ലോകമെമ്പാടുമുള്ള രസകരമായ ക്രിസ്മസ് ആഘോഷങ്ങൾ

വെബ് ഡെസ്ക്

ക്രിസ്മസ് ആഘോഷങ്ങളിലാണ് നമ്മളെല്ലാവരും. ലോകം മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ചുരുക്കം ചില ആഘോഷങ്ങളിൽ ഒന്നാണ് ക്രിസ്മസ്. വ്യത്യസ്ത രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും വ്യത്യസ്ത ക്രിസ്മസ് പാരമ്പര്യങ്ങളുണ്ട്

പലയിടങ്ങളിലും പല രൂപത്തിലാണ് ക്രിസ്മസ് ആഘോഷം. കൗതുകമുണർത്തുന്ന പല ആഘോഷരീതികളും ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട്

ജപ്പാൻ

ജപ്പാനിൽ ക്രിസ്മസ് ദേശീയ അവധി ദിവസമല്ല. ജപ്പാനിലെ ആളുകൾ ക്രിസ്മമസ് രാവ് ചെലവഴിക്കുക കെഎഫ്‌സിയോടൊപ്പമാണ്. 1974 ൽ കെഎഫ്‌സി വളരെ വ്യാപകമായി നടത്തിയ മാർക്കറ്റിങ് കാമ്പയ്‌ന്റെ ഭാഗമായി, നാൽപ്പത് വർഷമായി ക്രിസ്മസ് രാവിൽ കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കൻ കഴിക്കുകയെന്നത് ജാപ്പനീസ് ജനതയുടെ ആചാരമായി മാറിയിട്ടുണ്ട്

നോർവേ

ക്രിസ്മസ് രാവിൽ ആളുകൾ തങ്ങളുടെ മോപ്പുകളും ചൂലുകളും മറച്ചുവെക്കുന്ന അസാധാരണമായ പാരമ്പര്യം നോർവേയിൽ നിലനിൽക്കുന്നുണ്ട്. രാത്രിയിൽ മന്ത്രവാദികളും ദുരാത്മാക്കളും സവാരിക്ക് ചൂൽ തേടി വരുമെന്ന വിശ്വാസത്തിൽനിന്നാണ് ഈ ആചാരം ഉടലെടുത്തത്

ഐസ്‌ലാൻഡ്

ക്രിസ്മസ് രാത്രികളിൽ സമ്മാനങ്ങൾ നൽകുന്ന സാന്റക്ക് പകരം യൂൾ ലാഡ്‌സുകൾ കുട്ടികളെ സന്ദർശിക്കും. ക്രിസ്മസിന് മുൻപുള്ള 13 രാവുകളിൽ 13 യൂൾ ലാഡ്‌സുകളാണ് കുട്ടികളെ സന്ദർശിക്കുക. അതുല്യമായ സ്വഭാവ സവിശേഷതകളുള്ള ഈ കഥാപാത്രങ്ങൾ നല്ല കുട്ടികൾക്ക് സമ്മാനങ്ങളും വികൃതി കുട്ടികൾക്ക് ഉരുളക്കിഴങ്ങുകളും നൽകും

ഇറ്റലി

ഇറ്റലിയിൽ ക്രിസ്മസ് രാവുകളിൽ സാന്റക്ക് പകരം കുട്ടികൾ കാത്തിരിക്കുക ലെ ബെഫാന എന്ന മന്ത്രവാദിനിയെയാണ്. നല്ല കുട്ടികൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വികൃതികൾക്ക് കൽക്കരിയോ രുചിയില്ലാത്ത മിട്ടായികളോ ലഭിക്കുമെന്നാണ് വിശ്വാസം

യുക്രെയ്ൻ

അലങ്കാരത്തിനായി ചിലന്തിവലകൾ പോലെ ലൈറ്റുകൾ തൂക്കിയിടുന്നതാണ് യുക്രെയ്നിലെ പാരമ്പര്യം. യുക്രേനിയൻ ക്രിസ്മസ് മരങ്ങളും ഈ ചിലന്തിവല അലങ്കാരങ്ങൾ കാണിക്കുന്നു. ഒരു നാടോടിക്കഥയിൽ നിന്നാണ് ഈ ആചാരത്തിന്റെ തുടക്കം

ഫിൻലൻഡ്‌

അലങ്കാരങ്ങളും കേക്കുകളും കൊണ്ട് അലങ്കരിക്കുന്നതിന് പകരമായി ഫിൻലൻഡിലെ കുടുംബങ്ങൾ ക്രിസ്മസ് രാവിലെ മരണപ്പെട്ട ബന്ധുക്കളെ ആദരിക്കുന്നതിനായി ശ്മശാനങ്ങൾ സന്ദർശിക്കുകയും കല്ലറകളിൽ മെഴുകുതിരികൾ കത്തിക്കുകയും ചെയ്യുന്നു

വെനസ്വേല

ഇവിടുത്തെ പ്രധാന ക്രിസ്മസ് പാരമ്പര്യമാണ് പ്രഭാത കുർബാനയ്ക്ക് റോളർ സ്‌കേറ്റിങ്. കുർബാനകളിൽ പങ്കെടുക്കാനായി റോളർ സ്കേറ്റുകളിലാണ് പോകുക. സ്‌കെട്ടുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ റോഡുകൾ മറ്റ് വാഹങ്ങൾ കടന്നുപോകാതെ അടച്ചിടും