ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. എഴുത്തിലൂടെ പോരാട്ടം നടത്തിയ സാഹിത്യ പ്രതിഭയായിരുന്നു മിലേന്‍ കുന്ദേര. നിലപാടുകളുടെ കാർക്കശ്യം കൊണ്ട് സ്വന്തം രാജ്യത്തുനിന്ന് പോലും പോകേണ്ടി വന്ന കുന്ദേര ലോകം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്.
ചെക്കോസ്ലാവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പലതവണ പുറത്താക്കിയിരുന്നു. 'ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്' അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലാണ്.
1929 ചെക്കോസ്ലാവാക്യയിലാണ് മിലന്‍ കുന്ദേരയുടെ ജനനം. ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിക് കുന്ദേരയാണ് മിലന്‍ കുന്ദേരയുടെ പിതാവ്. മിലാഡ കുന്ദറോവയാണ് അമ്മ. കുട്ടിക്കാലത്ത് തന്നെ പിതാവില്‍ നിന്ന് പിയാനോ അഭ്യസിച്ച മിലന്‍ കുന്ദേര പിന്നീട് സംഗീതശാസ്ത്രവും സംഗീത രചനയും പഠിച്ചു.
ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഫ്രഞ്ച് കവി ഗില്ലൂം അപ്പോളിനേയറിന്റെ കൃതികൾ വിവർത്തനം ചെയ്യുകയും കവിതകളും ചെറുകഥകളും എഴുതുകയും ചെയ്തിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ നിരന്തര വിമർശനം അദ്ദേഹത്തിന്റെ പൗരത്വം നിഷേധിക്കുന്നതിന് വരെ കാരണമായി. 1950ൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കിയെങ്കിലും 1956ൽ തിരിച്ചെടുത്തു. പിന്നീട് 1968ൽ സോവിയറ്റ് അധിനിവേശത്തെ വിമര്‍ശിച്ചതിന് പാർട്ടിയിൽനിന്ന് വീണ്ടും പുറത്താക്കപ്പെട്ടു. ഇതോടെ 1975-ൽ കുന്ദേരയും കുടുംബവും ഫ്രാന്‍സിലേയ്ക്ക് കുടിയേറി. 1979ൽ കമ്മ്യൂണിസ്റ്റ് സർക്കാർ അദ്ദേഹത്തിന്റെ ചെകോസ്ലോവാക്യൻ പൗരത്വം റദ്ദാക്കി.
കുന്ദേരയുടെ പുസ്തകങ്ങള്‍ പലതും ചെക്കോസ്ലോവാക്യയില്‍ നിരോധിക്കപ്പെട്ടിരുന്നു.1979-ൽ ചെക്ക് പൗരത്വം റദ്ദാക്കിയതിന് ശേഷം കുന്ദേര 40 വർഷം പാരീസിൽ പ്രവാസ ജീവിതം നയിച്ചു. അവിടെ നിന്ന് അദ്ദേഹം തന്റെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ 'The Unbearable Lightness of Being' ഉൾപ്പെടെ എഴുതി. പിന്നീട് ഫ്രഞ്ച് ഭാഷയിൽ നോവലുകൾ എഴുതാൻ മാതൃഭാഷ ഉപേക്ഷിച്ചു. 1981ൽ ഫ്രഞ്ച് സർക്കാർ കുന്ദേരയ്ക്കും കുടുംബത്തിനും ഫ്രഞ്ച് പൗരത്വം നൽകി.
അലക്സാണ്ടർ ഡ്യൂബ്ചെക്ക് നേതൃത്വം നൽകിയ, പ്രാഗ് വസന്തം എന്നറിയപ്പെടുന്ന രാഷ്ട്രീയ നീക്കത്തിൽ കുന്ദേര പങ്കാളിയായതായിരുന്നു. ഇതാണ് ചെക്ക് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അതാണ് കുന്ദേരയെ വീണ്ടും പുറത്താക്കുന്നതിൽ കലാശിച്ചത്. പിന്നീട് 2019 ൽ ചെക്ക് റിപ്പബ്ലിക് കുന്ദേരയ്ക്ക് പൗരത്വം തിരികെ നൽകി.
വ്യക്തികളുടെ വികാരങ്ങളെയും വിചാരങ്ങളെയും അതിസൂക്ഷ്മമായി നോവലിലേക്ക് ഒപ്പിയെടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് കുന്ദേരയുടേതായി ഏറ്റവും ഒടുവില്‍ പുറത്ത് വന്ന നോവല്‍. ദ ജോക്ക്, ലൈഫ് ഈസ് എല്‍സ്‌വേര്‍, ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്റ് ഫൊര്‍ഗറ്റിങ്, ഇമ്മോര്‍ട്ടാലിറ്റി, ഇഗ്നോറന്‍സ് എന്നിവയാണ് മറ്റ് കൃതികള്‍.
1985ലെ ജറുസലേം പ്രൈസ്, 1987ൽ യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ്, 2000ൽ ഹെർഡർ പ്രൈസ് എന്നിവ മിലൻ കുന്ദേരയ്ക്ക് ലഭിച്ചിട്ടുണ്ട്. 2021ൽ സ്ലോവേനിയൻ പ്രസിഡന്റ് അദ്ദേഹത്തെ ഗോൾഡൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചിരുന്നു.