അറിയാം; വ്യത്യസ്ത ക്രിസ്മസ് ആഘോഷങ്ങള്‍

വെബ് ഡെസ്ക്

ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ നാടെങ്ങും ആഘോഷത്തിലാണ്. ലോകമെമ്പാടും വ്യത്യസ്ത രീതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്

ആചാരങ്ങളെയും വിശ്വാസങ്ങളെയും മുന്‍നിര്‍ത്തിയാണ് ഓരോ സ്ഥലത്തും ക്രിസ്മസ് ആഘോഷിക്കുന്നത്

ജപ്പാന്‍

ക്രിസ്മസ് ടര്‍ക്കിക്ക് പകരം ജപ്പാനില്‍ കെഎഫ്‌സിക്കാണ് പ്രാധാന്യം. ക്രിസ്മസ് സമയങ്ങളില്‍ ജപ്പാനിലെ കെഎഫ്‌സി ഔട്‌ലെറ്റുകളുടെ പുറത്തുള്ള കേണല്‍ സാന്‍ഡേര്‍സ് പ്രതിമകളെ സാന്റാക്ലോസിനെ പോലെ അലങ്കരിക്കാറുണ്ട്

നോര്‍വേ

ക്രിസ്മസ്, ദുരാത്മാക്കളുടെയും മന്ത്രവാദിനികളുടെയും വരവായാണ് നോര്‍വീജിയക്കാര്‍ വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായി അവരുടെ വീടുകളിലെ ചൂലുകള്‍ ഒളിപ്പിച്ചുവയ്ക്കാറുണ്ട്

വെനസ്വേല

ക്രിസ്മസിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ വെനസ്വേലക്കാര്‍ മിസ ഡി അഗ്വിനാല്‍ഡോ എന്ന പേരില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നു. ഈ സമയങ്ങളില്‍ തലസ്ഥാനമായ കരാക്കസില്‍ റോളര്‍ സ്‌കേറ്റ്‌സില്‍ സഞ്ചരിക്കുന്നവരെ കൂടുതലായും കാണാന്‍ സാധിക്കും

സ്വീഡന്‍

യൂള്‍ ആടുകളെ നിര്‍മിച്ചുകൊണ്ടാണ് സ്വീഡനിലുള്ള നഗരങ്ങള്‍ എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷിക്കുന്നത്. 40 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ഈ ആടുകളെ ഉപയോഗിച്ചുള്ള ആഘോഷം 11ാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ചതാണ്

ഗ്വാട്ടിമാല

ക്രിസ്മസിനോടടുപ്പിച്ച് ഗ്വാട്ടിമാലയില്‍ വീടും പരിസരവും വൃത്തിയാക്കാറുണ്ട്. പിശാചും മറ്റ് ദുരാത്മാക്കളും വീടിന്റെ പരിസരങ്ങളില്‍ വസിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ക്രിസ്മസിന് മുമ്പുള്ള ആഴ്ച എല്ലാ സ്ഥലങ്ങളും വൃത്തിയാക്കിയാണ് ഗ്വാട്ടിമാലക്കാര്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്, ബേണിങ് ഓഫ് ദ ഡെവിള്‍ എന്നാണ് ഇതിന്റെ പേര്

യുക്രെയ്ന്‍

അലങ്കാരങ്ങളില്‍ കൃത്രിമ ചിലന്തിവല ഒരുക്കുന്നതാണ് യുക്രെയിനിന്റെ പ്രത്യകത. ഒരു പഴങ്കഥയുടെ ഭാഗമായാണ് യുക്രെയിനിലെ ആളുകള്‍ ഇപ്പോഴും ഈ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്

പോര്‍ച്ചുഗല്‍

പോര്‍ച്ചുഗലിലെ പരമ്പരാഗത ക്രിസ്മസ് വിരുന്നായ കോണ്‍സോഡയുടെ സമയത്ത് മരണപ്പെട്ട കുടുംബങ്ങള്‍ക്കായി ഭക്ഷണം മാറ്റിവയ്ക്കുന്നു. വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നുവെന്ന് വിശ്വസിച്ചാണ് ഇപ്പോഴും ഈ ആചാരം ഉറപ്പാക്കുന്നത്