലുല ഡ സില്‍വയുടെ വിമർശനത്തിന് പിന്നാലെയാണ് ലോക നേതാകളുടെ പ്രതികരണം.
ബ്രസീലെ സംഭവങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. 'ജനാധിപത്യ സമ്പ്രദായങ്ങള്‍ എല്ലാവരും മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ട് വര്‍ഷം മുന്‍പ് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ കലാപത്തിന് സമാനമായ പ്രക്ഷോഭമാണ് ബ്രസീലില്‍ നടന്നത് എന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ബ്രസീലെ ആക്രമണങ്ങളെ അപലപിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരുന്നു. ബ്രസീലിയന്‍ ജനതയുടെ ഇച്ഛാശക്തിക്ക് തുരങ്കം വയ്ക്കരുതെന്നും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നവെന്നും ട്വീറ്റിലൂടെ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ബൈഡന്‍, ലുല ഡ സില്‍വയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമസംഭവങ്ങളെ തള്ളി യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചു. ബ്രസീലിയന്‍ ജനത ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുത്ത നേതാവാണ് ലുല ഡ സില്‍വയെന്നും അക്രമ സംഭവങ്ങളെ അപലപിക്കുന്നു എന്നുമായിരുന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളിന്റെ പ്രതികരണം.
കലാപം ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രസിഡനന്റ് അന്റോണി അല്‍ബെനിസ് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും മാനിക്കണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന് നേരെയുളള കടന്നുകറ്റമാണ് ഇത് അംഗീകരിക്കനാവില്ലെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യ വക്താവും പ്രതികരിച്ചു.
ബ്രസീലിലെ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടത് ജനാധിപത്യത്തിനെതിരായ നീചമായ ആക്രമണമാണെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിച്ച് പ്രതികരിച്ചു. ഫാസിസം അട്ടിമറിക്ക് ശ്രമിക്കുന്നു എന്നായിരുന്നു കൊളമ്പിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. ബ്രസീലിയന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസും രംഗത്തുവന്നു. ബോള്‍സോനാരോ അനുനായികള്‍ ബ്രസീലിയന്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ച് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും രംഗത്തെത്തി.
അതിനിടെ, അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രസീലിയന്‍ ഫെഡറല്‍ ഗവര്‍ണറെ സുപ്രീംകോടതി നീക്കി. അധികൃതരുടെ സഹായമില്ലാതെ ഇത്രയും വലിയ പ്രക്ഷോഭം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇടപെടല്‍. ഗവര്‍ണര്‍ ഇബനീസ് റോച്ച സ്ഥാനത്ത് നിന്നും 90 ദിവസം വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശം. നേരത്തെ, കലാപം തടയാന്‍ സാധിക്കാത്തതില്‍ സര്‍ക്കാരിനോടും പ്രസിഡന്റിനോടും ക്ഷമ ചോദിച്ച് കൊണ്ടുളള ബ്രസീലിയന്‍ ഗവര്‍ണര്‍ വീഡിയോ പങ്കുവച്ചിരുന്നു. സൈനിക സുരക്ഷ ഉണ്ടായിട്ടും കലാപകാരികള്‍ക്ക് എങ്ങനെയാണ് കെട്ടിടം ആക്രമിക്കാന്‍ കഴിഞ്ഞു എന്നതും വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റോസ് വെബര്‍ പറഞ്ഞു.
അക്രമസംഭവങ്ങളെ ജനങ്ങനെ മുന്‍ നിര്‍ത്തി നേരിടാനാണ് ലുല പക്ഷത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ജനാധിപത്യ സംരക്ഷണം എന്ന മുദ്രാവാക്യവുമായി ഇടതുപക്ഷ പാര്‍ട്ടികള്‍ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലെ എല്ലാ ജനങ്ങളോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രസീലിയന്‍ പതാകയുമേന്തിയാണ് തീവ്ര വലതുപക്ഷ അനുയായികള്‍ ബ്രസീലിയന്‍ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത്. ചിലര്‍ സെനറ്റ് ചേംബറില്‍ കടന്നു. മറ്റു ചിലര്‍ പ്രസിഡന്റ് കൊട്ടാരത്തിലേക്കും കടന്നു. സുപ്രീംകോടതി ഉള്‍പ്പെടെ സര്‍ക്കാര്‍ കെട്ടിടങ്ങളും അക്രമികള്‍ കൈയ്യടക്കി. പിന്നാലെ സൈന്യം രംഗത്തെത്തി. മൂന്ന് മണിക്കൂറിനൊടുവില്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.