ജെയിംസ് ബോണ്ട് 007 @ 70

വെബ് ഡെസ്ക്

ലോകത്തെമ്പാടും നിരവധി ആരാധകരുള്ള കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ജെയിംസ് ബോണ്ട്. ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടു നിന്നതും ഏറ്റവുമധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയും ഈ കഥാപാത്രത്തെ ആധാരമാക്കിയുള്ളതാണ്.

1953-ൽ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച ജെയിംസ് ബോണ്ടെന്ന കഥാപാത്രത്തിന് 70 വർഷങ്ങൾ പിന്നിടുകയാണ്. ഹോളിവുഡിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ബോണ്ട്.

ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയുമായ ജെയിംസ് ബോണ്ട് കേന്ദ്രകഥാപാത്രമായി 12 നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും ഇയോൺ പ്രൊഡക്ഷൻസ് വഴി 25 സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.

കൂടാതെ അമേരിക്കൻ ടെലിവിഷൻ സീരീസുകൾ, റേഡിയോ നാടകങ്ങൾ, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നിവയിലും ജെയിംസ് ബോണ്ടിനെ പിന്നീട് കണ്ടു.

ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവൻ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികൾ തകർക്കുന്ന ജെയിംസ് ബോണ്ടിന്റെ സാഹസിക കഥകൾക്ക് ആരാധകർ ഏറെയാണ്.

1962 ൽ പുറത്തിറങ്ങിയ ഡോ. നോ ആണ് ആദ്യ ചിത്രം. 2021 ൽ പുറത്തിറങ്ങിയ ; 'നോ ടൈം ടു ഡൈ' ആണ് സീരിസിലെ അവസാന ചിത്രം.

ഫ്രം റഷ്യ വിത്ത് ലവ്, ഗോൾഡൻ ഐ, എ വ്യൂ ടു കിൽ, ലിവ് ആൻഡ് ലെറ്റ് ഡൈ, ഫോർ യുവർ ഐസ് ഒൺലി തുടങ്ങി നിരവധി മികച്ച ചിത്രങ്ങളും പരമ്പരയിൽ ഉൾപ്പെട്ടിട്ടുണ്ട്.

സിനിമകളിൽ ബോണ്ടിനെ അവതരിപ്പിക്കുന്ന പ്രമുഖ ഹോളിവുഡ് നടന്മാരും ബോണ്ട് ഗേൾസും ബോണ്ട് കാറുമെല്ലാം ബോണ്ട് ചിത്രങ്ങളുടെ പ്രേക്ഷക പ്രീതി ഉയർത്തി.

ത്രില്ലടിപ്പിക്കുന്ന ഗാനങ്ങൾക്ക് മൂന്ന് തവണയുൾപ്പെടെ ആറ് ഓസ്കാർ പുരസ്‌കാരങ്ങൾ വിവിധ ജെയിംസ് ബോണ്ട് ചിത്രങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

അടുത്ത ബോണ്ട് ചിത്രം ഉടൻ വരുമെന്നാണ് ഇയോൺ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്. അതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.