Google
WORLD

കോളറ വ്യാപനം ആശങ്കാജനകമായി ഉയരുന്നു: ലോകാരോഗ്യ സംഘടന

ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ തന്നെ 26 രാജ്യങ്ങളിൽ കോളറ പൊട്ടിപുറപ്പെട്ടു

വെബ് ഡെസ്ക്

വളരെ വർഷങ്ങൾക്ക് ശേഷം ലോകത്ത് വീണ്ടും കോളറ രോഗബാധ ആശങ്കാജനകമായ ഉയർച്ചയിലെന്ന് ലോകാരോഗ്യ സംഘടന. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ തന്നെ 26 രാജ്യങ്ങളിൽ കോളറ പൊട്ടിപുറപ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യൂ എച്ച് ഒ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. 2017 നും 2021 നും ഇടയിൽ പ്രതിവർഷം 20 ൽ താഴെ രാജ്യങ്ങളിൽ മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

“കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഈ എണ്ണത്തിൽ കുറവ് കാണിച്ചിരുന്നെങ്കിലും, കഴിഞ്ഞ ഒരു വർഷമായി ലോകമെമ്പാടും കോളറ പൊട്ടിപ്പുറപ്പെടുന്നതിൽ ആശങ്കാജനകമായ ഉയർച്ചയാണ് കാണുന്നത്. രോഗബാധയുടെ കണക്കുകൾ ഉയരുന്നുണ്ട് എന്ന് മാത്രമല്ല, ഈ സാഹചര്യം മാരകമാണ്” -കോളറ, പകർച്ചവ്യാധി വയറിളക്ക രോഗങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ടീം ലീഡ് ഫിലിപ്പ് ബാർബോസ ജനീവയിൽ മാധ്യമങ്ങളോട് പറഞ്ഞു.

" കോളറയുടെ പരമ്പരാഗത കാരണങ്ങൾക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും ഈ വർദ്ധനവിനെ സ്വാധീനിക്കുന്നു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വരൾച്ച തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾ ശുദ്ധജല ലഭ്യത കുറയ്ക്കുകയും കോളറ വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു," ബാർബോസ പറഞ്ഞു. 2021 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശരാശരി മരണനിരക്ക് മുൻ അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിനുകളുടെ ലഭ്യത വളരെ പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുകളുടെ ഡിമാൻഡ് വിതരണത്തേക്കാൾ കൂടുതലാണ്. എന്നിരുന്നാലും വർഷാവസാനത്തിന് മുമ്പ് ഉപയോഗിക്കാൻ കഴിയുന്ന ദശലക്ഷക്കണക്കിന് ഡോസുകൾ നിലവിൽ അവശേഷിക്കുന്നുണ്ട്. ഇപ്പോഴുള്ള രോഗബാധക്കെതിരെ പ്രതികരിക്കാനും പ്രതിരോധ വാക്സിനേഷൻ ക്യാമ്പയ്നുകൾ നടപ്പിലാക്കാനും മതിയായ വാക്സിൻ ഇല്ല. കോളറക്കുള്ള വാക്‌സിനുകൾ നിർമ്മിക്കുന്ന ഒരേയൊരു കമ്പനി മാത്രമേയുള്ളു എന്നതാണ് പ്രധാന പ്രശ്നം. എല്ലാ ഉൽ‌പാദനച്ചെലവും സ്വയം വഹിക്കേണ്ടി വരുമെന്നതിനാൽ കമ്പനികൾ അതിന് തയാറാവാറില്ല. ലളിതമായ ഓറൽ റീഹൈഡ്രേഷൻ ഉപയോഗിച്ചും കൂടുതൽ ഗുരുതരമായ കേസുകൾക്ക് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചും ചികിത്സിക്കാം. എന്നാൽ പലർക്കും അത്തരം ചികിത്സ സമയബന്ധിതമായി ലഭിക്കുന്നില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കുകയും നിരീക്ഷണം മെച്ചപ്പെടുത്തുകയും ചെയ്താൽ പകർച്ചവ്യാധികൾ തടയാനാകും, ബാർബോസ പറഞ്ഞു.

"സ്ഥിതി ഗുരുതരമാണ്, പക്ഷേ അത് നിരാശാജനകമല്ല. കോളറ, എല്ലാത്തിനുമുപരി, തടയാവുന്നതും ചികിത്സിക്കാവുന്നതുമാണ്. ശരിയായ ദീർഘവീക്ഷണവും പ്രവർത്തനവും ഉപയോഗിച്ച്, നമുക്ക് ഈ സാഹചര്യം മാറ്റാൻ കഴിയും," അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ