കുറെയേറെ അടയാളപ്പെടുത്തലുകളുമായാണ് ഓരോ വർഷവും കടന്നുപോകാറ്. പ്രാദേശിക- ദേശീയ- അന്താരാഷ്ട്രീയ തലങ്ങളിൽ എന്തെങ്കിലുമൊരു സവിശേഷത അതാത് വർഷങ്ങൾക്കുണ്ടാകും. അങ്ങനെ പരിശോധിക്കുമ്പോൾ യുദ്ധങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും സൈനിക അട്ടിമറികളുടെയും വർഷമാണ് 2023. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ തുടർച്ചയും സുഡാനിലെ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ആഫ്രിക്കൻ രാജ്യങ്ങളായ നൈജറിലും ഗബോണിലുമുണ്ടായ അട്ടിമറി, ഏറ്റവുമൊടുവിൽ ഗാസയിലെ ഇനിയും അവസാനിക്കാത്ത വംശഹത്യ വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു.
ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയാണ് ഈ വർഷം കടന്നുപോകുമ്പോഴുള്ള ഏറ്റവും വലിയ നീറുന്ന വേദനയായി ലോകമനസാക്ഷിക്ക് മുൻപിലുള്ളത്. ഇസ്രയേലിന്റെ അധിനിവേശത്തിൽ കഴിഞ്ഞിരുന്ന ഗാസയിലെ പലസ്തീൻ വിമോചന സംഘടന ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ വംശഹത്യ തുടങ്ങുന്നത്. അതിനുശേഷം ലോകം കണ്ടത് സമാനതകളില്ലാത്ത ഇസ്രയേലിന്റെ മനുഷ്യത്വവിരുദ്ധ ചെയ്തികളായിരുന്നു.
ഗാസയിലെ കൂട്ടക്കൊല
23 ലക്ഷം പേർ തിങ്ങിക്കഴിയുന്ന ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ മുനമ്പിലേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും വൈദ്യ സഹായങ്ങളുമൊക്കെ തടഞ്ഞുകൊണ്ടായിരുന്നു ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണം. ഇരുപതിനായിരത്തിലധികം പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്. അതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 19 ലക്ഷം പേരാണ് ആഭ്യന്തര പലായനത്തിന് വിധേയരായത്. ഇതിനിടെ ആകെ ഏഴുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച ദിവസങ്ങളിലായിരുന്നു ഗാസൻ ജനത തെരുവിലെങ്കിലും സമാധാനത്തോടെ ഉറങ്ങിയത്. ഐക്യരാഷ്ട്ര സഭയുടെ സന്നദ്ധ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമെല്ലാം നിർദാക്ഷണ്യം ഇസ്രയേൽ കൊന്നുതള്ളിയെന്നാണ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ.
പട്ടാള അട്ടിമറികളുടെ തുടർക്കഥകള്‍
ആഫ്രിക്കൻ രാജ്യങ്ങളിൽ 2020 മുതൽ നടന്നുവന്നിരുന്ന സൈനിക അട്ടിമറിയുടെ തുടർച്ചയായിരുന്നു ഈ വർഷവും ലോകം കണ്ടത്. മധ്യാഫ്രിക്കൻ രാജ്യമായ ഗബോണിലായിരുന്നു ഏറ്റവുമൊടുവിൽ അട്ടിമറി നടന്നത്. 2020ന് ശേഷം മധ്യ- പടിഞ്ഞാറൻ ആഫ്രിക്കയിൽ നടക്കുന്ന എട്ടാമത്തെ പട്ടാള അട്ടിമറിയായിരുന്നു ഗബോണിലേത്. തിരഞ്ഞെടുപ്പ് പ്രക്രിയ വിശ്വാസയോഗ്യമല്ലെന്നും ഗബോണീസ് ജനതയുടെ ആഗ്രഹമാണ് തങ്ങൾ നടപ്പാക്കുന്നതെന്നും ഓഗസ്റ്റ് മുപ്പതിന് ടെലിവിഷനിലൂടെ സൈന്യം പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അലി ബോംഗോയെ പിടിച്ചുവച്ച് 56 വർഷം നീണ്ടുനിന്ന ബോംഗോ കുടുംബത്തിന്റെ ഭരണവും സൈന്യം അവസാനിപ്പിച്ചിരുന്നു.
ഗബോണിലെ അട്ടിമറിക്ക് ഒരുമാസം മുൻപായിരുന്നു നൈജറിൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തത്. ജൂലൈ 26നായിരുന്നു അട്ടിമറി. പിന്നാലെ നൈജറിന്റെ തലവനായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനിയും രംഗത്തെത്തിയിരുന്നു. യൂറേനിയത്തിന്റെയും എണ്ണയുടെയും വ്യാപാരത്തിലും ഇസ്ലാമിക തീവ്രവാദത്തിനെതിരായ യുദ്ധത്തിലും ഫ്രാൻസ്, യൂറോപ്പ്, അമേരിക്ക, റഷ്യ, ചൈന എന്നിവർക്കൊപ്പം നിർണായക പങ്കു വഹിക്കുന്ന രാജ്യം കൂടിയായിരുന്നു നൈജർ. അതുകൊണ്ടുതന്നെ അട്ടിമറിക്ക് എതിരായി വലിയ എതിർപ്പ് പാശ്ചാത്യ രാജ്യങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ സഹേൽ മേഖലയിലെ തീവ്രവാദം അവസാനിപ്പിക്കണമെന്ന പേരിൽ അമേരിക്ക ഉൾപ്പെടെ നടത്തുന്ന കടന്നുകയറ്റത്തെ ചെറുക്കുകയാണ് സൈന്യം ചെയ്തതെന്ന വാദവും നിലവിലുണ്ട്.
സുഡാനിലെ ആഭ്യന്തര കലാപം
ഈ രാജ്യങ്ങളിലെല്ലാം പട്ടാള അട്ടിമറിയായിരുന്നെങ്കിൽ സുഡാനിൽ രണ്ട് സൈനിക വിഭാഗങ്ങൾ തമ്മിലുള്ള അധികാര തർക്കമായിരുന്നു ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കിയത്. ഏപ്രിൽ 15നാണ് സുഡാൻ സായുധ സേനയും (എസ്എഎഫ്) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. എട്ടുമാസം പിന്നിടുമ്പോൾ 67 ലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമോ അല്ലാത്തതോ ആയ പലായനത്തിന് വിധേയമായിട്ടുണ്ട്.
2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് ശേഷം ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ ചുവടുമാറ്റത്തിന് ഇടയിലാണ് സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും ആർ എസ് എഫ് കമാൻഡറായ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കുന്നത്. ആർ എസ് എഫിനെ സുഡാൻ സായുധ സേനയുടെ കീഴിൽ കൊണ്ടുവരാനുള്ള നീക്കമായിരുന്നു സംഘർഷത്തിന് പ്രധാന കാരണങ്ങളിലൊന്ന്. പതിനായിരത്തിലധികം പേരാണ് സൈന്യത്തിന്റെ തമ്മിലടിയിൽ കൊല്ലപ്പെട്ടത്.
ഒറ്റപ്പെടുന്ന യുക്രെയ്ൻ
യുക്രെയ്നിനും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിക്കും പൂർണപിന്തുണ നൽകിയിരുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടുകളില്‍ മാറ്റങ്ങൾ കണ്ടുതുടങ്ങിയ വർഷമാണ് കടന്നുപോകുന്നത്. യുക്രെയ്‌നുള്ള പിന്തുണ ഉറപ്പുവരുത്താന്‍ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും സെലൻസ്കി അടുത്തിടെ പര്യടനം നടത്തിയിരുന്നു.
റഷ്യക്കാരുമായി ചർച്ച ആരംഭിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും യുക്രെയ്നെ പ്രേരിപ്പിക്കുന്നതായി നവംബറിൽ യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം യുക്രെയ്ന് 50 ബില്യൺ ഡോളർ സുരക്ഷാ സഹായം നൽകാനുള്ള ബൈഡൻ സർക്കാരിന്റെ നീക്കത്തെ റിപ്പബ്ലിക്കൻ പാർട്ടി തടയുകയും ചെയ്തിരുന്നു. അമേരിക്കയുടെ യുക്രെയ്‌ൻ പിന്തുണയിലെ വിള്ളലിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. സെലെൻസ്‌കിയുടെ അമേരിക്ക സന്ദർശനത്തിനിടെ ബൈഡന്‍ നല്‍കിയ ഉറപ്പിലും അത്ര ദൃഢത പോരെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എത്ര സമയമെടുത്താലും അമേരിക്കയുടെ പിന്തുണ യുക്രെയ്നുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്ന ജോ ബൈഡൻ നിലവില്‍, "കഴിയുന്നിടത്തോളം" എന്ന് വാക്ക് മാറ്റിയതും ഈ വാദത്തെ ബലപ്പെടുത്തുന്നു.
മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, കവചിത വാഹനങ്ങൾ, ഇടത്തരം- ദീർഘദൂര റോക്കറ്റുകൾ, ലേപാർഡ് ഉൾപ്പെടെയുള്ള യുദ്ധ ടാങ്കുകൾ, പീരങ്കി ഷെല്ലുകൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെ പാശ്ചാത്യ സഖ്യകക്ഷികൾ നല്‍കിയ വിപുലമായ ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്ന്‍ ജൂണിൽ പ്രത്യാക്രമണം ആരംഭിച്ചിരുന്നു. എന്നാല്‍ ആറ് മാസം പിന്നിടുമ്പോഴും വലിയ മുന്നേറ്റമുണ്ടാക്കാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, റഷ്യയുടെ അവരുടെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.