റഷ്യൻ സൈന്യത്തിനെതിരെ പ്രത്യാക്രമണം ശക്തമാക്കാന്‍ രാജ്യത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി. ഇപ്പോൾ ആക്രമണം നടത്തിയാല്‍ വിജയിക്കാനാകുമെങ്കിലും അത് രാജ്യത്തിന് വന്‍തോതിലുള്ള നഷ്ടം വരുത്തിവയ്ക്കുമെന്നും സെലന്‍സ്കി പറയുന്നു. കീവിൽ യൂറോപ്യൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരമാർശം. കൂടുതൽ ആയുധങ്ങൾക്കായി യുക്രെയ്ൻ സൈന്യം കാത്തിരിക്കുകയാണെന്നും സെലന്‍സ്കി വ്യക്തമാക്കി.
"ഇപ്പോൾ കയ്യിലുള്ള ആയുധങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കും. പക്ഷെ കൂടുതൽ ആളുകളെ ഞങ്ങൾക്ക് നഷ്ടപ്പെടും. അത് അംഗീകരിക്കാൻ സാധിക്കാത്തതാണ്. അതിനാൽ കാത്തിരിക്കണം. കുറച്ച് കൂടി സമയം രാജ്യത്തിന് ആവശ്യമാണ് " - സെലന്‍സ്കി പറഞ്ഞു.
നാറ്റോ രാജ്യങ്ങളിൽ നിന്ന് പരിശീലനം ലഭിച്ച കോംബാറ്റ് ബ്രിഗേഡുകൾ അടക്കം യുക്രെയ്നില്‍ തയ്യാറാണ്. എന്നാൽ അത്യാധുനിക യുദ്ധ വാഹനങ്ങൾ കൂടി സൈന്യത്തിന് ആവശ്യമാണെന്ന് സെലന്‍സ്കി ചൂണ്ടിക്കാട്ടുന്നു. യുക്രെയ്‌ന്റെ നീക്കം എപ്പോൾ, എവിടെ നിന്നാകും എന്നത് സംബന്ധിച്ച് സൂചനകളൊന്നും അദ്ദേഹം നൽകിയില്ല.
സമാധാന നീക്കത്തിനായി രാജ്യത്തെ ഒരു പ്രദേശവും റഷ്യയ്ക്ക് നൽകാൻ തയ്യാറല്ലെന്ന് സെലൻസ്കി ആവർത്തിച്ചു. " എല്ലാവർക്കും അവരവരുടേതായ ആശയങ്ങൾ ഉണ്ടാകും. കീഴടക്കുന്ന പ്രദേശങ്ങളെ കാണിച്ച് യുക്രെയ്നെ സമ്മർദത്തിലാക്കാൻ അവർക്ക് കഴിയില്ല. ലോകത്തിലെ ഏതെങ്കിലും ഒരു രാജ്യം അതിന്റെ പ്രദേശങ്ങൾ പുടിന് വിട്ടുനല്‍കുന്നത് എന്തിനാണ് ?" -യുക്രെയ്ന്‍ പ്രസിഡന്റ് ചോദിച്ചു. റഷ്യയിലെ ആയുധക്ഷാമം യുദ്ധത്തിൽ പ്രകടമാവാൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളിൽ റഷ്യ ഷെല്ലാക്രമണങ്ങൾ കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
പുടിനെതിരെ യുക്രെയ്ൻ വധശ്രമം നടത്തി എന്ന ആരോപണം സെലന്‍സ്കി ആവര്‍ത്തിച്ച് നിഷേധിച്ചു. പുടിന്റെ അനുയായികള്‍ പോലും ഇക്കാര്യം വിശ്വസിച്ചില്ല, ആരോപണം വ്യാജമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു.
2024ലെ യുഎസ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ പരാജയപ്പെട്ടാൽ അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടുമെന്ന ഭയമില്ലസെലന്സ്കി
2024 ലെ യുഎസ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ പരാജയപ്പെട്ടാൽ അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടുമെന്ന ഭയം യുക്രെയ്നില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നു. യുഎസ് കോൺഗ്രസിൽ ഇപ്പോഴും യുക്രെയ്നെ പിന്തുണയ്ക്കുന്നവരുണ്ട്. അതിലുപരി അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുക്രെയ്ന്‍ വിജയിക്കുമെന്നാണ് വിലയിരുത്തലെന്നും സെലൻസ്കി പറയുന്നു.
ബഖ്മുത്തിനടുത്തുള്ള റഷ്യന്‍ നിയന്ത്രിത പ്രദേശം യുക്രെയ്ൻ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.