WORLD

'ഗാസയിൽ ഇസ്രയേൽ സേനയ്ക്ക് ഇനി ഒന്നും ചെയ്യാനില്ല'; സൈനിക പിന്മാറ്റം സാധ്യമാകാത്തതിന് കാരണക്കാരൻ നെതന്യാഹുവെന്ന് മുൻ പ്രതിരോധമന്ത്രി

ഇസ്രയേലിൽ പ്രതിഷേധം ആളിക്കത്തിച്ച് ഗാലന്റിന്റെ വെളിപ്പെടുത്തൽ

വെബ് ഡെസ്ക്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളും വിമർശനങ്ങളും ഉന്നയിച്ച് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഗാസയിൽ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി കഴിഞ്ഞിട്ടും സൈന്യത്തെ പിൻവലിക്കാത്തതിന് പിന്നിൽ നെതന്യാഹു മാത്രമാണെന്ന് ഗാലന്റ് കുറ്റപ്പെടുത്തി . ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുൻ പ്രതിരോധമന്ത്രി വെളിപ്പെടുത്തി. പുറത്താക്കലിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്‍മാരുടെ കുടുംബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു ഗാലന്റ്.

'' ഗാസയിൽ ഇനി ഒന്നും ചെയ്യാനില്ല. പ്രധാനനേട്ടങ്ങളെല്ലാം കൈവരിച്ചു. ഇനിയും ഗാസയിൽ തുടരുന്നതിൽ സൈനികമായൊരു കാരണവും ചൂണ്ടിക്കാട്ടാനില്ല. തുടരുന്നതിന് പിന്നിൽ ഗാസ വിടാനാകില്ലെന്ന ആഗ്രഹം മാത്രമായേ കാണാനാകൂ'' - ഗാലന്റ് പറഞ്ഞു. ഗാസയിൽ ഇസ്രയേലിന് ഒരു തുടർച്ചയും സ്ഥിരതയും ലഭിക്കാനായാണ് ഇപ്പോഴത്തെ നീക്കങ്ങളെങ്കിൽ അത് രാജ്യത്തെ സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബന്ദി മോചനത്തിൽ നെതന്യാഹുവിന്റെ പരിഗണനാവിഷയങ്ങൾ എന്തൊക്കെയാണെന്നതിൽ സംശയവും ആശങ്കയും ഗാലന്റ് പങ്കുവെച്ചു. ബന്ദികളെ കൈമാറി ഒരു ഒത്തുതീർപ്പിലോ സമാധാനക്കരാറിലോ എത്താൻ നെതന്യാഹു തന്നെ വിചാരിക്കണം. സമാധാന കരാർ എന്ന ലക്ഷ്യത്തിൽ നിന്ന് നെതന്യാഹു പിൻമാറിയത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം മാത്രമായിരുന്നെന്നും ഗാലന്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ് മുതൽ ഇത്തരത്തിലൊരു കരാറിലെത്താൻ അമേരിക്കൻ സഹായത്തോടെ ഇസ്രയേൽ നീക്കങ്ങൾ നടത്തിവരികയാണ്. നെതന്യാഹുവിന്റെ കർശനനിലപാടാണ് ഈ നീക്കങ്ങൾക്കെല്ലാം വെല്ലുവിളിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

'' ഫിലഡൽഫി ഇടനാഴി മേഖലയിൽ ഇപ്പോഴൊരു സുരക്ഷാ പ്രശ്നവുമില്ലെന്ന് ഞാനും സൈനിക മേധാവിയും പറഞ്ഞു. എന്നാൽ നെതന്യാഹു അത് അംഗീകരിച്ചില്ല. നയതന്ത്ര കാരണങ്ങളാൽ അവിടെ സൈന്യം തുടരണമെന്നായിരുന്നു നെതന്യാഹുവിന്റെ ന്യായീകരണം. എന്നാൽ അത്തരത്തിലൊരു നയതന്ത്ര കാരണവും അവശേഷിക്കുന്നില്ല എന്നതാണ് യാഥാർഥ്യം'' - മുൻ പ്രതിരോധമന്ത്രി തുറന്നടിച്ചു.

ഗാലന്റിന്റെ വെളിപ്പെടുത്തൽ വൻ കോളിളക്കങ്ങളാണ് ഇസ്രയേലിൽ സൃഷ്ടിച്ചിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയ നിരവധിപേരുടെ കുടുംബങ്ങളും പ്രതിപക്ഷവും നെതന്യാഹു സർക്കാരിനെതിരെ രൂക്ഷവിമർശനവും പ്രതിഷേധവുമായി രംഗത്തെത്തി. ഇസ്രയേൽ സേനയെ ഗാസയിൽ നിലനിർത്തുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് വൈകിക്കുക എന്ന നെതന്യാഹുവിന്റെ ലക്ഷ്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് ഇപ്പോൾ നെതന്യാഹുവിനുള്ളതെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ വിമർശിച്ചു.

കഴിഞ്ഞദിവസമാണ് പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയത്. പകരം ഇസ്രയേൽ കാറ്റ്സിനെയാണ് പ്രതിരോധമന്ത്രിയായി നിയമിച്ചത്. നെതന്യാഹുവും ഗാലന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുകയും പൊതുജനങ്ങളിലേക്ക് അത് എത്തി മോശമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തതായി പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു . ഇത് ശത്രുക്കള്‍ മനസിലാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തതായും ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ.

അതിനിടെ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. നൂറിലേറെ പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.

വാക്സിൻ വിരുദ്ധനെ ആരോഗ്യവിഭാഗം തലവനാക്കി ട്രംപ്; ആർ എഫ് കെന്നഡി ജൂനിയർ അമേരിക്കയുടെ ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രഖ്യാപനം

വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം; അഞ്ചാം ക്ലാസ് വരെ പഠനം ഓണ്‍ലൈനായി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു, വാഹനങ്ങള്‍ക്കും നിയന്ത്രണം

ട്രംപിനെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്