58 ന്റെ ചെറുപ്പത്തില്‍ ആമിർ ഖാന്‍

വെബ് ഡെസ്ക്

ബോളിവുഡ് നടൻ ആമിർ ഖാന് ഇന്ന് 58-ാം ജന്മദിനം. നടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവുമായ അദ്ദേഹം പിന്നണി ​ഗായകനായും തന്റെ കഴിവ് തെളിയിച്ചു

1994ൽ പുറത്തിറങ്ങിയ അന്താസ് അപ്നാ അപ്നാ എന്ന ചിത്രം ബോളിവുഡിലെ ഏറ്റവും മികച്ച ഹാസ്യചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അമർ എന്ന കഥാപാത്രമായാണ് താരം ഇതിൽ എത്തിയത്. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനും ചിത്രത്തിലൂടെ ആമിർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

2001ൽ അശുതോഷ് ഗൌരിക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലഗാൻ എന്ന ചിത്രമായിരുന്നു ആമിർ ഖാന്‍ ആദ്യമായി നിർമിച്ചത്. ചിത്രത്തിന് ആ വർഷത്തെ മികച്ച സിനിമക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച ലഗാൻ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.

2016 ഡിസംബറിൽ പുറത്തിറങ്ങിയ ദംഗൽ എന്ന ചിത്രവും ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. നിതേശ് തിവാരിയാണ് ദംഗലിന്റെ സംവിധായകൻ. തന്റെ പെണ്മക്കളെ ഗുസ്തി താരങ്ങളാക്കാന്‍ ശ്രമിക്കുന്ന മഹാവീർ സിംഗ് ഫോഗട്ട് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആമിർ എത്തിയത്. 70 കോടി ബജറ്റിൽ നിർമിച്ച ചിത്രം 2027 കോടി നേടി റെക്കോർഡും ഇട്ടിരുന്നു.

1995 ൽ രാം ഗോപാൽ വർമ്മ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച് പുറത്തെത്തിയ റൊമാന്റിക് കോമഡി ചിത്രമായ രംഗീല താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ഊർമിള മടോണ്ട്കർ , ആമിർ ഖാൻ , ജാക്കി ഷ്രോഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എആർ റഹ്മാന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്.

1998 ൽ വിക്രം ഭട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗുലാമിലൂടെയാണ് ആമിർ പിന്നണി ​ഗായകനാകുന്നത്. ആത്തീ ക്യാ ഖണ്ടാല എന്ന ​ഗാനമാണ് ചിത്രത്തിനായി താരം പാടിയത്. . മേളയിലെ ദേഖോ 2000 സമാനാ ആഗയ എന്ന ​ഗാനവും മംഗളിലെ പാണ്ടെ ഹോളി രേയും ഫനായിലെ ചന്ദാ ചംകേ & മേരെ ഹാത് മേം എന്ന ​ഗാനവും താരം പാടിയിട്ടുണ്ട്.

2007ൽ പുറത്ത് വന്ന താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാന മികവും ആമിർ തെളിയിച്ചു. ചിത്രത്തിന് മികച്ച സംവിധായകനുളള ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു. ബും ബും ബോലെ എന്ന ​ഗാനവും അദ്ദേഹം ചിത്രത്തിനായി ആലപിച്ചിരുന്നു.

അബ്ബാസ് തൈരെവാലയുടെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ജാനെ തു യ ജാനെ ന എന്ന ചിത്രമാണ് താരം അവസാനമായി നിർമിച്ചത്. 3 ഇഡിയറ്റ്‌സ്, ദിൽ ചാഹ്താ ഹേ, ഹം ഹേ രാഹി പ്യാർ കേ, പികെ എന്നീ ചിത്രങ്ങളും പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയവയായിരുന്നു.