ചൈനയുടെ സര്‍വ്വാധികാരവും പ്രസിഡന്റ് ഷി ജിന്‍പിങ്ങിലേക്ക് വന്നുചേരും എന്ന ധാരണകളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാമത് കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കിയത്. എന്നാല്‍ ഒക്ടോബര്‍ 16ന് ആരംഭിച്ച പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോഴും എന്താണ് ചൈനയില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമാപന സമ്മേളന വേദിയില്‍നിന്ന് മുന്‍ പ്രഡിഡന്റ് ഹു ജിന്റാവോ അപമാനിതനായി വിടവാങ്ങിയതാണ് രാജ്യാന്തര മാധ്യമങ്ങള്‍ ശനിയാഴ്ച നല്‍കിയ പ്രധാന വാര്‍ത്ത. എന്നാല്‍ നിഷ്പക്ഷ ചൈനീസ് നിരീക്ഷകര്‍, കോണ്‍ഗ്രസ്, ഷിയുടെ സമഗ്രാധിപത്യത്തിന് അടിവരയിട്ടുവെന്ന് തന്നെ ഉറപ്പിക്കുന്നു. രണ്ടു ദിവസത്തിനകം ഷിയെ മൂന്നാമതും സെക്രട്ടറിയായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും. 200അംഗ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് നിലവിലുള്ള പ്രധാനമന്ത്രിയെ പുറത്താക്കിയ കോണ്‍ഗ്രസ് താരതമ്യേന ജൂനിയറും അടിയുറച്ച ഷി ഭക്തനുമായ ലി ക്വിയാങ്ങിനെയാണ് പ്രധാനമന്ത്രിയാക്കുന്നത്.
85ാം വയസ് വരെയാണ് ഡെങ് സിയാവോപിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നത്. അടുത്തൊരു പത്തുപതിനഞ്ച് കൊല്ലം കൂടി ഷി ചൈന ഭരിക്കാനുള്ള സാധ്യതകളുണ്ട്.
ഷിയുടെ ഭരണനാളുകളെക്കുറിച്ചോ പിന്‍ഗാമിയെ കുറിച്ചോ ഇപ്പോഴേ ചിന്തിക്കേണ്ടതില്ലെന്നാണ് ചൈനീസ് നയതന്ത്ര വിദഗ്ധനും അമേരിക്കയില്‍ അധ്യാപകനും ഗവേഷകനുമായ യാങ് ഷാങ്ങിന്റെ അഭിപ്രായം. ഷിയ്ക്ക് ഇപ്പോള്‍ 69 വയസാണ്. മാവോ സെ തുങ് 83ാം വയസില്‍ മരിക്കുംവരെ ചൈന ഭരിച്ചു. 85ാം വയസ് വരെയാണ് ഡെങ് സിയാവോപിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നത്. അടുത്തൊരു പത്തുപതിനഞ്ച് കൊല്ലം കൂടി ഷി ചൈന ഭരിക്കാനുള്ള സാധ്യതകളുണ്ട്. അതിനാല്‍ 2027ല്‍ ഷി വിരമിക്കുമെന്ന് ആര്‍ക്കാണ് പ്രവചിക്കാനാകുകയെന്നും യാങ് ഷാങ് ചോദിക്കുന്നു. സര്‍വ്വാധികാരിയായി ഷി ഭരണം തുടങ്ങിയിട്ടേയുള്ളുവെന്ന് അടിവരയിടുന്നതാണ് യാങ് ഷാങ്ങിന്റെ വാക്കുകള്‍. അതിനാല്‍ ഒരു പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴൊന്നും ഉയര്‍ന്നുവന്നേക്കില്ല. ആരുടെയെങ്കിലും പേര് നിര്‍ദേശിക്കാന്‍ ഷിയുടെ അനുയായികള്‍ക്കു പോലും താല്‍പര്യമില്ല. അതിനാല്‍ ഷിയുടെ പിന്‍ഗാമിയാകേണ്ടയാള്‍ നിലവില്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ടാകില്ല.
പ്രായപരിധി കടമ്പകള്‍ ഷിയ്ക്ക് ബാധകമാകില്ലേയെന്ന ചിന്തകളും പാര്‍ട്ടി കോണ്‍ഗ്രസോടെ അസ്ഥാനത്തായി. 67കാരായ ലി കെക്വിയാങ്, വാങ് യാങ്, ചെന്‍ ക്വാങ്വോ എന്നിവര്‍ വിരമിച്ചപ്പോള്‍ വാങ് ഹ്യുനിങ് പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഇടം നേടി. മാത്രമല്ല, 69 കാരനായ വാങ് യി, 72കാരനായ ഴാങ് യുക്സിയ എന്നിവരും പോളിറ്റ് ബ്യൂറോയിലെത്തി. പ്രായപരിധി നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് തന്റെ സീമകളില്ലാത്ത അധികാരം കൂടിയാണ് ഷി പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലും അത് പ്രകടമാണ്. ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് (സിപിപിസിസി) ചെയര്‍മാന്‍ വാങ് യാങ് പ്രധാനമന്ത്രിയാകുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തലുകള്‍. 2013-2018ല്‍ ഉപ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. എന്നാല്‍, ലി ക്വിയാങ്ങാണ് പുതിയ പ്രധാനമന്ത്രിയാവുക. വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കാതെയാണ് ലി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഷിയുടെ പുതിയ പരിഷ്‌കാരമായി വേണം അതിനെ കാണാന്‍. ഒരിക്കല്‍ ഷിയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ലി പ്രധാനമന്ത്രിയാകുന്നതോടെ അദ്ദേഹത്തിന്റെ ചീഫ് ഗ്രാന്‍ഡ് സെക്രട്ടറിയാകും.
കടുത്ത ഷി ഭക്തനാണെന്നതാണ് ലിയെ ചൈനയുടെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുന്നത്
2011ല്‍ ഷെജിയാങ് പ്രവിശ്യയുടെ രാഷ്ട്രീയ-നിയമകാര്യ സെക്രട്ടറിയായിരുന്നു ലി. 2012ല്‍ ആക്ടിങ് ഗവര്‍ണറായി. പിന്നാലെ പ്രവിശ്യയിലെ പാര്‍ട്ടി സെക്രട്ടറിയായി. 2013ല്‍ ലി പ്രവിശ്യാ ഗവര്‍ണറായി നിയമിക്കപ്പെട്ടു. 2015ല്‍ ഷിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ലിയും ഒപ്പമുണ്ടായിരുന്നു. 2017ല്‍, 19ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ലി ഷാങ്ഹായിലെ പാര്‍ട്ടി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ഈ വര്‍ഷം രാജ്യത്തിന്റെ സമ്പദ്ഘടനയെപ്പോലും തകര്‍ക്കുന്ന തരത്തില്‍ ഷാങ്ഹായില്‍ രണ്ട് മാസത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നയാള്‍ കൂടിയാണ് ലി. എന്നാല്‍, കടുത്ത ഷി ഭക്തനാണെന്നതാണ് ലിയെ ചൈനയുടെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹോങ്കോങ്, തായ്വാന്‍ വിഷയങ്ങളിലെ ചൈനീസ് നിലപാട് ആവര്‍ത്തിച്ച ഷി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന ശക്തമായ മുന്നറിയിപ്പും നല്‍കിയതൊഴിച്ചാല്‍ മറ്റൊന്നും പുറംലോകം അറിഞ്ഞിട്ടില്ല. പക്ഷേ, ആധുനിക ചക്രവര്‍ത്തിയായി ഷി അധികാരത്തില്‍ തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. ഒന്നും രണ്ടുമല്ല മൂന്നാം ടേമിലേക്ക് അധികാരം തുടരുന്ന ഷി 2027 വരെ ചൈന ഭരിക്കും. ദശാബ്ദങ്ങളുടെ പഴക്കമുള്ള നിയമങ്ങളുടെ പൊളിച്ചെഴുത്തും പരിധികളില്ലാത്ത അധികാരവുമൊക്കെ ഷിയുടെ പരമോന്നത പദവിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. അതിനാല്‍, ലോകത്തിന്റെ പ്രതീക്ഷകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്തായിരിക്കും ഷിയുടെ വാഴ്ച. മാവോ, ഡെങ് വാഴ്ചയുടെ പുതിയ പതിപ്പിനും ചൈന സാക്ഷ്യം വഹിച്ചേക്കാം. നിലവിലെ സാഹചര്യത്തില്‍ അതിനെ വെല്ലുവിളിക്കുക അസാധ്യമാണ്. ഷിയുടെ കാലശേഷമാകും അവസരത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുക.