Year O Graph 2023

ജോഷിമഠിൽ തുടങ്ങി സില്‍ക്യാരവരെ; പ്രത്യാശയുടെയും അതിജീവനത്തിന്റെയും 2023

സിൽക്യാരയിൽ നിന്നുള്ള ആശ്വാസത്തിന്റെ വാർത്ത പുതുവർഷത്തിലേക്കുള്ള പ്രതീക്ഷയാണ്

വെബ് ഡെസ്ക്

2023 അവസാനിക്കുമ്പോൾ ഓർത്തുവയ്‌ക്കേണ്ടതും, പാഠമുൾക്കൊള്ളേണ്ടതുമായ പ്രധാനപ്പെട്ട കാര്യമാണ് ഈ ഒരു വർഷത്തിനുള്ളിൽ നമ്മൾ അതിജീവിച്ച മനുഷ്യനിർമിത ദുരന്തങ്ങൾ. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ തുടങ്ങി സില്‍ക്യാരവരെ നമ്മൾ സ്വയം വരുത്തിവച്ചതും അതിജീവിച്ചതുമായ ദുരന്തങ്ങളിലേക്ക് ഒന്ന് കൂടി തിരിഞ്ഞു നോക്കാം.

ജോഷിമഠ്: ഇടിഞ്ഞു താണുപോയ ഒരു ജനത

2023 പിറക്കുന്നതുതന്നെ ഇരുപത്തിയയ്യായിരത്തോളം ജനങ്ങൾ ജീവിക്കുന്ന ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിലെ ജനങ്ങളുടെ പ്രതിഷേധച്ചൂടിലാണ്. ഒരു പ്രദേശം മുഴുവനും ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴാൻ തുടങ്ങിയ സമയം. 2022 അവസാനിച്ചത് പൊതുവിൽ ശാന്തമായിട്ടാണെങ്കിലും ഇന്ത്യയിലെ വടക്കേ അറ്റത്തെ ഒരു സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടായിരുന്നു. ജോഷിമഠിൽ അന്ന് നടത്തിയ ധർണകളോ പ്രതിഷേധമോ ആരുടേയും കണ്ണിൽപെട്ടിട്ടുണ്ടായിരുന്നില്ല.

ജോഷിമഠിൽ ഇടിഞ്ഞ വീടുകൾ

ഹിമാലയൻ പർവതങ്ങളുടെ ചെരുവിലുള്ള, പ്രധാന തീർഥാടനകേന്ദ്രംകൂടിയായ ഈ സ്ഥലം എന്നെങ്കിലും ഇടിഞ്ഞു താഴും എന്ന് ജനങ്ങൾക്കും സർക്കാരുകൾക്കും അറിയാമായിരുന്നു. എന്നാൽ ആവശ്യമായ ഒരു മുൻകരുതലും അവർ സ്വീകരിച്ചില്ല. 2.5 സ്‌ക്വയർ കിലോമീറ്റർ മാത്രം പരന്നു കിടക്കുന്ന ജോഷിമഠിൽ ഏകദേശം 3,900 വീടുകളും 400ഓളം കച്ചവട സ്ഥാപനങ്ങളുമുണ്ടെന്നാണ് കണക്കാക്കുന്നത്.

എഴുന്നൂറിലധികം വീടുകളിലും റോഡുകളിലും വിള്ളലുകൾ വീണിട്ടും അതൊരു മുന്നറിയിപ്പായി അധികൃതർ കണ്ടില്ല. ദുരന്തത്തിലേക്കെത്തുന്നതിനു മുമ്പുള്ള 14 മാസങ്ങളിലും ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ കാണാനുണ്ടായിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ അധികാരികൾ എടുത്തില്ല. 2021 നവംബറിലാണ് ആദ്യമായി ജോഷിമഠിൽ മണ്ണിടിച്ചിലിന്റെയും ഭൂമി ഇടിഞ്ഞു താഴുന്നതിന്റെയും സൂചന ലഭിക്കുന്നത്. അന്ന്തന്നെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ 2023 ജനുവരിയായതോടെ 200ഓളം പേരെ അവിടെ നിന്നും മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഇത് നേരിട്ട് ബാധിക്കാത്തവർ പോലും ഭയത്തിലായിരുന്നു ജീവിച്ചത്. എൻടിപിസിയുടെ ഭൂമിയിൽ നിർമിച്ച ഹൈഡ്രോ ഇലക്ട്രിക്ക് പ്ലാന്റ് ആണ് ഈ മണ്ണിടിച്ചിലിൽ കേന്ദ്രബിന്ദുവായി കണക്കാക്കപ്പെട്ടത്.

പ്രതീക്ഷ നൽകിയ ഓപ്പേറഷൻ ഹോപ്പ്

ജോഷിമഠിലെ ദുരന്തത്തിൽ തുടങ്ങുകയാണെങ്കിൽകൂടി ഈ വർഷം ആശ്വസിക്കാൻ, കൊളംബിയയിൽ നടന്ന ഒരു രക്ഷാദൗത്യമുണ്ടായിരുന്നു. പ്രതീക്ഷ നിറഞ്ഞ ഒരു ദൗത്യം. ഓപ്പറേഷൻ ഹോപ്പ്. ആമസോൺ കാടുകളിൽ കുടുങ്ങിയ നാല് കുട്ടികളെ രക്ഷിക്കാനുള്ള രക്ഷാ ദൗത്യത്തിന്റെ പേര് അങ്ങനെയായിരുന്നു. 13, 9, 4 വയസുകളുള്ള കുട്ടികളെയും 12 മാസം മാത്രം പ്രായമുള്ള ഒരു കൈക്കുഞ്ഞിനെയുമാണ് ആമസോൺ കാടുകളിൽ വിമാനം തകർന്നു വീണ് കാണാതായത്.

2023 മെയ് ഒന്നിന് വിമാനം തകർന്നതിനെതുടർന്ന് കാണാതായ കുട്ടികൾ ജീവനോടെയുണ്ടെന്ന് പിന്നീട് രക്ഷാപ്രവർത്തകർ അറിയിക്കുകയായിരുന്നു. കൊളംബിയൻ അതിർത്തിക്കുള്ളിലുള്ള ആമസോൺ കാടുകളിലാണ് കുട്ടികളെ കാണാതായത്. കൊളംബിയൻ പ്രസിഡന്റ് ഗസ്താവോ പെട്രോയെയാണ് ആദ്യം രക്ഷാപ്രവർത്തകർ വിവരം അറിയിച്ചത്. നാല്പത് ദിവസത്തെ അക്ഷീണ പരിശ്രമങ്ങൾക്കൊടുവിലാണ് അവസാനം കുട്ടികളെ കണ്ടെത്തുന്നത്. "കുട്ടികളെ കണ്ടെത്തിയത് രാജ്യത്തിനാകെ സന്തോഷം നൽകുന്ന കാര്യമാണെന്ന്" കൊളംബിയൻ പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിക്കുമ്പോഴാണ് കുട്ടികളെ തിരിച്ചു കിട്ടി എന്ന് ലോകം മുഴുവൻ തിരിച്ചറിയുന്നത്.

ആമസോണിലെ രക്ഷാപ്രവർത്തനം

സാൻ ജോസ് ഡെൽ ഗുവാവിയാരെയിലേക്ക് യാത്ര തിരിച്ച സെസ്ന 206 വിമാനമാണ് തകരാറുമൂലം ആമസോൺ കാടുകളിൽ പതിച്ചത്. കുട്ടികളുടെ അമ്മയും, വിമാനത്തിന്റെ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. എന്നാൽ ഈ കുട്ടികൾ ദുരന്തത്തെ അതിജീവിച്ചുവെന്നും, സഹായംതേടി അവിടെ നിന്നു പലഭാഗത്തേക്കായി സഞ്ചരിച്ചിട്ടുണ്ടാകുമെന്നുമുള്ള വിലയിരുത്തലിലാണ് തിരച്ചിൽ ആരംഭിക്കുന്നത്. 160 സൈനികരുടെയും 70 പ്രദേശവാസികളുടെയും തിരച്ചിലുകൾക്കൊടുവിലാണ് കുട്ടികളെ കണ്ടെത്തുന്നത്.

സംഭവം നടന്ന സ്ഥലം പാമ്പുകളുടെയും പുലികളുടെയും വിഹാരകേന്ദ്രമാണെന്നുള്ളതു പേടി വർധിപ്പിച്ചിരുന്നെങ്കിലും, കൂടുതൽ സങ്കീർണമായ തിരച്ചിലിൽ സൈന്യവും ജനങ്ങളും വിജയിച്ചു. കുട്ടികൾക്ക് നിർദേശം നൽകുന്ന പതിനായിരത്തിലധികം ലഘുലേഖകൾ കാട്ടിൽ പലയിടങ്ങളിലായി ആകാശമാർഗം നിക്ഷേപിച്ചിരുന്നു. ജീവൻ നിലനിർത്തനാവശ്യമായ ഭക്ഷണസാധനങ്ങളും, വെള്ളവും ഹെലികോപ്റ്റർ ഉപയോഗിച്ച് കാടിന്റെ പല സ്ഥലങ്ങളിൽ എത്തിച്ചു. എങ്ങനെ മുന്നോട്ട് സഞ്ചരിക്കണം എന്ന് കുട്ടികളുടെ മുത്തശ്ശിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ശബ്ദശകലം കാടിനുള്ളിൽ കേൾപ്പിക്കുകയും ചെയ്തു. ഒടുക്കം നാല്പതു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടികൾ പുറത്തെത്തി.

ചോരയൊഴുകിയ ബാലസോറിലെ റെയിൽ പാളങ്ങൾ

ഈ വർഷം രാജ്യം നടുങ്ങിയ ദുരന്തം ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടമാണ്. ഏകദേശം, മുന്നൂറോളം പേര് മരിച്ചതായും 1200ഓളം പേർക്ക് പരിക്കേറ്റതായും കണക്കാക്കുന്ന ദുരന്തത്തിൽ കൃത്യമായ മരണസംഖ്യ ഇപ്പോഴും ലഭ്യമല്ല എന്നതാണ് യാഥാർഥ്യം. രാജ്യം ദിവസങ്ങളോളം ഞെട്ടൽ മാറാതെ നിന്ന സംഭവമായിരുന്നു ബാലസോർ ട്രെയിൻ ദുരന്തം.

നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് സിഗ്നൽ തെറ്റി വന്ന കോറമാന്റൽ എക്സ്പ്രസ് ഇടിച്ചുകയറിയതാണ് അപകടത്തിന്റെ തുടക്കം. ഇടിച്ച കൊറമാന്റൽ എക്സ്പ്രസ്സിന്റെ ബോഗികൾ തെറിച്ച് അപ്പുറത്തുള്ള ട്രാക്കിൽ വീഴുകയായിരുന്നു. ആ ട്രാക്കിലൂടെ അപ്പോൾ വന്ന യശ്വന്തപുരത്ത് നിന്നും ഹൗറയിലേക്ക് പോകുന്ന ട്രെയിൻ ഈ ബോഗികളിൽ ഇടിച്ച് കയറി അടുത്ത അപകടവും ഉണ്ടാകുന്നു. ഇങ്ങനെ രണ്ടു തവണയായി മൂന്നു ട്രെയിനുകൾ തമ്മിലിടിച്ചാണ് ഇത്രയും വലിയ അപകടമുണ്ടാകുന്നത്. ബാലസോറിനടുത്തുള്ള ബഹനഗാ ബസാറിലാണ് അപകടമുണ്ടായത്. രാജ്യത്ത് നടന്നതിൽ വച്ച് ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നാണ് ബാലസോർ.

ബാലസോർ ട്രെയിൻ ദുരന്തം

22 പേരെ കൊന്ന താനൂർ ബോട്ടപകടം

മലപ്പുറം താനൂരിലെ തൂവൽ തീരത്തിനടുത്ത് 2023 മെയ് മാസത്തിലാണ് രാജ്യത്തെ നടുക്കിയ താനൂർ ബോട്ടപകടം നടക്കുന്നത്. 22 പേർ മരിച്ചു. അതിൽ ഏഴുപേരും കുട്ടികളായിരുന്നു. മരിച്ച എല്ലാവരുടെയും കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴുമണിക്കാണ് അപകടം നടക്കുന്നത്. വൈകിട്ട് ആറിനുശേഷം ടൂറിസ്റ്റ് ബോട്ടുകൾ സർവീസ് നടത്താമോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ സംഭവസമയത്ത് ഉയർന്നിരുന്നു.

30 മുതൽ 40 വരെ ആളുകൾ ഒരു സമയത്ത് ബോട്ടിലുണ്ടായിരുന്നു എന്നതാണ് അപകടത്തിന്റെ പ്രധാന കാരണമായി കണക്കാക്കിയിരുന്നത്. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകൾ ആ സമയത്ത് ബോട്ടത്തിലുണ്ടായിരുന്നു എന്നത് വ്യക്തമായിരുന്നു. ഈ അപകടത്തിൽപ്പെട്ട ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്ന റിപ്പോർട്ടുകളും അപ്പോൾ പുറത്തുവന്നിരുന്നു. നേരത്തെ മത്സ്യബന്ധനത്തിനുപയോഗിച്ചിരുന്ന ബോട്ട് പിന്നീട് വിനോദ സഞ്ചാരത്തിന് വേണ്ടി ഉപയോഗിച്ചതാണെന്നും ആക്ഷേപമുണ്ടായിരുന്നു.

താനൂർ ബോട്ടപകടം

കുമരകത്ത് 2002ൽ മുഹമ്മയിൽ നിന്നും കുമരകത്തേക്ക് പോയ ബോട്ട് അപകടത്തിൽ പെട്ട് 29 പേർ മരിച്ചപ്പോഴും, തട്ടേക്കാട് വിനോദയാത്രയ്ക്കുവന്ന അധ്യാപകരും വിദ്യാർഥികളും മരിച്ച സമയത്തും, തേക്കടിയിലും മട്ടാഞ്ചേരിയിലും ബോട്ടപകടമുണ്ടായപ്പോഴും, വിദഗ്ധ സമിതികൾ ആവർത്തിച്ച് ഓർമിപ്പിച്ചതും, താക്കീത് നൽകിയതുമായ കാര്യമാണ്, ബോട്ടുകളിൽ അനുവദിനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല എന്നത്. എന്നാൽ ആ നിർദേശങ്ങളും ശിപാർശകളും നിരന്തരം കാറ്റിൽ പറത്തി ആളെ നിറച്ച് ബോട്ടുകൾ വീണ്ടും സർവീസ് നടത്തിയതിന് ഈ വർഷം നടന്ന താനൂരിലെ അപകടത്തെക്കാൾ വലിയ ഉദാഹരണമില്ല. ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണം, ജലഗതാഗതത്തിനു സുരക്ഷാ കമ്മീഷണറെ നിയമിക്കണം എന്നതുൾപ്പടെയുള്ള പലപ്പോഴായി നിയമിക്കപ്പെട്ട കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ ഇപ്പോഴും ഉറപ്പുവരുത്തൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.

ആശ്വാസത്തിലേക്ക് തുറന്ന സിൽക്യാര തുരങ്കം

ഈ വർഷം ഏറ്റവും ഒടുവിൽ കേട്ട ഒരു ദുരന്ത വാർത്ത ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ നിന്നാണ്. നിർമാണപ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന 41 തൊഴിലാളികൾ മണ്ണിടിച്ചിൽ കാരണം സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയെന്ന വാർത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. പതിനേഴ് ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് തൊഴിലാളികളെ രക്ഷപ്പെടുത്തുന്നത്. 2023 നവംബർ 12നാണ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങുന്നത്. ആദ്യ മണിക്കൂറുകൾ അതിജീവിക്കുകയായിരുന്നു ഏറ്റവും ദുഷ്കരമായ കാര്യമെന്ന് പുറത്തെത്തിയ തഴിലാളികൾ പറയുന്നു.

വെള്ളവും ഭക്ഷണവും പൈപ്പ് വഴിയാണ് തുരങ്കത്തിനുള്ളിലേക്കെത്തിച്ചിരുന്നത്. പതിനേഴ് ദിവസങ്ങൾ അവർ തുരങ്കത്തിനുള്ളിൽ കഴിച്ചുകൂട്ടിയെങ്കിലും കൃത്യമായി പുറത്തുള്ള രക്ഷാപ്രവർത്തകരുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്താൻ സാധിച്ചിരുന്നു എന്നതും രക്ഷാപ്രവർത്തനത്തിൽ നമ്മൾ കൈവരിച്ച നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. പതിനേഴു ദിവസം നീണ്ടുനിന്ന രക്ഷാ പ്രവർത്തനം പലതവണ പകുതിയിൽ നിന്ന്പോയിരുന്നു. ഏറ്റവുമൊടുവിൽ സമാന്തരമായി തുരക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം തകരാറിലായതിനെ തുടർന്ന് തൊഴിലാളികൾ യന്ത്രസഹായമില്ലാതെ രക്ഷാപ്രവർത്തനം പൂർത്തിയാക്കുകയായിരുന്നു.

സിൽക്യാര തുരങ്കം

നിരവധി ആശങ്കകളും, ദുരന്തങ്ങളും ഒരു സമൂഹം എന്ന നിലയിൽ നമ്മളെ ഉലച്ചുകളഞ്ഞെങ്കിലും, അതിനെയെല്ലാം ആത്മധൈര്യത്തോടെ മറികടന്നാണ് ഈ വർഷത്തിന്റെ അവസാനത്തിലേക്കു വരുന്നത്. ഈ കാലത്ത് ബാലസോറിൽ നടന്നതുപോലെ ഒരു ട്രെയിൻ അപകടം നമ്മൾ പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ച് അത് ഉദ്യോഗസ്ഥ തലത്തിലുള്ള വലിയ വീഴ്ചയാണ് എന്നതുകൊണ്ട്. സമാനമായ ഉദാഹരണമാണ് താനൂർ ബോട്ടപകടം. നമ്മള്‍ മുന്നിലേക്ക് തന്നെയാണോ സഞ്ചരിക്കുന്നത് എന്ന ചോദ്യം ഒറ്റയടിക്ക് ഉത്തരം നല്കാൻ സാധിക്കാത്ത ചോദ്യമായി തന്നെ അവശേഷിക്കും. എങ്കിൽകൂടി സിൽക്യാരയിൽ നിന്നുള്ള ആശ്വാസത്തിന്റെ വാർത്ത പുതുവർഷത്തിലേക്കുള്ള പ്രതീക്ഷയായി പരിഗണിക്കാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ