ഏപ്രിൽ 1 മുതൽ വില കൂടുന്ന കാറുകൾ

വെബ് ഡെസ്ക്

ഇന്ത്യയിലെ ഏതെങ്കിലും വാഹന നിർമാതാക്കളിൽ നിന്ന് ഒരു കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പ്ലാനുണ്ടോ? എങ്കിൽ ഏപ്രില്‍ 1-ന് മുൻപ് വാങ്ങുന്നതാണ് നല്ലത്

പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോർസ്, മാരുതി സുസുക്കി, ഹോണ്ട എന്നിവ വാഹനങ്ങളുടെ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു

മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായും പണപ്പെരുപ്പവും കണക്കിലെടുത്താണ് മിക്ക് കമ്പനികളും വില വർധിപ്പിക്കുന്നത്. ഇന്ധനക്ഷമത വർധിപ്പിക്കാൻ BS 6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് മാറേണ്ടതുണ്ട്. പുതിയ എമിഷന്‍ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്ന് മുതലാണ് നിലവിൽ വരുന്നത്

വാഹനങ്ങളുടെ മോഡലുകള്‍ ആശ്രയിച്ചായിരിക്കും വിലവര്‍ധനവ് ഉണ്ടാകുക. 15,000 രൂപ മുതല്‍ 20,000 രൂപയുടെ വരെ വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് വിവരം

വിലവർധന ഉണ്ടാകുന്ന കാറുകളും ബൈക്കുകളും ഏതൊക്കെയെന്ന് നോക്കാം

മാരുതി സുസുക്കി

മലിനീകരണ ചട്ടങ്ങളുടെ ഭാഗമായുള്ള പരിഷ്‌കരണം, പണപ്പെരുപ്പം എന്നിവ കണക്കിലെടുത്താണ് മാരുതി സുസുക്കി വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നത്. ഏപ്രിലില്‍ 1.3 ശതമാനം വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ജനുവരിയില്‍ 1.1 ശതമാനവും മാരുതി വര്‍ധിപ്പിച്ചിരുന്നു

ടാറ്റ മോട്ടോഴ്‌സ്

എല്ലാ വാണിജ്യ വാഹനങ്ങൾക്കും ടാറ്റ മോട്ടോഴ്‌സ് 5 ശതമാനം വില വർധിപ്പിക്കുമെന്നാണ് വിവരം. ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങളും വർദ്ധിച്ചുവരുന്ന ചെലവുകളും കണക്കിലെടുത്താണ് വർധന എന്നാണ് സൂചന. പഴയ വാഹനങ്ങളുടെ വിൽപന മാർച്ച് 31 വരെ മാത്രമേ ഉണ്ടാകൂ

ഹോണ്ട കാർസ്

എമിഷൻ മാനദണ്ഡങ്ങൾ കാരണം ഉത്പ്പാദനചെലവ് വർദ്ധിക്കുന്നതിനാൽ ഏപ്രിൽ 1 മുതൽ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു. 12,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. മോഡലുകളുടെ വ്യത്യസ്തതയ്ക്കനുസരിച്ച് തുകയില്‍ മാറ്റമുണ്ടാകും

ഫോക്‌സ്‌വേഗൻ

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വേഗൻ ഇന്ത്യയും തങ്ങളുടെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ടൈഗൂൺ, വെർട്ടിസ്, ടിഗുവാൻ എന്നിവയുടെ വില രണ്ട് ശതമാനം വരെ ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോഡലും വേരിയന്റും അനുസരിച്ച് വില വ്യത്യാസപ്പെടും

ഹീറോ മോട്ടോ കോർപ്പ്

ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പും വില വർധിപ്പിച്ചിട്ടുണ്ട്. മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില ഏപ്രില്‍ 1 മുതല്‍ ഏകദേശം രണ്ട് ശതമാനം വര്‍ധിപ്പിക്കും