സഹ്‌റ ജോയ 
WORLD

'ഞങ്ങളെ അവർ പൂർണമായും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്'; താലിബാനിൽനിന്ന് രക്ഷപ്പെട്ട മാധ്യമപ്രവർത്തക പറയുന്നു

വെബ് ഡെസ്ക്

ലണ്ടനിലെ ചെറിയ ഫ്ലാറ്റിലിരുന്ന് സഹ്‌റ ജോയ എന്ന അഫ്‌ഗാനി മാധ്യമപ്രവർത്തക സദാ ചിന്തിക്കുന്നത് മാതൃരാജ്യത്തെക്കുറിച്ചാണ്. സ്വപ്നങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമേന്തി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീടിനെക്കുറിച്ചും കഴിഞ്ഞുപോയ സന്തോഷകരമായ ജീവിതത്തെക്കുറിച്ചുമാണ് ചിന്തകളേറയും. സഹ്‌റ താമസിച്ചിരുന്ന പ്രവിശ്യയായ ബാമിയനിലെ പച്ചപ്പ് നിറഞ്ഞ കുന്നുകളും കടുംനീല നിറത്തിലുള്ള തടാകങ്ങളും അവരുടെ മനസിൽ തെളിയും. സഹ്‌റ രാജ്യം വിടുന്നതിന് മുൻപുള്ള നാളുകളിൽ അഫ്‌ഗാന്റെ മുഖം അത്ര സുന്ദരമായിരുന്നില്ല.

താലിബാൻ അഫ്‌ഗാൻ കീഴടക്കിയതിനു പിന്നാലെ 2021 ഓഗസ്റ്റിൽ രാജ്യത്ത് നിന്ന് പുറപ്പെട്ട അവസാന വിമാനങ്ങളിൽ ഒന്നിലാണ് സഹ്റ സഹോദരങ്ങളോടൊപ്പം ലണ്ടനിൽ അഭയം തേടിയത്. ലണ്ടനിൽ സുരക്ഷിതമായ ജീവിതം നയിക്കുമ്പോഴും തനിക്ക് ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ച് ചിന്തിക്കാതിരിക്കാൻ സഹ്റക്കാകില്ല. വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ച് അനേകായിരം അഫ്‌ഗാനി സ്ത്രീകൾ താലിബാൻ ഭരണത്തിൽ വീടുകളുടെ അകത്തളങ്ങളിൽ ഇരിക്കുകയാണ്.

ദശലക്ഷക്കണക്കിനു സ്ത്രീകളും പെൺകുട്ടികളും കഷ്ടപ്പെടുമ്പോൾ സുരക്ഷിതത്വം കണ്ടെത്തിയതിൻ്റെ സങ്കടവും ആഘാതവും കുറ്റബോധവും അവളുടെ വാക്കുകളിലുണ്ട്

അവരുടെ കഥകൾ ലോകത്തെ അറിയിക്കേണ്ടത് തന്റെ കൂടി ബാധ്യതയാണെന്ന് സഹ്‌റ കരുതുന്നു. അതുകൊണ്ട് കൂടിയാണ് റുക്ഷാന മീഡിയ എന്ന വാർത്ത ഏജൻസിയുടെ പ്രവർത്തനം തുടർന്നുകൊണ്ടുപോകാൻ സഹ്‌റ ജോയ തീരുമാനിച്ചത്. 2020 ൽ സഹ്‌റ ആരംഭിച്ച വാർത്താ ഏജൻസിയാണ് റുക്ഷാന മീഡിയ. താലിബാൻ ഭരണത്തിനു കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായി നടക്കുന്ന ക്രൂരമായ ആക്രമണത്തെ രേഖപ്പെടുത്തുന്ന നൂറുകണക്കിനു ജീവിത കഥകൾ ആ മാധ്യമത്തിലൂട സഹ്‌റ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. റിപ്പോട്ടർമാരുടെ ഒരു ചെറുസംഘം അഫ്‌ഗാനിൽ രഹസ്യമായി പ്രവർത്തിക്കുകയാണ്. രഹസ്യമായി പ്രവർത്തിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നുവെന്നതാണ് വാസ്തവം.

ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ തകർച്ച, പെൺകുട്ടികൾക്ക് ക്ലാസ് മുറിയിലുള്ള വിലക്ക്, വനിതാ കലാകാരർ, ജഡ്ജിമാർ, പോലീസ് ഉദ്യോഗസ്ഥർ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരായ ആക്രമണം, ഭക്ഷ്യക്ഷാമം വർധിക്കുന്നത് തുടങ്ങിയ ഉള്ളടക്കങ്ങൾ ഈ മാധ്യമത്തിലൂടെ സഹ്‌റ പങ്കുവെക്കാറുണ്ട്. “ഓരോ ആഴ്ചയും സ്ഥിതി കൂടുതൽ നിരാശാജനകമാണ്,”-സഹ്‌റ പറയുന്നു. “നീതിക്ക് ഒരു വഴിയുമില്ല. ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസമോ ജോലിചെയ്യാനുള്ള അവസരമോ വീടിനു പുറത്ത് യാത്രചെയ്യാനുള്ള അവസരമോ അവർ നിഷേധിക്കുന്നു. അവർ ഞങ്ങളെ പൂർണമായും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്," സഹ്‌റ വ്യക്തമാക്കുന്നു.

താലിബാൻ എന്റെ കുടുംബത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നടുവിലൂടെ വിഭജിച്ചു
സഹ്‌റ ജോയ

നാടുകടത്തപ്പെടുന്നതിന് മുമ്പ് സഹ്‌റ ഒരു നോട്ട് പുസ്തകവുമായി കാബൂളിലെ തെരുവുകളിൽ സഞ്ചരിക്കുമായിരുന്നു. അഫ്ഗാനിസ്ഥാനിലെ പുരുഷാധിപത്യ മാധ്യമലോകത്ത് സ്വന്തം വഴി വെട്ടിത്തെളിക്കാനാണ് സഹ്‌റ അടക്കമുള്ള രാജ്യത്തെ യുവ വനിതാ മാധ്യമപ്രവർത്തകർ ശ്രമിച്ചിരുന്നത്. "എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര അഫ്ഗാനിസ്താൻ കെട്ടിപ്പടുക്കാൻ ഞങ്ങൾ സഹായിക്കുന്നുവെന്ന് ഞങ്ങൾ സ്വപ്നം കണ്ടു. യുകെ-യുഎസ് സൈനികർ പോകുമ്പോൾ, അത് വലിയ മാറ്റത്തിൻ്റെ സമയമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ ഭാവിയിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു, നമുക്കെല്ലാവർക്കും എന്ത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല," സഹ്‌റ പറയുന്നു.

താലിബാന്റെ കീഴിൽ മാധ്യമരംഗം തകർന്നതോടെ മാധ്യമപ്രവർത്തകരെല്ലാം ലോകത്തിന്റെ പല ഭാഗത്തേക്കു ചിതറിപ്പോയി. എന്നാൽ തങ്ങളുടെ മാതൃരാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും ഇവർ റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുന്നു. അനീതിക്കെതിരെ വെളിച്ചം വീശാനുള്ള ജേണലിസത്തിലെ തൻ്റെ വിശ്വാസത്തെക്കുറിച്ച് സഹ്‌റ വളരെ ആവേശത്തോടെയാണ് സംസാരിക്കുന്നത്. ഒപ്പം ദശലക്ഷക്കണക്കിനു സ്ത്രീകളും പെൺകുട്ടികളും കഷ്ടപ്പെടുമ്പോൾ സുരക്ഷിതത്വം കണ്ടെത്തിയതിൻ്റെ സങ്കടവും ആഘാതവും കുറ്റബോധവും അവളുടെ വാക്കുകളിലുണ്ട്.

തന്റെ സഹോദരിമാർ സർവകലാശാലകളിൽ പഠനത്തിനായി ഒരുങ്ങുകയാണെന്ന് സഹ്‌റ പറയുന്നു. "ഞങ്ങൾക്ക് ജീവിതത്തിൽ രണ്ടാമത്തെ അവസരം ലഭിച്ചു. എൻ്റെ സഹോദരിമാർ അഫ്‌ഗാനിൽ തന്നെ നിന്നിരുന്നുവെങ്കിൽ അവരുടെ ജീവിതം എങ്ങനെയാകുമെന്ന് എനിക്ക് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല. അവരുടെ എല്ലാ സാധ്യതകളും പാഴായിപ്പോയേനെ," അതേസമയം സഹ്റയുടെ മാതാപിതാക്കളും രണ്ട് സഹോദരങ്ങൾക്കും ഒപ്പം വരാന്‍ സാധിച്ചിരുന്നില്ല.

സഹ്റയും സഹോദരങ്ങളും

2021 ഓഗസ്റ്റിൽ കുടുംബത്തെ അഫ്‌ഗാനിൽ വിട്ട് പോരുമ്പോൾ അനുഭവിച്ച വേദനകളും അവരെ വേട്ടയാടുന്നുണ്ട്. "താലിബാൻ എന്റെ കുടുംബത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നടുവിലൂടെ വിഭജിച്ചു," സഹ്റയുടെ മാതാപിതാക്കളും മൂത്ത രണ്ട് സഹോദരങ്ങളും നിലവിൽ പാകിസ്ഥാനിലാണുള്ളത്. റുക്ഷാന മീഡിയയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിട്ട നിരന്തര ഭീഷണികൾക്കൊടുവിൽ കുടുംബം പാക്സിതാനിലേക്ക് കുടിയേറിയിരിക്കുകയാണ്. എന്നാൽ അഫ്ഗാനിലേക്ക് മടങ്ങേണ്ടി വരുമെന്ന ഭയം കുടുംബത്തിനുണ്ട്. യുകെയിലേക്ക് പോകാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു. കുടുംബം ഇപ്പോൾ ഫലപ്രദമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും താലിബാനുമായി ബന്ധമുള്ള ആളുകളുടെ ഭീഷണികൾ തുടരുകയാണെന്നും സഹ്‌റ പറയുന്നു.

“വിശാലമായ ഈ ലോകത്ത് എൻ്റെ കുടുംബത്തിന് സുരക്ഷിതമായ ഒരിടം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ലെന്നത് വളരെ വേദനാജനകമാണ്. അവരെ ഇനി ഒരിക്കലും കാണില്ലെന്ന് ഞാൻ ഭയപ്പെടുന്നു. അവരുടെ ഈ അവസ്ഥയിൽ എൻ്റെ മാധ്യമപ്രവർത്തനത്തിന് ഒരു പങ്കുണ്ട് എന്നറിയാവുന്നതിനാൽ എനിക്കതിൽ ഉത്തരവാദിത്തമുണ്ട്."

തനിക്ക് വേണ്ടി അഫ്‌ഗാനിൽ രഹസ്യമായി ജോലി ചെയ്യുന്നവരെയോർത്താണ് സഹ്റയുടെ ഉത്കണ്ഠകൾ. "വലിയ അപകടത്തിലാണ് അവർ ഈ ജോലി ചെയ്യുന്നത്. എന്നാൽ മാധ്യമങ്ങൾക്കു മാത്രമേ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് അവർ വിശ്വസിക്കുന്നു. പിടിക്കപ്പെട്ടാൽ എനിക്കവരെ സഹായിക്കാൻ കഴിയുന്നതിന് പരിധികളുണ്ട്," സഹ്‌റ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ ഫണ്ടില്ലാതെ റുക്ഷാന മീഡിയയുടെ പ്രവർത്തനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നത് സംബന്ധിച്ചും ആശങ്കളേറെയാണ്. റിപ്പോർട്ടർമാർക്കും എഡിറ്റോറിയൽ ടീമിനും ശമ്പളം നല്കാൻ സാധിക്കാതെ വരികയും വെബ്സൈറ്റ് പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്യുമോയെന്ന് സഹ്‌റ ജോയ ഭയപ്പെടുന്നു.

“ഞാൻ ഭാവിയെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. റിപ്പോർട്ടിങ്ങുമായി മുന്നോട്ടുപോകാനും ഞങ്ങൾക്ക് കഴിയുന്നിടത്തോളം തുടരാനുമാണ് തീരുമാനം. അവിടെ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെയും പെൺകുട്ടികളെയും അവരുടെ കഥകൾ പുറം ലോകം അറിയാതെ അവരെ ഒറ്റയ്ക്ക് കഷ്ടപ്പെടാൻ വിടാൻ എനിക്ക് കഴിയില്ല. അവരുടെ കഥകൾ കേൾക്കപ്പെടേണ്ടതാണ്,”സഹ്‌റ വ്യക്തമാക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും